വ്യാപാരം നടത്താൻ നാലു ചുവരും മേൽക്കൂരയും ഷട്ടറും വേണമെന്ന ചിന്ത കാലഹരണപ്പെട്ടു കഴിഞ്ഞു. ഓൺലൈൻ ഷോപ്പിങ്ങിന്റെയും വിപണനത്തിന്റെയും യുഗമാണിത്. വിൽക്കാനുണ്ടെന്ന് സൈബർലോകത്ത് പരസ്യം നൽകിയാൽ ആവശ്യക്കാർ തേടിയെത്തും. ഈ സാധ്യത പ്രയോജനപ്പെടുത്താൻ കൃഷിക്കാർക്ക് അവസരം നൽകുകയാണ് കൊച്ചിയിലെ കൃഷിക്കാരൻഡോട്ട്കോം എന്ന വെബ്സൈറ്റ്. വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ചോ ഇടനിലക്കാരുടെ ചൂഷണത്തെക്കുറിച്ചോ പരാതിക്ക് അവസരം നൽകാതെ ഉൽപന്നങ്ങൾ വിൽക്കാൻ ഇത് സഹായിക്കുന്നു. അതോടൊപ്പം ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിൽനിന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച വില കിട്ടാനും ഈ ഓൺലൈൻ കാർഷികചന്ത കൃഷിക്കാർ പ്രയോജനപ്പെടുത്തുന്നു.
അജി ജോസഫ്, രശ്മി രഘുനാഥ് എന്നീ ഐടി പ്രഫഷണലുകളാണ് ഈ സംരംഭത്തിന്റെ സാരഥികൾ. കാർഷിക പശ്ചാത്തലമുള്ള ഇവർക്കൊപ്പം 11 ഐടി പ്രഫഷണലുകളും എറണാകുളം പാലാരിവട്ടത്തുള്ള ട്രയോക്കോഡ്സ് ടെക്നോളജീസിന്റെ അണിയറയിലുണ്ട്. സോഫ്റ്റ്‌വെയർ വികസനത്തിനൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾകൂടി നടത്തണമെന്ന ആഗ്രഹമാണ് വെബ്സൈറ്റിനു പ്രേരകമായതെന്നു ഡയറക്ടറും സിഇഒയുമായ അജി ജോസഫ് പറഞ്ഞു. ഉൽപാദകർക്കും ഉപഭോക്താക്കൾക്കും സൗജന്യമായി ഇതിൽ പേര് ചേർക്കാം. നാലായിരത്തോളം പേർ ഉൽപന്നങ്ങൾ വിപണനം നടത്തുന്ന സൈറ്റിൽ കഴിഞ്ഞ വർഷം 20,000 ഇടപാടുകളെങ്കിലും നടന്നിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ആകെ 11,000 പേരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നു വർഷത്തിനുള്ളിൽ ഒരു ലക്ഷം അംഗങ്ങളുള്ള കാർഷിക വിപണനസംവിധാനമായി മാറുകയാണ് ലക്ഷ്യമെന്നും അജി പറഞ്ഞു.

കേരളത്തിലെവിടെയുള്ള കൃഷിക്കാർക്കും ഓൺലൈൻ വിപണിയിൽ റജിസ്റ്റർ ചെയ്ത ശേഷം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാം. ഉൽപന്നങ്ങളുടെ പേരും ചിത്രവും അളവും മാത്രമല്ല, പ്രതീക്ഷിക്കുന്ന വിലയും രേഖപ്പെടുത്താൻ അവസരം നൽകുന്നുണ്ടെന്ന് ചീഫ് ടെക്നിക്കൽ ഓഫിസറും ഡയറക്ടറുമായ രശ്മി രഘുനാഥ് പറഞ്ഞു. താൽപര്യമുള്ള ഉപഭോക്താക്കൾ ഉൽപാദകരുമായി നേരിട്ടു ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കണം. അതുവഴി കർഷകഭവനങ്ങളിൽനിന്ന് മികച്ച ഉൽപന്നങ്ങൾ നേരിട്ടു വാങ്ങാൻ അവർക്ക് അവസരം ലഭിക്കുന്നു. കൃഷിക്കാരൻ എന്ന മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിൽ പ്രവേശിക്കാം. കേരളത്തിനു പുറത്തുനിന്നുപോലും വ്യാപാര അന്വേഷണങ്ങൾ എത്തുന്ന ഈ വെബ്സൈറ്റിന്റെ മാതൃകയിൽ ഒമാനിൽ ഓൺലൈൻ കാർഷിക വിപണനസംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. വ്യത്യസ്തമായ മറ്റ് വിപണനരീതികളും ഇവർ പരീക്ഷിക്കുന്നു. കാർഷികോൽപന്നങ്ങളുടെ ലേലം ബാർട്ടർ സമ്പ്രദായത്തിലുള്ള കൈമാറ്റം എന്നിവയൊക്കെ ഇപ്രകാരം കൃഷിക്കാരൻ വെബ്സൈറ്റിലുണ്ട്. കൃഷിക്കാർ തമ്മിലുള്ള ഉൽപന്ന കൈമാറ്റത്തിനാണ് ബാർട്ടർ രീതി കൂടുതലായി പ്രയോജനപ്പെടുന്നത്.
ഫോൺ: 8943338666