Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാവൽപഴത്തിന്റെ വില കിലോ 400 രൂപ

jamun-njaval-fruit കർണാടകയിൽനിന്നു കേരളത്തിൽ വിൽപനയ്ക്കെത്തിക്കുന്ന ഞാവൽപഴം.

ഞാവൽപഴം എന്നും മലയാളികൾക്കു ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്. സുന്ദരിയായ നായികയെ വർണിക്കാൻ ‘ഞാവൽപഴത്തിന്റെ ശേലാണേ’ എന്നു തുടങ്ങുന്ന സിനിമാഗാനം വരെ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ തലമുറയ്ക്കു ഞാവൽപഴം കാണണമെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കണം. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സമൃദ്ധമായിരുന്നു ഞാവൽ മരവും ഞാവൽപഴവും. ഇടതൂർന്ന ഇലകൾക്കിടയിൽ മുന്തിരിക്കുലകൾ പോലെ ഇളകിയാടുന്ന ഞാവൽപഴം പഴയ തലമുറയ്ക്ക് ആസ്വാദ്യമായ അനുഭവമായിരുന്നു. എന്നാൽ നാട്ടിൻപുറങ്ങളിൽ നിന്നു  പാഴ്മരങ്ങളുടെ ഗണത്തിൽപ്പെടുത്തി ഞാവൽമരം വെട്ടിമാറ്റി തേക്കും മഹാഗണിയുമൊക്കെ വയ്ക്കാൻ തുടങ്ങിയതോടെ ഞാവൽപഴവും മലയാളികൾക്ക് അന്യമായി.

ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഞാവൽപഴം കേരളത്തിൽ പലയിടത്തും തെരുവോര വിൽപനയ്ക്കുണ്ട്. വില കേട്ടാൽ മലയാളി ഞെട്ടും. നാനൂറു മുതൽ മുകളിലേക്കാണു കിലോഗ്രാമിനു വില. കർണാടകയിലെ റെയ്ച്ചൂർ ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്ന ഞാവൽപഴമാണ് ഇവിടെ വിൽപനയ്ക്കെത്തിക്കുന്നത്. കേരളത്തിൽ കണ്ടുവരുന്ന ഞാവൽപഴത്തേക്കാൾ അൽപം വലുതാണിവ. കാമ്പും കൂടുതലുണ്ട്. ശരാശരി പതിനഞ്ചു ഗ്രാം തൂക്കമുണ്ട് ഒരെണ്ണത്തിന്. ഒരു കിലോ വാങ്ങിയാൽ 60 മുതൽ 70 എണ്ണം വരെയേ ഉണ്ടാകൂ. ഗുണമേൻമയുള്ള ആപ്പിളിനു പോലും കേരളത്തിൽ ഇതിന്റെ പകുതി വിലയേയുള്ളൂ. പണ്ടു കാവുകളിൽ ധാരാളമുണ്ടായിരുന്നതിനാൽ നാഗപ്പഴമെന്നും പേരുണ്ട്. ചവർപ്പും മധുരവും നിറഞ്ഞ ഈ പഴം നിരവധി ഔഷധഗുണങ്ങളുമുള്ളതാണ്.  ആയുർവേദ, യുനാനി മരുന്നുകളിൽ ഇവ ചേർക്കുന്നുണ്ട്.