‘റെഡി ടു കുക്ക്’ പച്ചക്കറി തയാർ

‘റെഡി ടു കുക്ക്’ പച്ചക്കറിയുമായി ഹസീന പടിഞ്ഞാറെ കടുങ്ങല്ലൂരിലെ ഫാമിൽ.

ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ മൂലേപ്പീടിക കോട്ടയ്ക്കൽ ഹസീന മുനീർ കൃഷി ജീവിതചര്യയായി തിരഞ്ഞെടുത്തിട്ടു രണ്ടു വർഷമേ ആയുള്ളൂ. ക്ഷീര കൃഷിയിൽ തുടങ്ങി സ്വന്തമായി ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികൾ ‘റെഡി ടു കുക്ക്’ ബോക്സുകളിലാക്കി വിപണിയിൽ എത്തിക്കുന്നതു വരെ വളർന്നു ഹസീനയുടെ കൃഷിക്കമ്പം.

എസ്ബിഐയിൽ നിന്നു വായ്പയെടുത്താണ് വീടിനടുത്ത് 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ‘ശ്രീമതി ഫാം’ തുടങ്ങിയത്. ഇപ്പോൾ 13 പശുക്കളുണ്ട്. ഹസീനയുടെ കൃഷിയിടത്തിൽ ഇല്ലാത്ത കൃഷികളൊന്നുമില്ല. പശു വളർത്തലിനൊപ്പം പച്ചക്കറി കൃഷിയും ചെറിയ കോഴി ഫാമും നടത്തുന്നു. 100 ലീറ്റർ പാലാണ് പ്രതിദിന ഉൽപാദനം.

സാമ്പാർ, അവിയൽ കഷണങ്ങളും ചീര, അച്ചിങ്ങ, വാഴക്കൂമ്പ്, ബീൻസ് തുടങ്ങിയ പച്ചക്കറികളും ബോക്സിലാക്കി സൂപ്പർ മാർക്കറ്റുകൾ വഴി വിൽക്കുന്നു. പാട്ടത്തിനെടുത്ത അഞ്ച് ഏക്കർ സ്ഥലത്താണ് കൃഷി. പശുക്കൾക്കുള്ള തീറ്റപ്പുല്ലും വളർത്തുന്നു. പ്രതിദിനം മുന്നൂറോളം ബോക്സ് പച്ചക്കറി കൊച്ചിയിലും കാക്കനാടും എത്തിക്കും. സാധാരണ കുടുംബത്തിന് ഒരു ദിവസത്തേക്കു വേണ്ട പച്ചക്കറികളെല്ലാം അടങ്ങിയ ബോക്സിനു വില 30 രൂപ.