'അച്ഛന്റെ ഓർമകൾ ഉറങ്ങുന്ന എന്റെ വീട്'

കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുമോൾ തന്റെ വീടോർമ്മകൾ പങ്കുവയ്ക്കുന്നു....ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള നടുവട്ടമാണ് എന്റെ സ്വദേശം. സത്യൻ അന്തിക്കാട് സിനിമകളിൽ ഒക്കെ കാണുന്ന ഗ്രാമത്തിന്റെ നേർപ്പകർപ്പാണ് എന്റെ നാട്. വീടിനോടും നാടിനോടും വളരെ വൈകാരികമായ ബന്ധമുള്ള വ്യക്തിയാണ്. അച്ഛന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ഇടം എന്ന നിലയിലും വീട് ഏറെ പ്രിയപ്പെട്ടതാണ്. അമ്മയും അനിയത്തിയും ഞാനുമാണ് വീട്ടിലുള്ളത്. 80 കളുടെ അവസാനം നാട്ടിൻപുറത്ത് വച്ചൊരു ടെറസ് വീടാണ് എന്റേത്. ഞാൻ നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അതിനുശേഷം വീടും ഞങ്ങൾക്ക് മരവിച്ച പോലെയായിരുന്നു. അച്ഛന്റെ സമാധി കടന്നാണ് വീട്ടിലേക്ക് കയറുന്നത്. 

വീടിനടുത്തുള്ള അമ്പലം, വായനശാല, വയലുകൾ, വീടിനു പുറത്തുള്ള മരങ്ങൾ..ഇതൊക്കെ എനിക്ക് പ്രിയപ്പെട്ടതാണ്. വീടിനേക്കാൾ അതിന്റെ ഇടങ്ങൾ, ചുറ്റുപാടുകൾ എന്നിവയോടാണ് എനിക്ക് പ്രിയം. നിറയെ കിളികളും മയിലുകളും അണ്ണാനുമൊക്കെ വിരുന്നെത്തുന്ന മുറ്റമാണ് വീടിന്റേത്. ചെറുപ്പത്തിൽ മുറ്റത്തുള്ള മരങ്ങളോടൊക്കെ ഞാൻ സംസാരിക്കുമായിരുന്നു. എന്തെങ്കിലും ദേഷ്യം വന്നാൽ അതും തീർക്കുന്നത് മരങ്ങളുടെ പുറത്തായിരുന്നു. അൽപനേരം കഴിഞ്ഞു ചെന്ന് സോറി പറഞ്ഞു സമാധാനിപ്പിക്കും. ഒരു മുത്തച്ഛൻ വേപ്പുമരമുണ്ട് തൊടിയിൽ. അതും നിറയെ ഓർമകളുമായി അങ്ങനെ നിൽക്കുന്നു. 

എൻജിനീയറിങ്ങിനു പഠിക്കാൻ കോയമ്പത്തൂർ പോയപ്പോഴാണ് വീട്ടിൽനിന്നും ആദ്യമായി കുറേക്കാലം മാറിനിൽക്കുന്നത്. കോളജിൽ അറ്റൻഡൻസ് വളരെ കുറവായിരുന്നു. എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഞാൻ വീട്ടിലേക്ക് മുങ്ങുമായിരുന്നു. വീട്ടിൽനിന്നും മാറിനിന്നപ്പോഴാണ് വീട് നമുക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മനസ്സിലായത്.

അമ്മയാണ് വീടിന്റെ രക്ഷാധികാരി. അത്യാവശ്യം ജീവിച്ചു പോകാനുള്ള പാചകമൊക്കെ ഞാനും കഴിഞ്ഞ വർഷം പഠിച്ചു തുടങ്ങി. എന്റെ കിടപ്പുമുറിയാണ് ഒരു ഫേവറിറ്റ് സ്‌പേസ്. അതുപോലെ സിറ്റ്ഔട്ടിലെ ഒരു കോർണറിൽ പുറത്തെ കാഴ്ചയൊക്കെ കിട്ടുന്ന ഒരിടമുണ്ട്. അവിടെ ഒരു കസേരയിട്ടാൽ റോഡിലൂടെ പോകുന്നവരെ കാണാം, മുറ്റത്തെ കിളികളെയും പച്ചപ്പും കാണാം. മനസ്സിന് എത്ര ടെൻഷനുണ്ടെങ്കിലും അവിടെ അല്പസമയം ഇരുന്നാൽ സമാധാനം തോന്നും.

20 വർഷങ്ങൾക്കുശേഷം അടുത്തിടെയാണ് വീട് വീണ്ടും പെയിന്റ് ചെയ്തത്. ഇന്റീരിയർ ഒക്കെ ഒന്ന് പരിഷ്കരിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് ഇപ്പോൾ. 

ഷൂട്ടിങ് ആവശ്യങ്ങൾക്കായി കൊച്ചിയിൽ താമസിക്കാറുണ്ട്. ജോലി കഴിഞ്ഞാൽ ഞാൻ നേരെ വീട്ടിലേക്കുള്ള വണ്ടി പിടിക്കും. ലോകത്തെവിടെ പോയാലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം എന്റെ വീടും നാടുമാണ്. കാരണം നമുക്ക് മുഖംമൂടികളില്ലാതെ നമ്മളായി ഇടപെടാൻ കഴിയുന്ന ഇടമാണ് നമ്മുടെ സ്വന്തം വീട്....