അന്നയുടെ വീട്; ഇഷ്ടങ്ങൾ...

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അന്ന രേഷ്മ രാജൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ആലുവയാണ് എന്റെ സ്വദേശം. സ്വന്തമായി ഒരുവീട് പണിയാനുള്ള ആലോചനയുടെ പണിപ്പുരയിലാണ് ഞാൻ. ഇപ്പോൾ താമസിക്കുന്നത് പരമ്പരാഗതശൈലിയിൽ പണിത ഞങ്ങളുടെ കുടുംബവീട്ടിലാണ്. ജനിച്ചതും വളർന്നതും അത്തരമൊരു വീട്ടിൽ ആയതുകൊണ്ടായിരിക്കാം നാടൻശൈലിയിലുള്ള ഓടിട്ട വീടുകളോടാണ് എനിക്ക് ഇഷ്ടം. വലിയ ആഡംബരവീടുകളോട് ഒട്ടും ഇഷ്ടമില്ല. 

നാലുകെട്ട് മാതൃകയിലുള്ള ഒരു വീടാണ് എന്റെ മനസ്സിലുള്ളത്. ഓടുമേഞ്ഞ, ധാരാളം കാറ്റും വെളിച്ചവുമൊക്കെ നിറയുന്ന അകത്തളങ്ങളുള്ള, പടിപ്പുരയും ഉമ്മറവും നടുമുറ്റവുമുള്ള ഒരു ചെറിയ കേരളവീട്... 

ലളിതമായി ഇന്റീരിയർ ചെയ്യാനാണ് ഇഷ്ടം. അത്യാവശ്യം വിശാലമാകണം എന്ന ആഗ്രഹം മാത്രമേയുള്ളൂ. ഒരുപാട് സാധനങ്ങൾ വീട്ടിനുള്ളിൽ വാരി നിറയ്ക്കുന്ന ഏർപ്പാടിനോട് താല്പര്യമില്ല. ക്യൂരിയോസിനോടൊന്നും വലിയ ഇഷ്ടമില്ല.

അത്യാവശ്യം ജീവിച്ചു പോകാനുള്ള പാചകമൊക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് പുതിയ വീട്ടിൽ, എനിക്ക് ഏറ്റവും കൂടുതൽ സ്പെയ്സ് വേണ്ടത് അടുക്കളയ്ക്കാണ്. പുറത്തേക്ക് നല്ല കാഴ്ച ലഭിക്കുന്ന ജനാലകൾ ഉണ്ടാകണം. മുറ്റവും പൂന്തോട്ടവും ഒക്കെ കണ്ട് ആസ്വദിച്ചു പാചകം ചെയ്യാനാണ് എനിക്കിഷ്ടം.

വീട്ടിലെ ഭക്ഷണത്തിലെ സ്ഥിരം അതിഥിയാണ് പാവയ്ക്ക. വീടിനു പിന്നിൽ അമ്മയ്ക്ക് ചെറിയൊരു പച്ചക്കറിത്തോട്ടമുണ്ട്. എന്റെ ഭാവി വീട്ടിലും ചെറിയൊരു പച്ചക്കറി തോട്ടമുണ്ടാക്കണം എന്നാണ് പ്ലാൻ.

ചെറിയ ഒരു പുൽത്തകിടി, അതിൽ കുറച്ചു റോസാച്ചെടികൾ, ഒരു സിറ്റിങ് സ്‌പേസ്..ഇത്രയുമാണ് ഗാർഡനെക്കുറിച്ചുള്ള എന്റെ സങ്കൽപ്പങ്ങൾ. 

ഞാനൊരു പ്രഫഷണൽ നഴ്‌സാണ്. പഠിച്ചത് വീടിനടുത്തുള്ള കളമശ്ശേരി കൊച്ചിൻ മെഡിക്കൽ കോളജിലാണ്. അതുകൊണ്ടു തന്നെ പഠനകാലയളവിൽ ഹോം സിക്നസ്സ് എന്താണെന്ന് അറിഞ്ഞിട്ടില്ല. എന്നുകരുതി വീട്ടിൽ അങ്ങനെ ചടഞ്ഞു കൂടിയിരിക്കാൻ ഒന്നും താൽപര്യമില്ല. യാത്രകൾ പോകാൻ ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട യാത്രകളുടെ സൗകര്യത്തിനായി കൊച്ചിയിൽ ഒരു ഫ്ലാറ്റ് എടുക്കാൻ പദ്ധതിയുണ്ട്. നല്ല കാഴ്ച ലഭിക്കുന്ന, പുറത്തെ മനോഹരകാഴ്ചകളും കാറ്റുമൊക്കെ ആസ്വദിച്ച് റിലാക്സ് ചെയ്യാൻ കഴിയുന്ന ബാൽക്കണിയൊക്കെയുള്ള ഒരു ഫ്ലാറ്റിനോടാണ് താൽപര്യം.  

Read more on Celebriy Home ഓർമയിലെ വീട്