കഷ്ടപ്പാട് കണ്ടു ദൈവം തന്ന വീടുകൾ: ഗിന്നസ് പക്രു

ഉയരക്കുറവിനെ വെല്ലുവിളിച്ച് ഗിന്നസിന്റെ തലപ്പൊക്കത്തോളം വളർന്ന പക്രു വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തി ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസിന്റെ തലപ്പൊക്കത്തോളം വളർന്ന കഥയാണ് അജയകുമാർ എന്ന ഗിന്നസ് പക്രുവിന് പറയാനുള്ളത്. ഒരു സിനിമയിൽ നായകവേഷം കൈയ്യാളിയ ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ, കേരള, തമിഴ്നാട് സർക്കാരുകളുടെ സിനിമ പുരസ്കാരങ്ങൾ തുടങ്ങി ഉയരമുള്ള ബഹുമതികൾ ഏറെയുണ്ട് പക്രുവിന്റെ ശിരസ്സിൽ...പക്രു തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

കുടുംബം...

കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ രാധാകൃഷ്ണ പിള്ള, അമ്മ അംബുജാക്ഷിയമ്മ...എനിക്കു രണ്ട് ഇളയസഹോദരിമാർ, കവിതയും സംഗീതയും...അച്ഛൻ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ടെലിഫോൺ ഓഫിസിൽ കരാർ ജീവനക്കാരിയും. അത്യാവശ്യം ദാരിദ്ര്യമുള്ള കുടുംബപശ്‌ചാത്തലമായിരുന്നു. ഞാൻ ജനിച്ചു കുറച്ചു വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ കുടുംബമായി അമ്മയുടെ നാടായ കോട്ടയത്തേക്ക് താമസം മാറി. പിന്നീട് അമ്മയ്ക്ക് സ്ഥലം മാറ്റം കിട്ടുന്നതിനനുസരിച്ച് വാടകവീടുകളിലായിരുന്നു ജീവിതം. 2006 ലായിരുന്നു വിവാഹം. ഭാര്യ ഗായത്രി മോഹൻ. മകൾ ദീപ്ത കീർത്തിക്ക് എട്ടുവയസ്സ്.

മനോരമ തന്ന സ്‌നേഹവീട്...

ഏകദേശം 14 വർഷത്തോളം വാടകവീടുകളിൽ താമസിച്ച ശേഷമാണ് ഞങ്ങൾക്ക് കോട്ടയത്ത് സ്വന്തമായി ഒരു വീട് ലഭിക്കുന്നത്. അതിനുപിന്നിൽ മനോരമ ചീഫ് എഡിറ്ററായിരുന്ന കെ എം മാത്യു സാറിന്റെ സ്നേഹവുമുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ ഞാൻ മനോരമയുടെ ബാലജനസഖ്യത്തിൽ സജീവമായിരുന്നു. മൂന്നു തവണ അടുപ്പിച്ച് സംസ്ഥാന പ്രതിഭയായപ്പോൾ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ വച്ചാണ് എനിക്കു വീടില്ല എന്ന വിവരം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം മുൻകൈയെടുത്ത് എനിക്കു കോട്ടയത്ത് ഒരു ചെറിയ വീട് പണിതു തന്നു. അങ്ങനെ മനോരമയുടെ സ്നേഹത്തിലാണ് എനിക്ക്‌ സ്വന്തമെന്നു പറയാൻ ആദ്യമായി ഒരു വീടുണ്ടാകുന്നത്.

വാടകവീട്ടിൽ നിന്നും മുതലാളിയിലേക്ക്...

കോളജ് കാലമെത്തിയപ്പോഴേക്കും കലാകാരൻ എന്ന നിലയിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ കാലത്തുതന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത് രണ്ടായിരത്തിനുശേഷമാണ്. സമ്പാദ്യമായി തുടങ്ങിയപ്പോൾ ഞാൻ കോട്ടയത്തു മറ്റൊരു വീട് മേടിച്ചു. മുകളിലേക്ക് പുതുക്കിപ്പണിതു. പിന്നെ കുറെ വർഷങ്ങൾ ആ വീട്ടിലായിരുന്നു ജീവിതം. ശേഷം മീനച്ചിലാറിന്റെ തീരത്ത് മറ്റൊരു വീടും സ്ഥലവും മേടിച്ചു. ഞാൻ താമസിച്ചിരുന്ന വീട് വാടകയ്ക്ക് കൊടുത്തു. അങ്ങനെ വർഷങ്ങളോളം വാടകക്കാരനായിരുന്ന ഞാൻ വാടക മുതലാളിയായി!...

കൊച്ചി വീട്...

സിനിമ ചിത്രീകരണങ്ങൾ കൂടുതലും കൊച്ചിയിലായപ്പോൾ യാത്ര  ബുദ്ധിമുട്ടായി തുടങ്ങി. അങ്ങനെയാണ് ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപം ഒരു വീട് മേടിക്കുന്നത്. അങ്ങനെ ഒന്നുമില്ലായ്മയിൽ വളർന്ന എനിക്ക്‌ സ്വന്തമായി മൂന്ന് വീടുകളായി. എല്ലാം ഈശ്വരാധീനം എന്ന് കരുതാനാണ് എനിക്കിഷ്ടം.

എല്ലാം സാധാരണ പോലെ...

പലരും ചോദിക്കാറുണ്ട് വീട്ടിൽ എനിക്കുവേണ്ടി പ്രത്യേക സൗകര്യങ്ങൾ വല്ലതും ഒരുക്കിയിട്ടുണ്ടോ എന്ന്. ഇല്ല എന്നതാണ് ഉത്തരം. കസേരയും ഊണുമേശയും വാഷ് ബേസിനും സ്വിച്ചുമെല്ലാം സാധാരണ വീടുകളിൽ കാണുന്ന അതേ ഉയരത്തിൽത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. എന്റെ കൂടെ നിഴലായി ഭാര്യയും മകളും സഹായികളുമുണ്ട്. എനിക്ക്‌ ലഭിച്ച പുരസ്‌കാരങ്ങൾ മാത്രമാണ് വീട്ടിൽ അലങ്കാരമായി വച്ചിരിക്കുന്നത്. കഷ്ടപ്പാടിൽ വളർന്നുവന്നതുകൊണ്ട് ഒരുപാട് അലങ്കാരങ്ങൾ വീടിനുള്ളിൽ കുത്തിനിറയ്ക്കുന്നതിനോട് താൽപര്യമില്ല. 

മനസ്സിലുണ്ട് ഒരു വീട്...

എന്നെ പോലെ ശാരീരിക പരിമിതികൾ അനുഭവിക്കുന്നവർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു വീട് എന്റെ മനസ്സിലുണ്ട്. ഞാൻ അതേക്കുറിച്ച് ചില സുഹൃത്തുക്കളുമായി സംസാരിച്ചിട്ടുമുണ്ട്. ആ വീട് ശാരീരിക പരിമിതിയുള്ള അനേകായിരങ്ങൾക്കും സാധാരണ ജീവിതം നയിക്കാൻ ഒരു മാതൃകയാകണം എന്നാണ് എന്റെ ആഗ്രഹം.സമയമാകുമ്പോൾ അത്തരമൊരു വീടും ഞാൻ സഫലമാക്കും...