ജിപിയുടെ വീട്

ആദ്യമായി തമിഴിൽ അഭിനയിക്കുന്ന സിനിമ 'കീ' ഫെബ്രുവരിയിൽ റിലീസ് ആകുന്നതിന്റെ ത്രില്ലിലാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി.. സിനിമയിൽ ജീവയുടെ വില്ലനായാണ് ജിപിയുടെ അരങ്ങേറ്റം. മിനിസ്ക്രീനിനിലൂടെ കുറഞ്ഞ കാലത്തിനുള്ളിൽ കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയുമെല്ലാം പ്രിയപ്പെട്ട അവതാരകനായി മാറാൻ ജിപിക്ക് കഴിഞ്ഞു. ടിവി ഷോകളുടെ ഇടവേളകളിൽ സിനിമകൾ ചെയ്യുന്നു. 

പട്ടാമ്പിയിലുള്ള ജിപിയുടെ വീട് ഒരു കാഴ്ചാനുഭവമാണ്. പരമ്പരാഗത ശൈലിയിലുള്ള ലളിതസുന്ദരമായ വീട്. വേപ്പും സപ്പോട്ടയും തണൽ വിരിക്കുന്ന മുറ്റം. ഐശ്വര്യം നിറയുന്ന സാന്നിധ്യമായി തുളസിത്തറ. കിളികളുടെ കലപില നിറയുന്ന അന്തരീക്ഷം. മനസ്സിലേക്ക് പൊസിറ്റീവ് എനർജി ഒഴുകിയെത്തുന്ന വീടും അകത്തളങ്ങളും. ഗോവിന്ദിന്റെ പേരിലൊരു വഴിയുമുണ്ട് ഇവിടെ- ജിപിയുടെ വഴി! ആ വീട്ടുവിശേഷങ്ങളിലേക്ക്... 

തിരിച്ചു വിളിക്കുന്ന വീട്... 

ഏതാണ്ട് 40 വർഷങ്ങൾക്കുമുൻപ് മുത്തച്ഛൻ മേടിച്ച വീടാണിത്. കൂടല്ലൂരുകാരനായ മുത്തച്ഛൻ പട്ടാമ്പിയിലേക്ക് സ്‌റ്റേഷൻ മാസ്റ്ററായി വന്നപ്പോഴാണ് വീട് വാങ്ങുന്നത്. പിന്നെ ഇവിടെ ചുവടുറപ്പിക്കുകയായിരുന്നു. രണ്ടു ഘട്ടങ്ങളായി പുതുക്കിപ്പണിതാണ് വീട് ഇന്നത്തെ രൂപത്തിലേക്ക് മാറിയത്. 

ഓടിട്ട ഒരുനില വീടായിരുന്നു ആദ്യം. കാലപ്പഴക്കത്തിന്റെ അവശതകളും അസൗകര്യങ്ങളും ഉണ്ടായപ്പോഴാണ് ആദ്യമായി പുതുക്കിപ്പണിയുന്നത്. ഏതാണ്ട് 15 വർഷങ്ങൾക്ക് മുൻപ്. വെട്ടുകല്ല് കൊണ്ടുള്ള ഭിത്തികളും, തടി മച്ചും ഒക്കെയുള്ള വീട് പൂർണമായി പൊളിച്ചുകളയാൻ അച്ഛന് വിഷമമായിരുന്നു. അങ്ങനെയാണ് ആർക്കിടെക്ട് ജി ശങ്കറിനെ സമീപിക്കുന്നത്. പഴമയുടെ സൗന്ദര്യങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ടുതന്നെ അദ്ദേഹം വീടിനെ രണ്ടുനിലയായി മാറ്റിയെടുത്തു. സ്വീകരണമുറിയും ഊണുമുറിയും പുതിയ അടുക്കളയും അറ്റാച്ഡ് ബാത്റൂമുകളുള്ള രണ്ടു കിടപ്പുമുറികളും മുകൾനിലയിൽ ഒരു ഓപ്പൺ ബെഡ്‌റൂമും വീടിനു ലഭിച്ചു. മുകളിലെ ആ ഓപ്പൺ ബെഡ്‌റൂമായിരുന്നു എന്റെ സാമ്രാജ്യം.

പഴയ ഭിത്തികളുടെ പുനർക്രമീകരണത്തിലൂടെയാണ് അകത്തളത്തിൽ സ്ഥലലഭ്യത ഉറപ്പുവരുത്തിയത്. പഴയ തടി മച്ച് നിലനിർത്തണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ മേൽക്കൂരയ്ക്ക് ഉറപ്പുനൽകാൻ ഇരുമ്പഴികൾ നൽകി. ഇതിനെ മറച്ചുകൊണ്ട് തടി കൊണ്ടുള്ള പാനലിങ്ങും സുന്ദരമായ ഒരു മ്യൂറൽ പെയിന്റിങ്ങും നൽകി. അതോടെ സ്വീകരണമുറിയുടെ മുഖച്ഛായ തന്നെ മാറി. 15 വർഷത്തിനിപ്പുറവും ആ മ്യൂറൽ പെയിന്റിങ് നിറം മങ്ങാതെ നിലനിൽക്കുന്നു.

പുതിയ മുഖം....

രണ്ടുവർഷങ്ങൾക്കുമുൻപാണ് ഇന്റീരിയറും മുകൾനിലയിലെ എന്റെ സാമ്രാജ്യവും ഒന്നുകൂടി വിപുലപ്പെടുത്താം എന്ന് തീരുമാനിക്കുന്നത്. ആയിടയ്ക്കാണ് ആർക്കിടെക്ട് ബിജു ബാലന്റെ ചമൻ എന്ന വീട് കാണുന്നത്. പ്രകൃതിയോടും പച്ചപ്പിനോടും കെട്ടിപ്പുണർന്നു കിടക്കുന്ന വീട്. അങ്ങനെ മേൽനോട്ടം അദ്ദേഹത്തെ ഏൽപ്പിച്ചു. 

ഊണുമുറിയിലെ ഒരുവശത്തെ ഭിത്തി ഇടിച്ചുകളഞ്ഞു സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി. പാഷ്യോയുടെ സമീപമുള്ള മരത്തിനെ നിലനിർത്തി, ചുറ്റിനും ഗ്രില്ലുകൾ കൊണ്ട് പിരിയൻ ഗോവണി നൽകി. മുകളിൽ ഗ്ലാസ് റൂഫിങ് ചെയ്തു. പുറത്ത് വള്ളിച്ചെടികൾ പടർത്തി. മരത്തണലിൽ ഇരുന്നു വായിക്കാനും സംസാരിക്കാനും ഒരു ഡെക്ക് സ്‌പേസും ലഭിച്ചു. ഇവിടെ ഇരിപ്പിടങ്ങൾ നൽകി. അങ്ങനെ പച്ചപ്പിന്റെ ഇലക്കൈകൾ വീടിനുള്ളിലേക്ക് വിരുന്നെത്താൻ തുടങ്ങി. മുകളിലെ ഓപ്പൺ ടെറസിൽ ട്രസിട്ട് ഒരു ആട്ടുകട്ടിലും കൂടി ഒരുക്കി. 

മുകളിൽ രണ്ടു കിടപ്പുമുറികൾ കൂടി നിർമിച്ചു. മുകളിലെ പഴയ ഓപ്പൺ ബെഡ്‌റൂം ഫാമിലി ലിവിങ് സ്‌പേസ് ആക്കി മാറ്റി. പഴയ കട്ടിൽ എടുത്തുമാറ്റി രണ്ടലമാരകൾ ചേർത്തിട്ട് ഒരു ദിവാൻ ഫർണിച്ചറാക്കി മാറ്റി. അകത്ത് സ്‌റ്റോറേജ് സ്‌പേസും ലഭിച്ചു. അച്ഛൻ നന്നായി വായിക്കുന്ന വ്യക്തിയാണ്. അങ്ങനെ പുസ്തകങ്ങൾ സൂക്ഷിക്കാനായി ഒരു ലൈബ്രറി സ്‌പേസും സജ്ജീകരിച്ചു. പഴയ ഒരു വലിയ മേശയുടെ കാലുവെട്ടി ചെറുതാക്കി. ഇതിനു മുകളിൽ  ഞാൻ പണ്ട് പഠിച്ചിരുന്ന  തബലയും ഹാർമോണിയവും എടുത്തുവച്ചു. അതോടെ മുകൾനിലയുടെ ലുക്& ഫീൽ തന്നെ മാറി! ഈ മാറ്റങ്ങളുടെയെല്ലാം മാസ്റ്റർമൈൻഡ് എന്റെ അച്ഛനാണ്. ആശയങ്ങളുടെ കലവറയാണ് അച്ഛൻ.

അടുത്തിടെ മുകളിലെ എന്റെ മുറി ഒന്നുകൂടി വിപുലപ്പെടുത്തി. ജക്കൂസി സൗകര്യമുള്ള ബാത്റൂം ഒരുക്കി. അടുത്ത മുറിയിൽ ഡോൾബി അറ്റ്മോസ് മികവുള്ള ഹോം തിയറ്റർ സജ്ജീകരിച്ചു. ചെറിയ ജിം സെറ്റപ്പ് ചെയ്തു. ഊണുമുറിയിൽ ഒരു ഭിത്തി മുഴുവൻ ട്രോഫികൾ സൂക്ഷിക്കാനായി ഗ്ലാസും എൽഇഡി ലൈറ്റുകളും കൊണ്ട് അലങ്കരിച്ച ഒരു ഷോകെയ്സ് ഉണ്ടാക്കി. ഇത്രയും ഏൽപ്പിച്ചത് D-Lifeനെയാണ്. ചുരുക്കത്തിൽ നമ്മുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പ്രതിഫലിക്കുന്ന ഇടമായി വീട് മാറുമ്പോൾ ലഭിക്കുന്ന സംതൃപ്തി ഒന്നുവേറെതന്നെയാണ്.

ജിപിയുടെ വഴി...

മിക്ക ടിവി പരിപാടികളുടെയും ഷൂട്ട് കൊച്ചിയിലായിരിക്കും. അതുകഴിഞ്ഞു വണ്ടിയോടിച്ചു വീട്ടിലെത്തുമ്പോഴേക്കും അതിരാവിലെയാകും. അച്ഛനെയും അമ്മയെയും വിളിച്ചുണർത്തി ബുദ്ധിമുട്ടിക്കാതെ, വീടിന്റെ വശത്തെ പാഷ്യോയിലെ പിരിയൻ ഗോവണി വഴി മുകളിലെ എന്റെ മുറിയിലേക്കെത്താം. അങ്ങനെ വീടിന്റെ വശത്തു കൂടെയുള്ള നടപ്പാതയ്ക്ക് അച്ഛനിട്ട പേരാണ് ജിപിയുടെ വഴി.

വീട് എന്ന സ്വർഗം...

അച്ഛൻ ഗോവിന്ദ് മേനോൻ കാത്തലിക് സിറിയൻ ബാങ്കിൽ നിന്നും മാനേജരായി വിരമിച്ചു. അമ്മ മാലതി ബിഎസ്എൻഎല്ലിൽ എൻജിനീയറാണ്. അനുജൻ ഗോവിന്ദ് അമൃതസൂര്യ എൻജിനീയറിങ് ബിരുദധാരിയാണ്.

തിരക്കിൽ നിന്നും ഓടിയൊളിച്ച് അലസമായി ചെലവഴിക്കാനുള്ള ഇടമാണ് എനിക്ക് വീട്. വീടിനോട് അത്രത്തോളം ആത്മബന്ധമുള്ളതുകൊണ്ടാണ് കൊച്ചിയിൽ ഒരു ഫ്ളാറ്റ് മേടിച്ചുകൂടെ എന്ന് പലരും നിർബന്ധിച്ചിട്ടും വഴങ്ങാതെ എത്ര വൈകിയാലും കിലോമീറ്ററുകൾ വണ്ടിയോടിച്ച് പട്ടാമ്പിയിലെ വീട്ടിലേക്ക് എത്തുന്നത്. വീട്ടിൽ പ്രിയപ്പെട്ടവരുടെ ഒപ്പം നമുക്ക് ലഭിക്കുന്ന സന്തോഷം സമാധാനം സ്വാതന്ത്ര്യം ഒന്നും മറ്റൊരിടത്തിനും തരാനാകില്ല.

അടിസ്ഥാനപരമായി ഞാനൊരു പട്ടാമ്പിക്കാരനാണ്. എന്റെ ബാല്യകാല ഓർമകൾ എല്ലാം ജനിച്ചു വളർന്ന ഈ വീട്ടിലും നാട്ടിലുമാണ്.. എത്ര 'യോയോ' കളിച്ചാലും അവസാനം നമ്മൾ വരേണ്ടത് ഇവിടേക്ക് തന്നെയാണ്. അതുകൊണ്ടായിരിക്കാം ലോകത്തെവിടെ പോയാലും വീടും നാടും എന്നെ തിരിച്ചു വിളിക്കുന്നത്.