റബർ വരുമാന ഇൻഷുറൻസ് പദ്ധതി വ്യാപിപ്പിക്കണം:‌ പാർലമെന്റ് സമിതി

റബർ കർഷകർക്കായുള്ള വരുമാന ഇൻഷുറൻസ് പദ്ധതി കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലും നടപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്‌ഥിരം സമിതി ശുപാർശ ചെയ്‌തു. ദേശീയ റബർ നയം മൂന്നു മാസത്തിനകം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട സമിതി, റബർ ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പണം ലഭ്യമാക്കാത്തതിനെ വിമർശിച്ചു.

വില സ്‌ഥിരതാ നിധിക്കു പകരമായി ഏർപ്പെടുത്തിയ വരുമാന ഇൻഷുറൻസ് പദ്ധതിയിൽ നിലവിൽ കേരളത്തിൽനിന്നു പാലക്കാട് ജില്ല മാത്രമാണുള്ളത്. എന്നാൽ, കോട്ടയവും പത്തനംതിട്ടയും എറണാകുളവും വലിയ തോതിൽ റബർ കൃഷിയുള്ള ജില്ലകളാണെന്ന് ബിജെപിയിലെ ഭുപേന്ദർ യാദവ് അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽനിന്ന് എം.പി.വീരേന്ദ്രകുമാർ, ജോയ് ഏബ്രഹാം എന്നിവർ സമിതി അംഗങ്ങളാണ്. റബർ ബോർഡിന്റെ പ്രവർത്തനത്തിന് കേന്ദ്രം ആവശ്യമായ സാമ്പത്തിക പിന്തുണ നൽകാത്തതിനെക്കുറിച്ച് സമിതി പറയുന്നത്:

∙ 2015–16ൽ റബർ ബോർഡിന്റെ യഥാർഥ ചെലവ് – 201.74 കോടി രൂപ. ബജറ്റിൽ വകയിരുത്തിയത് 132.75 കോടി. വകയിരുത്തൽ പിന്നീട് ഇതു പരിഷ്‌കരിച്ച് 148.75 കോടിയാക്കി.

∙ 2017–18ൽ വാണിജ്യ വകുപ്പ് റബർ ബോർഡിനുവേണ്ടി ആവശ്യപ്പെട്ടത് 250 കോടിയാണ്. ബജറ്റിൽ വകയിരുത്തിയത് 142.6 കോടി മാത്രം.

∙ സബ്‌സിഡിയിനത്തിൽ ബോർഡിന് വലിയ ബാധ്യതകൾ ബാക്കിയുണ്ട്. ബോർഡിന്റെ നടത്തിപ്പു ചെലവും വളരെ കൂടുതലാണ്. ഇതു കണക്കിലെടുത്ത് വകയിരുത്തൽ വർധിപ്പിക്കാൻ ധനമന്ത്രാലയം തയാറാവണം.

∙ ബോർഡിനായി വകയിരുത്തുന്നതിലെ ഗണ്യമായ ഭാഗം നടത്തിപ്പു ചെലവിനാണ്. നടത്തിപ്പു ചെലവും ബോർഡിന്റെ പ്രവർത്തനവും ബന്ധപ്പെടുത്തി കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ സമിതിക്കു ലഭ്യമാക്കണം.രാജ്യത്ത് സ്വാഭാവിക റബറിന്റെ ഉൽപാദനം കുറയുന്നതിൽ സമിതി ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ നാലു വർഷത്തെ ഉൽപാദനം: 2013–14: 7,74,000 ടൺ, 2014–15: 6,45,000 ടൺ, 2015–16: 5,65,000 ടൺ, 2016–17 (കഴിഞ്ഞ ഓഗസ്‌റ്റ് വരെ): 2,45,000 ടൺ. വ്യവസായ മേഖലയ്‌ക്ക് ആവശ്യമായ പ്രധാന അസംസ്കൃത വസ്‌തുവാണ് റബർ. അതിന്റെ ഉൽപാദനം കുറയുന്നത് ആശാസ്യമല്ലെന്നും തിരുത്തൽ നടപടികൾ വേണമെന്നും സമിതി ആവശ്യപ്പെട്ടു. പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനും മറ്റും സഹായമുറപ്പാക്കാൻ റബർ ബോർഡിന് ആവശ്യമായ പണം ലഭ്യമാക്കണം.

2010–11 മുതൽ 2014–15 വരെയുള്ള കാലയളവിൽ സ്വാഭാവിക റബറിന്റെയും സിന്തറ്റിക് റബറിന്റെയും ഇറക്കുമതി വലിയ തോതിൽ വർധിച്ചു. സ്വാഭാവിക റബറിന്റെ ഇറക്കുമതിയിൽ 70.4% വർധന, സിന്തറ്റിക് റബർ – 30.3%. സ്വാഭാവിക റബർ 2013–14ൽ 3,60,263 ടൺ ഇറക്കുമതി ചെയ്‌തെങ്കിൽ, കഴിഞ്ഞ വർഷമിത് 4,58,374 ആയി വർധിച്ചു. ഇതും സ്വാഭാവിക റബർ ഉൽപാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം വ്യക്‌തമാക്കുന്നു – ഇന്നലെ പാർലമെന്റിൽ വച്ച റിപ്പോർട്ടിൽ സമിതി പറഞ്ഞു.

സുഗന്ധവ്യഞ്‌ജന പാർക്കുകൾക്കു സഹായം നൽകണം

സുഗന്ധവ്യഞ്‌ജന പാർക്കുകൾ തുടങ്ങാൻ താൽപര്യമുള്ള സംസ്‌ഥാനങ്ങളെ കേന്ദ്ര വാണിജ്യ വകുപ്പ് സഹായിക്കണമെന്ന് പാർലമെന്ററി സ്‌ഥിരം സമിതി ശുപാർശ ചെയ്‌തു. ചെറുകിട തേയില കർഷകരെ പ്രോൽസാഹിപ്പിക്കാൻ ടീ ബോർഡ് കൂടുതൽ നടപടികളെടുക്കണം. തേയിലത്തോട്ടങ്ങളെ ഗണം തിരിക്കുന്ന നടപടി വേഗത്തിൽ പൂർത്തിയാക്കണം.

കോഫി ബോർഡിന്റെ പ്രവർത്തനത്തിന് കൂടുതൽ പണം ലഭ്യമാക്കണം. പരമ്പരാഗത മേഖലകളിൽ മാത്രം കാപ്പിക്കൃഷി പ്രോൽസാഹിപ്പിക്കുന്ന രീതിയെ വിമർശിച്ച സമിതി, മറ്റു മേഖലകളിലും മെച്ചപ്പെട്ട കൃഷി സാധ്യമാക്കാൻ ബോർഡ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.