ഞങ്ങളുടെ മനസ്സാണ് ആ വീട്: സാധിക

നടിയും മോഡലുമായ സാധിക വേണുഗോപാൽ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കോഴിക്കോട് ജില്ലയിൽ പൊറ്റമ്മൽ ആണ് എന്റെ സ്വദേശം. അച്ഛൻ വേണുഗോപാൽ ആർക്കിടെക്ട് ആണ്. അമ്മ രേണുക ആർട്ടിസ്റ്റും. എനിക്കൊരു സഹോദരൻ വിഷ്ണു. അച്ഛന്റെ നാട് ഫറോക്ക് ആണ്. അച്ഛൻ കുറഞ്ഞ ബജറ്റിൽ പണിയുന്ന വീടുകളുടെ പ്രചാരകനായിരുന്നു. ഒന്നര സെന്റിലൊക്കെ ചെറിയ ബജറ്റിൽ വീട് പണിതു കൊടുത്തിട്ടുണ്ട്. ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അധികം പ്ലാനുകൾ വരയ്ക്കാറില്ല. ഇപ്പോൾ തിരക്കഥ എഴുത്തിന്റെ പണിപ്പുരയിലാണ്. 

എന്റെ സ്‌കൂൾ കാലം കോഴിക്കോട്ടായിരുന്നു. കോളജ് കോയമ്പത്തൂരിലും. ആ സമയത്ത് ചെറിയ തോതിൽ മോഡലിംഗ് ചെയ്തിരുന്നു. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്കെത്തുന്നത്.

അച്ഛൻ പണിത വീട്... 

അമ്മയുടെ നാടാണ് പൊറ്റമ്മൽ. അമ്മയുടെ തറവാടിന് സമീപം അച്ഛൻ വീട് പണിയുകയായിരുന്നു. 2008 ലാണ് ആ വീട് പണിതത്. മാനസം എന്നാണ് വീടിന്റെ പേര്. പേരുപോലെ തന്നെ ഞങ്ങളുടെ മനസ്സിന്റെ ആഗ്രഹങ്ങളാണ് ആ വീട്ടിൽ പ്രതിഫലിക്കുന്നത്. ചെറിയ പ്ലോട്ടാണ്. സമീപത്തു വീടുകളുണ്ട്. ഈ പോരായ്മ എല്ലാം പരിഹരിച്ചു കൊണ്ടാണ് വീട് പണിതത്. അകത്തേക്ക് കയറിയാൽ ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന് പറയുകയേയില്ല.

പരമ്പരാഗത ശൈലിയിൽ പടിപ്പുര നൽകിയിട്ടുണ്ട്. കാറ്റും വെളിച്ചവും കയറാൻ നിരവധി ഗ്രില്ലുകളും ഗ്ലാസ് ജാലകങ്ങളും നൽകിയിട്ടുണ്ട്. മുകൾനിലയിൽ വില്ലഴികൾ നൽകിയ ബാൽക്കണിയുണ്ട്. കാറ്റേറ്റ് ഇവിടെ ഇരിക്കാൻ പ്രത്യേക സുഖമാണ്. രണ്ടു നിലകളിലായി നാലു കിടപ്പുമുറികളുണ്ട്. മുകൾ നിലയിലേക്ക് പ്രത്യേകം വാതിലുണ്ട്. ഒരേ സ്ട്രക്ച്ചറിൽ പണിതിട്ടും രണ്ടു വീടുകളാക്കി മാറ്റാൻ കഴിയും. എനിക്കും അച്ഛനും കിട്ടിയ ചെറിയ പുരസ്‌കാരങ്ങളാണ് സ്വീകരണമുറി അലങ്കരിക്കുന്നത്.

ഓരോ മുറികളിലും ഹൈലൈറ്റർ നിറങ്ങൾ നൽകുന്ന ട്രെൻഡ് അടുത്തിടെയാണ് വന്നത്. എന്നാൽ പത്തുവർഷങ്ങൾക്കു മുമ്പുതന്നെ അച്ഛൻ വീട്ടിൽ അത് പ്രാവർത്തികമാക്കിയിരുന്നു. വീടു പണിയാൻ ആരെങ്കിലും സമീപിക്കുമ്പോൾ സ്വന്തം വീടുതന്നെയായിരുന്നു അച്ഛൻ റഫറൻസിനു കാണിച്ചിരുന്നത്.

ഫ്ലാറ്റ് ജീവിതം...

ഭർത്താവ് ബിബിൻ മനാരി തിരൂരുകാരനാണ്. ഇപ്പോൾ ബിസിനസ് ചെയ്യാനായി ആലുവയിൽ സ്ഥിരതാമസമാണ്. വിവാഹശേഷം ഞങ്ങൾ ആലുവയിൽ ഒരു 2 BHK ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു മാറി. വാടക വീടാണെങ്കിലും ഞങ്ങളുടേതായ ഇടങ്ങൾ ഞങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. എനിക്ക് കുറച്ചു വളർത്തു മൃഗങ്ങളുണ്ട്. ആമയാണ് അതിൽ പ്രധാനി. അവനെ ഇപ്പോൾ ഫ്ളാറ്റിലെ അക്വേറിയത്തിലാണ് സൂക്ഷിക്കുന്നത്. എങ്കിലും മണ്ണിൽ ചവിട്ടി വളർന്നതുകൊണ്ട് വീട് ശരിക്കും മിസ് ചെയ്യുന്നുണ്ട്.

അച്ഛൻ പണിയണം ആ വീട്...

ആർക്കിടെക്ടിന്റെ മകൾ ആയതുകൊണ്ട് സ്വന്തമായി പണിയുന്ന വീടിനെക്കുറിച്ച് എനിക്ക് കുറച്ചു സങ്കൽപ്പങ്ങളുണ്ട്. ഞാനും ചെറുപ്പത്തിൽ അൽപം വരയ്ക്കുമായിരുന്നു. പിന്നെ കൈവിട്ടുപോയി. അച്ഛൻ പൊറ്റമ്മൽ നിർമിച്ച വീടുപോലെ നമ്മുടെ കയ്യൊതുക്കത്തിൽ നിൽക്കുന്ന ഒരു കൊച്ചുവീട്. ഒരു നടുമുറ്റം വേണം. നിറയെ കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങൾ വേണം. അൽപം സമ്പാദ്യമായ ശേഷം തറവാടിനടുത്ത് തന്നെ വീട് പണിയാനാണ് പദ്ധതി. പ്ലാനും അച്ഛനെ കൊണ്ട് വരപ്പിക്കണം.