Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരച്ചപ്പോൾ അധികനേട്ടം

sony-soby-eby-in-ginfer-farm-gezo-foods സോണി, സോബി, എബി എന്നിവർ കൃഷിയിടത്തിൽ

ഇഞ്ചിയുടെ വില 20 രൂപ വരെ താഴ്ന്നപ്പോൾ മാനന്തവാടിക്കു സമീപം പയ്യമ്പള്ളി തടത്തിൽ വീട്ടിലെ ആൺമക്കൾക്ക് അടങ്ങിയിരിക്കാനായില്ല. ഇങ്ങനെ പോയിട്ട‍ു കാര്യമില്ല. കൃഷിക്കാരന്റെ ഉൽപന്നങ്ങളുടെ വില പാതാളത്തോളം താഴ്ന്നാലും അവ ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് വില താഴുന്നില്ല. ഇടനിലക്കാരെ പഴിപറയുന്നതിനപ്പുറം ഇതൊരു സാധ്യതയായി കണ്ട് പ്രയോജനപ്പെടുത്താനായി അവരുടെ ശ്രമം. ഇഞ്ചിയിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണം അവരെ എത്തിച്ചത് മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎഫ്ടിആർഐ). അവിടെ അവർ തങ്ങളുടെ മനസ്സിലുള്ള ചില യന്ത്രങ്ങൾ കണ്ടെത്തി. അവ ഉപയോഗിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ അരപ്പുണ്ടാക്കുന്ന സംരംഭം തുടങ്ങുമ്പോൾ സ്വന്തം അധ്വാനഫലത്തിനു ന്യായമായ വില നേടുക മാത്രമായിരുന്നു ലക്ഷ്യം. സാബ്ദിയേൽ കമ്പനിയുടെ ഗെസോ ബ്രാൻഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിയത് അങ്ങനെയാണ്. സാബ്ദിയേൽ, ഗെസോ എന്നീ വാക്കുകൾക്ക് അർഥം ഒന്നു തന്നെ – ദൈവത്തിന്റെ സമ്മാനം.

സോണി, സോബി, എബി എന്നീ സഹോദരങ്ങൾക്കുള്ള ദൈവത്തിന്റെ സമ്മാനമായി ഈ സംരംഭം മാറിക്കഴിഞ്ഞു. ഇഞ്ചിയും വെളുത്തുള്ളിയും അരപ്പാക്കി വിൽക്കുന്ന സ്ഥാപനത്തിൽനിന്ന് ഒരു ഡസനിലധികം ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഭക്ഷ്യസംസ്കരണ സംരംഭമായി ഗെസോ വളർന്നു. ഇഞ്ചിയുടെ തൊലി കളയുന്ന പീലർ, അരയ്ക്കുന്ന ഫ്രൂട്ട് മിൽ, പൾപ്പുണ്ടാക്കുന്ന പൾപ്പർ, വറക്കുന്നതിനും തിളപ്പിക്കുന്നതിനും റോസ്റ്റർ, പായ്ക്കിങ് മെഷീൻ എന്നിവയാണ് ഈ സംരംഭത്തിലെ പ്രധാന യന്ത്രങ്ങൾ. യന്ത്രങ്ങൾക്ക് എല്ലാം കൂടി പത്തുലക്ഷം രൂപയിൽ താഴെയേ വേണ്ടിവന്നുള്ളൂവെന്നു സോണി പറഞ്ഞു.

gezo-foods-ginger-garlic-grinder ഇഞ്ചി അരപ്പുണ്ടാക്കുന്ന യന്ത്രം

ഈ യന്ത്രസംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മറ്റ് ഉൽപന്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. അച്ചാറുകൾ, അവൽ വിളയിച്ചത്, ഇൻസ്റ്റന്റ് റവ ഉപ്പുമാവ്, റാഗിമാൾട്ട്, റാഗി പൗഡർ, കാന്താരി ഉപ്പിലിട്ടത്, കാപ്പിപ്പൊടി, തക്കാളി സോസ്, മുളക് സോസ്, ചക്കപ്പഴം വരട്ടിയത് എന്നിങ്ങനെ പതിന്നാലോളം ഉൽപന്നങ്ങൾ ഭക്ഷ്യസുരക്ഷാനിയമം പാലിച്ച് വിപണിയിലെത്തിക്കാൻ നാട്ടിൻപുറത്തെ ഈ സംരംഭത്തെ സഹായിക്കുന്നത് കുറഞ്ഞ മുടക്കുമുതലുള്ള ചെറുയന്ത്രങ്ങളാണ്. ഇത്തരം യന്ത്രങ്ങളും അവ ഉപയോഗിച്ച് ഉൽപന്നനിർമാണത്തിനുള്ള സാങ്കേതികവിദ്യയും കേരളത്തിൽ ലഭ്യമാണ്. തുടക്കത്തിൽ നിലവാരം ഉറപ്പാക്കുന്നതിനായി സിഎഫ്ടിആർഐയെ സമീപിച്ചെങ്കിലും കുറഞ്ഞ നിരക്കിൽ ഇത്തരം സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന വിദഗ്ധരാണ് തങ്ങളുടെ മറ്റ് ഉൽപന്നങ്ങൾക്കു വേണ്ട മാർഗനിർദേശം നൽകിയതെന്നു സോണി ചൂണ്ടിക്കാട്ടി.

വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മൈസൂരു, ബെംഗളൂരു, കൂർഗ് എന്നിവിടങ്ങളിലുമാണ് ഇവരുടെ വിപണി. അയൽ സംസ്ഥാനത്തെ മറ്റു പല ബ്രാൻഡുകളെയും പിന്തള്ളാൻ തങ്ങൾക്കു കഴിഞ്ഞത് കൃഷിയിടത്തിൽനിന്നുള്ള ഉൽപന്നങ്ങൾ കൃത്രിമമില്ലാതെ തയാറാക്കിയതുകൊണ്ടാണെന്നു സോണി ചൂണ്ടിക്കാട്ടി. www.gezofoods.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വിപണനവുമുണ്ട്.

ഫോൺ– 9526926653

ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ

gezo-foods-machinery കുറഞ്ഞ ചെലവിൽ സംരംഭം തുടങ്ങാൻ ചെറുയന്ത്രങ്ങൾ

കർശനമായ ഗുണമേന്മാനിബന്ധനകളുള്ള മേഖലയായതിനാൽ യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഏറെ ജാഗ്രത ആവശ്യമാണ്. പൊതുവേ ഉണക്കുക, വറക്കുക, പിഴിയുക, അരിയുക, പൊടിക്കുക, അരയ്ക്കുക, കലർത്തുക, കുഴയ്ക്കുക, പായ്ക്കു ചെയ്യുക തുട‍ങ്ങിയ ആവശ്യങ്ങൾക്കാണ് ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ ഉപയോഗിക്കുക. എന്നാൽ അസംസ്കൃത വസ്തുവിന്റെയും ഉൽപന്നത്തിന്റെയും സ്വഭാവവും നിലവാരവുമനുസരിച്ച് ഒരേ ജോലിക്ക് വ്യത്യസ്തതരം യന്ത്രങ്ങൾ വേണ്ടിവരാറുണ്ട്. ഒരു സംരംഭത്തിൽ ഒന്നിലധികം യന്ത്രങ്ങൾ വേ‍ണ്ടിവന്നേക്കാം. ചെറുകിട ഭക്ഷ്യസംസ്കരണയന്ത്രങ്ങൾക്കു പൊതുവേ ഏതാനും ലക്ഷങ്ങളുടെ മുതൽമുടക്കേ വേണ്ടിവരാറുള്ളൂ.

ശുചിത്വത്തിനാവണം സംരംഭങ്ങളുടെ നടത്തിപ്പിൽ പരമപ്രാധാന്യം. ഭക്ഷ്യവസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്ന യന്ത്രഭാഗങ്ങൾ സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടു നിർമിച്ചതാകണം. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സംസ്കരണ സാങ്കേതികവിദ്യകളും വിവിധ തരത്തിലുണ്ട്. മുടക്കേണ്ടിവരുന്ന തുകയും ഉൽപന്നത്തിന്റെ വിപണനസാധ്യതയും പരിഗണിച്ചാവണം യോജ്യമായത് തിരഞ്ഞെടുക്കേണ്ടത്. പായ്ക്കിങ്ങിന്റെ പുത്തൻ സാങ്കേതിക വിദ്യകൾക്കു ചെലവേറുമെങ്കിലും കൃത്രിമസംരക്ഷകങ്ങൾ ചേർക്ക‍ാതെ കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ ഉപകരിക്കും. ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ നിർമിക്കുന്ന ഒന്നിലധികം കമ്പനികൾ കേരളത്തിലുണ്ട്.