മമ്മൂക്ക തന്ന ഉപദേശമാണ് ഈ വീട്: തെസ്നി

തെസ്‌നി ഖാൻ ആദ്യ സിനിമയിൽ അഭിനയിച്ചിട്ട് മുപ്പതു വർഷം കഴിഞ്ഞു. എന്നാൽ അതിന്റെ തലക്കനമൊന്നും ഇല്ലാതെ ഇപ്പോഴും ചിരിപ്പിച്ചും കരയിപ്പിച്ചും തെസ്നി യാത്ര തുടരുന്നു. ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന വീട് സഫലമാക്കിയതിന്റെ സന്തോഷത്തിലുമാണ് താരം. തെസ്‌നിയുടെ വീട്ടുവിശേഷങ്ങളിലേക്ക്...

കോഴിക്കോട് ഗാന്ധിറോഡ് എന്ന സ്ഥലത്തായിരുന്നു ഉപ്പയുടെ തറവാട്. ഉപ്പ അലിഖാൻ പ്രശസ്ത മജീഷ്യനായിരുന്നു. ഉമ്മ റുഖിയ വീട്ടമ്മയും. എനിക്കൊരു സഹോദരി സെഫ്‌നി ഖാൻ.

നാലാം ക്‌ളാസ് വരെ ഞാൻ ഉമ്മയുടെ തറവാട്ടിൽ നിന്നാണ് പഠിച്ചത്. ഉപ്പയും ഉമ്മയും അനിയത്തിയും എറണാകുളത്തും. ഒരുപാട് അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു അമ്മയുടേത്. മുത്തച്ഛന് വൈദ്യശാല ഉണ്ടായിരുന്നു. വീട്ടിൽ എപ്പോഴും ഒരു കല്യാണത്തിനുള്ള പോലെ ആൾത്തിരക്കുണ്ടാകും. 

ഉപ്പ എപ്പോഴും യാത്രകളിൽ ആയിരിക്കും. പിന്നീട് കൊച്ചിയിൽ തമ്മനത്തു വാടക വീട് എടുത്തു സ്ഥിരതാമസമാക്കി. അപ്പോഴെല്ലാം സ്വന്തമായി ഒരു വീട് സ്വപ്നമായി അവശേഷിച്ചു. എറണാകുളത്തെത്തിയ ശേഷമാണു എന്റെ ജീവിതത്തിലെ വഴിത്തിരിവുകൾ ഉണ്ടാകുന്നത്. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഡെയ്‌സി എന്നൊരു സിനിമയിൽ അഭിനയിച്ചു. കോളജ് കാലം എറണാകുളം സെന്റ് തെരേസാസിൽ ആയിരുന്നു. ആ സമയത്ത് കലാഭവനിലെ ആബേലച്ചനെ കണ്ടുമുട്ടിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. കലാഭവനിലൂടെ സ്റ്റേജിൽ സജീവമായി. പിന്നീട് സിനിമകളിലും.

തറവാട്ടിലെ എല്ലാവരും വിവാഹം കഴിച്ചു ഭാഗംപറ്റി പിരിഞ്ഞു പോയി. ഇപ്പോൾ ഉമ്മയുടെ സഹോദരനും കുടുംബവുമാണ് അവിടെ താമസം.

മമ്മൂക്ക തന്ന ഉപദേശം...

വർഷങ്ങൾ കടന്നു പോയി. അച്ഛൻ മരിച്ചു. സഹോദരി വിവാഹിതയായി. വാടകവീട്ടിൽ ഞാനും ഉമ്മയും തനിച്ചായി. ആയിടയ്ക്കാണ് ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത്. സാമ്പത്തിക കാര്യങ്ങൾ ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വന്തമായി ഒരു വീട് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും അന്ന് മമ്മൂക്ക ഉപദേശിച്ചു. അത് എനിക്ക് ഒരുപാട് സഹായകരമായി. ഓരോ സിനിമ കഴിയുമ്പോഴും ചെറിയ തുകകൾ സ്വരുക്കൂട്ടി തുടങ്ങി.

തമ്മനത്ത് പണി തുടങ്ങിയ ഒരു ഫ്ലാറ്റിനു അഡ്വാൻസ് കൊടുത്തു. പണിയുടെ ഓരോ ഘട്ടങ്ങളിലും തുക കൈമാറിയാൽ മതി എന്നുള്ളത് സഹായകരമായി. അപ്പോഴൊക്കെ ദൈവാധീനം പോലെ അടുപ്പിച്ച് സിനിമകൾ വന്നുകൊണ്ടിരുന്നു. അങ്ങനെ മൂന്ന് വർഷം മുൻപ് എനിക്കും സ്വന്തമായി തലചായ്ക്കാൻ ഒരു വീടായി. ഞങ്ങൾ ഏറെക്കാലം വാടകയ്ക്ക് താമസിച്ച തമ്മനത്തു തന്നെയാണ് 900 ചതുരശ്രയടിയുള്ള 2 BHK ഫ്ലാറ്റ്. ആഷിയാന എന്നാണ് ഫ്ലാറ്റിന്റെ പേര്.

  

എന്റെ സ്വർഗം...

പണിയുടെ തുടക്കം മുതൽ ഇടപെട്ടത് കൊണ്ട് എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇടങ്ങൾ ക്രമപ്പെടുത്താൻ സാധിച്ചു. മൂന്ന് ബാൽക്കണികൾ ഉണ്ടായിരുന്നു പ്ലാനിൽ. എന്നാൽ പ്രത്യേകിച്ച് വ്യൂ ഒന്നും ലഭിക്കില്ല. അതുകൊണ്ട് ബാൽക്കണിയുടെ സ്ഥലം കൂടി മറ്റു കാര്യങ്ങൾക്ക് മാറ്റിവച്ചു.

ഒരു ബാൽക്കണി കിടപ്പുമുറിയോട് കൂട്ടിച്ചേർത്തു. അമ്മയുടെ മുറിയിലെ ബാൽക്കണി ഡ്രസ് ഏരിയ ആക്കി മാറ്റി. അടുക്കളയിലെ ബാൽക്കണി വർക് ഏരിയ ആക്കി മാറ്റി.

ഇന്റീരിയർ ഡിസൈൻ...

എനിക്ക് നിറങ്ങൾ ഇഷ്ടമാണ്. അതുകൊണ്ട് ഇന്റീരിയറിൽ അത്യാവശ്യം  കളർഫുള്ളായാണ് ഒരുക്കിയത്. ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ ഒരു ജാളി ഡിസൈൻ നൽകിയിട്ടുണ്ട്. ഇതിന്റെ മറുവശത്ത് ക്യൂരിയോ ഷെൽഫ് ക്രമീകരിച്ചു. എനിക്ക് ലഭിച്ച ചെറിയ പുരസ്കാരങ്ങളൊക്കെ ഇവിടെ ക്രമീകരിച്ചു. കിച്ചൻ റെഡ് തീമിലാണ്. എന്റെ മുറി ഓറഞ്ച് നിറത്തിലാണ്. 

ഉപ്പയുടെ വലിയ ആഗ്രഹമായിരുന്നു ഏറെക്കാലം താമസിച്ച തമ്മനത്ത് സ്വന്തമായി ഒരു വീട്. ഞാൻ അത് സഫലമാക്കി. അത് കാണാൻ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...എങ്കിലും ഉപ്പ മുകളിലിരുന്ന് സന്തോഷിക്കുന്നുണ്ടാകും.