മനോജ് ഗിന്നസിന്റെ വീട്ടുവിശേഷങ്ങൾ

മിമിക്രി താരവും നടനുമായ മനോജ് ഗിന്നസ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

എറണാകുളം ജില്ലയിലെ കരിമുഗളാണ് എന്റെ സ്വദേശം. അച്ഛൻ ചോതി കൂലിപ്പണിക്കാരനായിരുന്നു. അമ്മ കാർത്യായനി വീട്ടമ്മയും. എനിക്ക് മൂന്നു സഹോദരങ്ങളുണ്ട്. വിനോജ്, അനിൽ, അജിത്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു. ചെറിയ ഒരു വീട്ടിലായിരുന്നു ഞങ്ങൾ കഴിഞ്ഞുകൂടിയത്. എങ്കിലും ആർക്കും പരാതിയോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല.

അമ്പലമുഗൾ തന്നെയായിരുന്നു സ്‌കൂൾ പഠനം. കോളജ് പഠനം ആലുവയിലും. സ്‌കൂൾ- കോളജ് കാലഘട്ടത്തിൽതന്നെ മിമിക്രിയിൽ സജീവമായിരുന്നു. അക്കാലത്തെ പ്രശസ്ത മിമിക്രി ട്രൂപ്പായ കൊച്ചിൻ ഗിന്നസിൽ പ്രവർത്തിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അങ്ങനെ അതിനെ പേരിനൊപ്പം കൂട്ടി. പിന്നീട് സ്റ്റേജ് ഷോകൾ ചെയ്തു മിനി സ്‌ക്രീനിലേക്കെത്തി. സഹോദരൻ അജിത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നു. ചാർമിനാർ എന്ന ചിത്രം സംവിധാനം ചെയ്തു.

എന്റെ ഭാര്യ ശ്രുതി വീട്ടമ്മയാണ്. മകൻ ഇഷാൻ മൂന്നാം ക്‌ളാസിൽ പഠിക്കുന്നു.

ആശിച്ചു വീടുവച്ചു...പക്ഷേ...

മിമിക്രിയിലൂടെ സമ്പാദിച്ച പണം കൊണ്ടാണ് പത്തുവർഷം മുൻപ് ഞാൻ വീടുവച്ചത്. അമ്പലമുഗളിൽ കുടുംബവീടിന്റെ സമീപം ഓഹരിയായി കിട്ടിയ അഞ്ചു സെന്റ് സ്ഥലത്താണ് ഇരുനില വീട്. ഒരുപാട് സ്വപ്നം കണ്ടാണ് ഞങ്ങൾ ആ വീട് യാഥാർഥ്യമാക്കിയത്. 2300 ചതുരശ്രയടിയിൽ അഞ്ചു കിടപ്പുമുറികളുള്ള വീടാണ്. അടുത്തിടെ ഞങ്ങൾ വീടൊന്നു പുതുക്കിപ്പണിയുകയും ചെയ്തു. പഴയ മാർബിൾ മാറ്റി ടൈൽ പാകി. പെയിന്റ് അടിച്ചു..   പക്ഷേ അവിടെ സ്ഥിരമായി താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ.

വീടിനു സമീപം ഒരു ഫാക്ടറിയുണ്ട്. അവിടെനിന്നുള്ള വിഷപ്പുകയും മലിനീകരണവും കാരണം മകന് ശ്വാസകോശ അസുഖങ്ങൾ വിട്ടുമാറാതെയായി. അങ്ങനെ ഞങ്ങൾ ഇപ്പോൾ നെടുമ്പാശേരിയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസം. ആഴ്ചയിൽ മൂന്നു ദിവസം ഞാനും ഭാര്യയും വീട്ടിൽ പോകും. പിന്നെ സമീപം അച്ഛനും അമ്മയും താമസം ഉള്ളതുകൊണ്ട് നോക്കാൻ ആളുണ്ട് എന്നൊരാശ്വാസമുണ്ട്.   

നെടുമ്പാശേരിയിൽ നിന്നും കരിമുഗൾ വരെയുള്ള യാത്രയാണ് ഇപ്പോൾ പ്രശ്‌നം. കാക്കനാട്ട് ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് താമസം മാറാനുള്ള പദ്ധതിയുമുണ്ട്. പക്ഷേ നാട്ടിൽ ഉണ്ടായിട്ടും ആശിച്ചു മോഹിച്ചു പണിത വീട്ടിൽ സ്ഥിരമായി താമസിക്കാൻ കഴിയാത്തത് തീരാവേദന തന്നെയാണ്.