Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറയൂരിന്റെ മധുരം ഭീഷണിയിൽ

479972462 Representative Image

ഇടുക്കി ജില്ലയിൽ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനടുത്തുള്ള മഴനിഴൽപ്രദേശങ്ങളാണ് മറയൂരും കാന്തല്ലൂരും. വനവാസകാലത്തു പാണ്ഡവർ ഒളിച്ചു  താമസിച്ച ഇടം ‘മറഞ്ഞിരുന്നയൂര്‍’ ആയെന്നും പിന്നീടത് മറയൂർ ആയെന്നും നാട്ടുമൊഴി. മറയൂർ ചന്ദനവും മറയൂർ ശർക്കരയും മറവിയിൽ മറഞ്ഞ മറയൂർ സിൽക്കും കാന്തല്ലൂർ വെളുത്തുള്ളിയും പാഷൻ ഫ്രൂട്ടും ഈ പ്രദേശങ്ങളിലെ സവിശേഷമായ തനത് ഉൽപന്നങ്ങൾ. ‘വെളുത്ത വിഷം’ എന്നറിയപ്പെടുന്ന പഞ്ചസാരയെക്കാൾ ആരോഗ്യത്തിനു നല്ലത് ശർക്കരയാണ് എന്ന തിരിച്ചറിവിൽ ലോകമിന്ന് ശർക്കരയുടെ ഉപയോഗത്തിലേക്കു മടങ്ങുകയാണ്. ഓരോ കരിമ്പുൽപാദകരാജ്യവും തങ്ങളുടെ തനതു ശർക്കരയുൽപന്നങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ മത്സരിക്കുന്നു. ലോകകമ്പോളത്തിൽ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യമാണ് മറയൂർ ശർക്കര.

മറയൂർ ശർക്കരയുടെ മധുരവും ഗുണവും അറിഞ്ഞവർ പിന്നെ മറ്റു ശർക്കരകൾ ഉപയോഗിക്കാൻ മടിക്കും. വീട്ടാവശ്യത്തിനും മരുന്നു നിർമാണത്തിനും മറയൂർ ശർക്കരതന്നെ വേണമെന്നു നിർബന്ധമുള്ളവർ ഒട്ടേറെയുണ്ട്. മറയൂരിലെയും കാന്തല്ലൂരിലെയും മണ്ണിന്റെയും കൃഷിക്കുപയോഗിക്കുന്ന വെള്ളത്തിന്റെയും  ഗുണം, തണുത്ത കാലാവസ്ഥ, പരമ്പരാഗത കൃഷിരീതി, നാട്ടറിവിലൂന്നിയ സംസ്കരണം എന്നിവയാണ് മറയൂർ ശർക്കരയുടെ മധുരത്തിനും പെരുമയ്ക്കും കാരണം. മറയൂർ,  കാന്തല്ലൂർ പ്രദേശങ്ങളിലെ മണ്ണിൽ ലവണാംശം കുറവാണ്. പശ്ചിമഘട്ട മലനിരകളിലെ താഴ്‌വാരങ്ങളിലാണ് കരിമ്പുകൃഷി നടക്കുന്നത്. മലമുകളിലെ വനപ്രദേശങ്ങളിൽനിന്ന് മഴവെള്ളത്തോടൊപ്പം ഒലിച്ചുവരുന്ന ജൈവാംശം കൃഷിയിടങ്ങളെ  സമ്പുഷ്ടമാക്കുന്നു. സമുദ്രനിരപ്പിൽനിന്നു വളരെ ഉയർന്ന പ്രദേശങ്ങളാകയാൽ ഇവിടെ താപനില വളരെ കുറവാണ്. കരിമ്പുപാടങ്ങൾക്കടുത്തുള്ള ആലകളില്‍ പരമ്പരാഗതരീതിയിലാണ് ശർക്കര ഉൽപാദനം. കരിമ്പിൻനീര് വറ്റിച്ചുണ്ടാക്കുന്ന മറയൂർ ശർക്കരയിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ല. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ നൂറ്റിയമ്പതിലേറെ ആലകളില്‍ ശർക്കര തയാറാക്കുന്നുണ്ട്.

marayur-still

ഉപ്പുരസമില്ലാത്ത നല്ല മധുരമാണ് മറയൂർ ശർക്കരയുടെ മുഖമുദ്ര. ഉണ്ടകളായി ഉരുട്ടുമ്പോൾ പതിയുന്ന കൈവിരൽപ്പാടുകൾ ശർക്കരയുണ്ടകളിൽ തെളിഞ്ഞു കാണാം. രാസവസ്തുക്കൾ ചേർക്കാതെയുള്ള മറയൂർ ശർക്കരയ്ക്ക് ഇരുണ്ട തവിട്ടുനിറമായിരിക്കും. നിറഭംഗി അൽപം കുറവാണെങ്കിലും ആരോഗ്യത്തിനു നല്ലത്  ഇരുണ്ട നിറത്തിലുള്ള മറയൂർ ശർക്കരയാണ്.

മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ ഒരു വർഷം 6000 ടണ്ണോളം ശർക്കര ഉൽപാദിപ്പിക്കുന്നുണ്ട്. സീസണനുസരിച്ച് വിലയിൽ ഏറ്റക്കുറവുണ്ടാകാമെങ്കിലും 70–80 രൂപ നിരക്കിലാണ് ഒരു കിലോ മറയൂർ ശർക്കര വിറ്റുപോകുന്നത്. മറയൂരിലുള്ള പല വിപണന ഏജൻസികളും കർഷകരിൽ നിന്നു ശർക്കര സ്വീകരിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ആവശ്യക്കാർക്ക്  പാഴ്സലായി അയച്ചു കൊടുക്കുന്ന സംഘങ്ങളും ഇവിടെയുണ്ട്. മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ ചെന്നാൽ കരിമ്പു വെട്ടുന്നതും ശർക്കര ഉണ്ടാക്കുന്നതും കാണാം. ഇത് ആണ്ടുവട്ടം തുടരുന്നു. കരിമ്പുകൃഷിയിലും ശർക്കരനിർമാണത്തിലും ഉറച്ചു നിൽക്കാനാണ് മറയൂരിലെയും കാന്തല്ലൂരിലെയും കർഷകരുടെ ആഗ്രഹം. എന്നാൽ വ്യാജന്മാരുടെ കടന്നുകയറ്റം  പരമ്പരാഗത ശർക്കര നിർമാതാക്കൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. കാർഷിക സർവകലാശാലയുടെയും കൃഷിവകുപ്പിന്റെയും പിന്തുണയോടെ ഇതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. 

വിലാസം: പ്രഫസർ & കോർഡിനേറ്റർ, ബൗദ്ധിക സ്വത്തവകാശകേന്ദ്രം, 

കേരള കാർഷിക സർവകലാശാല

ഫോൺ : 9447878968