മൃദുലയുടെ വീട്ടുവിശേഷങ്ങൾ

മിനി സ്‌ക്രീനിലൂടെ ശ്രദ്ധേയയായ മൃദുല വിജയ് തന്റെ വീടിനെകുറിച്ചുള്ള ഇഷ്ടങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു....

മൃദുല വിജയ്, മിനിസ്‌ക്രീനിലെ ഈ തിരക്കുള്ള താരം, ഏത് ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാലും ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.  ഷൂട്ടിങ് നടക്കുന്ന വീടുകളുടെ സ്റ്റൈൽ, ഫർണീച്ചറുകളുടെ അറേഞ്ച്മെന്റ്, പൂന്തോട്ടത്തിന്റെ നിർമാണം തുടങ്ങിയ കാര്യങ്ങൾ. കാരണം വളരെ ചെറുപ്പം മുതൽക്ക് തന്റെ സ്വപ്നഭവനത്തെ പറ്റി ഏറെ ചിന്തകൾ ഉള്ള വ്യക്തിയാണ് മൃദുല വിജയ്. 

ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തെ അപാർട്മെന്റ് നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി എട്ടു കിലോമീറ്റർ അകത്തേക്കുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ്. പുലർച്ചെ മഞ്ഞു പെയ്യുന്ന കാഴ്ച നേരിട്ട് കണ്ടിട്ടാണ് മൃലയുടെ ഓരോ പ്രഭാതവും ആരംഭിക്കുന്നത്. ഷൂട്ടിങ് തിരക്കുകളിൽ നിന്നും മാറി വീട്ടിൽ എത്തി, ഇത്തരമൊരു അന്തരീക്ഷത്തിൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ കിട്ടുന്ന സുഖവും സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ് എന്ന് മൃദുല പറയുന്നു. അതിനാൽ തന്റെ സ്വപ്നഭവനവും ഇത്തരത്തിൽ ഒരു അന്തരീക്ഷത്തിൽ നിർമിക്കാനാണ് മൃദുലക്ക് ഇഷ്ടം. 

അമേരിക്കൻ ആർക്കിടെക്ച്ചറിനോട് പ്രണയം... 

സ്വന്തമായി ഒരു വീട് പണിയണം എന്ന് ആഗ്രഹം തുടങ്ങിയ കാലം മുതൽക്ക് മനസ്സിൽ കയറിക്കൂടിയതാണ് അമേരിക്കൻ ആർക്കിടെക്ച്ചറിനോടുള്ള ഇഷ്ടം. ഉയർന്ന മേൽക്കൂരയും, കൂടുതൽ ഓപ്പൺ ഏരിയയും ഉള്ള അത്തരത്തിൽ ഒരു വീട് കേരളത്തിൽ എത്രമാത്രം യോജിച്ചതാണ് എന്ന് എനിക്കറിയില്ല. എന്നാൽ വീട് വയ്ക്കുമ്പോൾ ആ രീതി പിന്തുടരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കിച്ചനും ഡൈനിംഗ് ഹാളും ഓപ്പൺ ആയിരിക്കണം. 

അച്ഛനും അമ്മയ്ക്കും ട്രഡീഷനൽ രീതിയിലുള്ള വീടുകളോടാണ് താൽപര്യം. അതിനാൽ അവരുടെ ഇഷ്ടങ്ങളും സംരക്ഷിക്കണമല്ലോ. അതിനാൽ അമേരിക്കൻ, കേരള എന്നീ രണ്ടു സ്റ്റൈലുകളും കോർത്തിണക്കി ഒരു വീട് നിർമിക്കാൻ കഴിഞ്ഞാൽ അതും സന്തോഷം. ഓരോ ഷൂട്ടിങ് ലൊക്കേഷനിലും ഞാൻ വീടുകളെ വിലയിരുത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുന്നത് ഇത്തരം വ്യത്യസ്ത മാതൃകകൾ ഉണ്ടോ എന്നാണ്. 

സ്‌പേഷ്യസ് ആവണം... 

വീട് നല്ല സ്‌പേഷ്യസ് ആവണം. ഫർണിച്ചറുകൾ എല്ലാം ഇട്ട ശേഷവും വീട്ടിൽ നിറയെ സ്ഥലം വേണം. തിങ്ങിക്കൂടിയ അവസ്ഥ ഉണ്ടാകരുത് അതെനിക്ക് നിർബന്ധമുള്ള കാര്യമാണ്. എന്റെ ഭാഷയിൽ പറഞ്ഞാൽ വീടിനു ശ്വസിക്കാൻ കഴിയണം.

സിറ്റിക്കും ഗ്രാമത്തിനും ഇടയിൽ... 

വീടിനു സ്ഥലം തെരഞ്ഞെടുക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. സിറ്റിയിലെ തിരക്കുള്ള ജീവിതത്തോട് എനിക്ക് വലിയ താൽപര്യമില്ല. എന്നാൽ തനി ഗ്രാമ പ്രദേശത്തേക്ക് പോകാനും വയ്യ. സിറ്റിക്കും ഗ്രാമത്തിനും ഇടക്കായുള്ള ഒരു സ്ഥലമാണ് ഞാൻ നോക്കുന്നത്. ഷോപ്പിംഗ്, ബേക്കറി, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങളിലേക്ക് അധികം ഡ്രൈവ് ചെയ്യാതെ തന്നെ എത്തിച്ചേരാൻ കഴിയണം.

അലമാര നിറയെ വീടിന്റെ പ്ലാനുകൾ... 

ഞാൻ ഇപ്പോൾ പഠിക്കുന്നത് സൈക്കോളജി ആണ് എങ്കിലും, സ്‌കൂൾ പഠനകാലത്ത് താൽപര്യം മുഴുവൻ സിവിൽ എൻജിനീയറിംഗിൽ ആയിരുന്നു. അക്കാലം മുതൽക്ക് ഞാൻ എന്റെ സ്വന്തം വീട് എന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ്. അതിനാൽ പല തരത്തിലുള്ള വീടിന്റെ പ്ലാനുകൾ ഞാൻ വരക്കുമായിരുന്നു. അതിൽ ഒറ്റ നില വീടുകളും രണ്ടുനില വീടുകളും എല്ലാം ഉൾപ്പെടും. അത്തരത്തിൽ ഞാൻ വരച്ച വീടിന്റെ നിരവധി പ്ലാനുകൾ അലമാരയിൽ കാണും. 

പൂന്തോട്ടം നിർബന്ധം... 

പൂക്കൾ കാണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. പണ്ടൊക്കെ പൂന്തോട്ടത്തിന്റെ ചുമതല വീട്ടിൽ എനിക്കും അനിയത്തിക്കും ആയിരുന്നു. ഇപ്പോൾ അപ്പാർട്മെന്റിലെ ജീവിതത്തിൽ പൂന്തോട്ട നിർമാണം ഒന്നും നടക്കില്ല. അതിനാൽ സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുമ്പോൾ അത്യാവശ്യം നല്ലൊരു പൂന്തോട്ടം വേണം എന്ന ആഗ്രഹം ഉണ്ട്. കൃഷിയിൽ എനിക്ക് വലിയ താൽപര്യം ഇല്ല. എന്നാൽ അമ്മക്ക് ഇഷ്ടമാണ്, അതിനാൽ ഒരു കൊച്ചു അടുക്കളത്തോട്ടവും വേണം