Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ കുറയ്ക്കാൻ കാന്ത‍ാരി

chilli

ഹൃദയശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നറിഞ്ഞ വ്യക്തി, അപ്രതീക്ഷിതമായ ചില തിക്താനുഭവങ്ങളെ തുടർന്ന് അലോപ്പതി ചികിത്സ നിർത്തി സ്വന്തമായ ഔഷധക്കൂട്ടുണ്ടാക്കുക. പ്രസ്തുത കൂട്ടിന്റെ കരുത്തിൽ വ്യത്യസ്തനായ കാർഷിക സംരംഭകനായി മാറുക. കാന്താരിപ്ലസ് എന്ന ഔഷധക്കൂട്ടിനു രൂപം കൊടുത്ത ചേർത്തല സുരക്ഷാ ഫാർമസ്യൂട്ടിക്കൽസ് ഉടമ കെ.എസ്. സോമന്റെ അനുഭവമാണിത്. കാന്താരിയിൽനിന്നുള്ള വരുമാനം നാടിനാകെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ രണ്ടു സഹകരണസ്ഥാപനങ്ങളിലൂടെ നടപ്പാക്കിവരികയാണ് ഇദ്ദേഹം. അടുത്തകാലത്ത് വില നാലക്കത്തിലേക്കു കയറിയെന്ന വാർത്തകൾ കാന്താരിയുടെ വർധിച്ചുവരുന്ന ഡിമാൻഡ് വ്യക്തമാക്കുന്നു. അടുക്കളയിലൊതുങ്ങിയിരുന്ന കാന്താരിയെ അങ്ങാടിയിലെ താരമാക്കിയതിൽ സോമന്റെ സംരംഭത്തിനും ഒരു പങ്കുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരിക്കു കഴിയുമെന്ന അറിവിനു പിന്നാലെ അന്വേഷണബുദ്ധിയോടെയും സ്ഥിരോത്സാഹത്തോ‌ടെയും സഞ്ചരിച്ചപ്പോഴാണ് കാന്താരിപ്ലസിന്റെ കൂട്ട് രൂപപ്പെട്ടതെന്നു സോമൻ പറഞ്ഞു. ഈ യത്നത്തിൽ സുഹൃത്തുക്കളായ ആയുർവേദ–ഹോമിയോ ഡോക്ടർമാരുടെ സഹായവുമുണ്ടായിരുന്നു. ഇപ്രകാരം സ്വയം രൂപപ്പെടുത്തിയ മിശ്രിതം ആറു മാസത്തോളം കഴിച്ചപ്പോൾ ആരോഗ്യം വീണ്ടെടുക്കാനായെന്നു സോമൻ അവകാശപ്പെടുന്നു. തുടർന്ന് കൊളസ്ട്രോളിനെ കുറയ്ക്കുന്ന ആയുർവേദ മരുന്നായി ഇതു വിപണിയിലെത്തി. കാന്താരിയും വെളുത്തുള്ളിയും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത മിശ്രിതത്തിൽനിന്നു സത്ത് വേർതിരിച്ചെടുത്ത ഈ ഉൽപന്നം സ്വന്തം ശരീരത്തിലെ അമിത കൊളസ്ട്രോളിനു മറുമരുന്നായ ആത്മവിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങൾമൂലം ആയുർവേദ മരുന്നിനുള്ള ലൈസൻസ് കിട്ടില്ലെന്നു വന്നപ്പോഴാണ് കാന്താരിപ്ലസ് ഒരു ഫുഡ് സപ്ലിമെന്റായി വിപണിയിലെത്ത‍ിച്ചത്– സോമൻ പറഞ്ഞു. കാന്താരിമുളക് നേരിട്ടു കഴിക്കുന്നത് പതിവാക്കിയാൽ അൾസർപോലുള്ള രോഗങ്ങൾക്കു സാധ്യതയുണ്ടെന്നും സത്തെടുത്തു നിർമിക്കുന്ന കാന്താരിപ്ലസിന് ആ പ്രശ്നമില്ലെന്നും സോമൻ പറയുന്നു. കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരമുള്ള സബ്സിഡി ആനുകൂല്യങ്ങൾക്ക് കേരളത്തിൽനിന്ന് ആദ്യം തിരഞ്ഞെടുത്ത സംരംഭങ്ങളിലൊന്നാണിതെന്ന് അദ്ദേഹം അറിയിച്ചു.

soman-with-dry-kanthari-chilli സോമൻ ഉണക്ക കാന്താരി പായ്ക്കറ്റുകളുമായി

കാന്താരിപ്ലസിന് ആവശ്യക്കാർ കൂടുമ്പോൾ സോമനെ അലട്ടുന്ന ഏക പ്രശ്നം മുളകിന്റെ ലഭ്യതയാണ്. സ്വന്തം കൃഷിയിലൂടെ കാ‍ന്താരി ഉൽപാദിപ്പിക്കുന്നതിനു പരിമിതികളുണ്ടെന്നു തിരിച്ചറി‍ഞ്ഞ ഇദ്ദേഹം ഇപ്പോൾ കാന്താരിക്കൃഷിയെ കൃഷിക്കാർക്കും വീട്ടമ്മമാർക്കും വരുമാനമാർഗമായി മാറ്റാനുള്ള ശ്രമത്തിലാണ്.

കാന്ത‍ാരി നട്ടുവളർത്തുന്നവരുടെ ചെറു സംഘങ്ങളുണ്ടാക്കി അവരിൽനിന്നു മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് കാന്താരിമുളക് വാങ്ങാനുള്ള പദ്ധതിയാണ് ഇതിനായി സുരക്ഷാ ഫാർമ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേർത്തല തെക്ക്, കഞ്ഞിക്കുഴി സഹകരണബാങ്കുകൾ ഇപ്പോൾ കാന്താരിക്കൃഷിക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. വീട്ടമ്മമാർക്ക് ഏക്കറിന് അഞ്ചുലക്ഷം രൂപവരെ ഈ ബാങ്കുകൾ വായ്പ അനുവദിക്കുന്നു. തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിരീതി സ്വീകരിക്കുന്നതിനും തൈകൾ വാങ്ങുന്നതിനുമാണ് ഇത്രയും തുക വേണ്ടിവരുന്നതെന്നു സോമൻ ചൂണ്ടിക്കാട്ടി. നാടൻ കാന്താരിതൈകൾ കൃഷിക്കാർക്ക് ഇവർ എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഉണങ്ങിയ കാന്താരിമുളക് കിലോയ്ക്ക് 1000 രൂപ നിരക്കിൽ സുരക്ഷാ ഫാർമ വാങ്ങുമെന്ന ധാരണപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. കാന്താരി ഉണങ്ങി പാഴ്സലായി അയച്ചുകൊടുക്കുന്ന കൃഷിക്കാർ മറ്റ് ജില്ലകളിലുമുണ്ട്.

കാന്താരി വിളവെടുപ്പിനു കൂടുതൽ സമയവും കൂലിച്ചെലവും വേണ്ടിവരുമെങ്കിലും ഇതിനു സോമൻ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. വാണിജ്യ‍ാടിസ്ഥാനത്തിൽ കാന്താരി കൃഷി ചെയ്യുന്നവർ നീളത്തിൽ വാരങ്ങളെടുത്ത് പ്ലാസ്റ്റിക് പുത നൽകി വേണം കാന്താരി വളർത്താൻ. ഇപ്രകാരം വളർന്ന കാന്താരിയിൽനിന്ന് അടരുന്ന മുളക് പ്ലാസ്റ്റിക് ഷീറ്റിനു മുകളിൽ വീണുകിടക്കും. അവിടെനിന്നു തൂത്തുവാരി എടുക്കാം. പ്ലാസ്റ്റിക് പുതയ്ക്കടിയിൽ തുള്ളിനന സംവിധാനവും മറ്റും ഏർപ്പെടുത്തിയാൽ കാന്താരിക്കൃഷിയിലൂടെ കൂടുതൽ വരുമാനം കണ്ടെത്താനാവുമെന്നാണ് സോമന്റെ അഭിപ്രായം.

ഫോൺ. 0478 2864973