Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരിച്ചെരിയുന്ന വരുമാനം

krishnan-sathyabhama-kanthari-chilli-harvest ഭർത്താവ് കൃഷ്ണനൊപ്പം കാന്താരി വിളവെടുക്കുന്ന സത്യഭാമ

സമയവും സൗകര്യങ്ങളുമുണ്ടായിട്ടും അടുക്കളത്തോട്ടത്തിനു മനസ്സുവയ്ക്കാത്തവരെക്കുറിച്ച് മുഖംചുളിച്ചുകൊണ്ടു നാട്ടുമ്പുറത്തുകാർ പറയും 'ഹൊ, ഒരു കാന്താരിച്ചീനിപോലും കുഴിച്ചു വയ്ക്കാത്ത മനുഷ്യൻ...' എന്നാൽ ഈ നീരസത്തിനു നിന്നുകൊടുക്കാതെ പറമ്പു നിറയെ കാന്താരി വളർത്താനാണ് വയനാട് തരുവണ തറവോട്ടുമഠത്തിൽ സത്യഭാമ അന്തർജനത്ത‍ിന്റെ ഉപദേശം. കാരണം നാടൻ പച്ചക്കാന്താരിമുളകിന് വില കിലോയ്ക്ക് ഏകദേശം 1000 രൂപയ്ക്കടുത്ത്. കഴിഞ്ഞ വർഷം സത്യഭാമ വിറ്റത് 250 കിലോയോളം.

കൊളസ്ട്രോൾ, ഷുഗർ എന്നിവയെ ചെറുക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കാന്താരിക്കു കഴിയുമെന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. ചില്ലറക്കാരനല്ല എന്ന് ഗവേഷകർ പറഞ്ഞതോടെ കാന്താരി ജ്യൂസിനും കാന്താരി അച്ചാറിനുമൊക്കെ അന്തസും ആരാധകരും വർധിച്ചിരിക്കുന്നു.

തിരുവിതാംകൂറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു സത്യഭാമയുടെ ഭർത്താവ് കൃഷ്ണൻ നമ്പ‍ൂതിരി. ജോലിയിൽനിന്നു വിരമിച്ച് തരുവണയിൽ മൂന്നേക്കർ സ്ഥലം വാങ്ങി സ്വസ്ഥമായതോടെയാണ് കൃഷ്ണൻ നമ്പൂതിരിയും സത്യഭാമയും കൃഷിയിലേക്കിറങ്ങിയത്.

വായിക്കാം ഇ - കർഷകശ്രീ 

ഉൽപാദനക്ഷമത തീരെക്കുറഞ്ഞ കാപ്പിയും കുരുമുളകുമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. അവയുടെ ആവർത്തനക്കൃഷിയിലേക്കും ഒപ്പം തെങ്ങ്, കമുക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളിലേക്കും കൃഷി വ്യാപിപ്പ‍ിച്ചപ്പോഴാണ് കാന്താരിയുടെ ഡിമാൻഡിനെക്കുറിച്ചു കേൾക്കുന്നത്. ഒഴിവുള്ള ഇടങ്ങളിലെല്ലാം കാന്താരി നട്ടു, മികച്ച വിളവും ലഭിച്ചു. കഴിഞ്ഞ വർഷം കിലോയ്ക്ക് 200 രൂപയിൽ തുടങ്ങി 400 രൂപ വരെ വില ലഭിക്കുകയും ചെയ്തു.

ഉൽപാദനവും ഡിമാൻഡും വർധിച്ചതോടെ കൃഷിയും വളപ്രയോഗവും കൂടുതൽ ശാസ്ത്രീയമാക്കി. സത്യഭാമയുടെ കാന്താരിക്കൃഷിയിൽ കൃഷ്ണൻ നമ്പൂതിരിയും സജീവ പങ്കാളിയായി. മാസത്തിൽ രണ്ടു ശമ്പളം പോലെ മാസത്തിൽ രണ്ടു വിളവെടുപ്പ്, സ്ഥിര വരുമാനം.

തൈ ഉൽപാദനമാണ് കൃഷിയുടെ ആദ്യഘട്ടം. പഴുത്ത മുളകു വെയിലത്തു വച്ച് നന്നായി ഉണങ്ങിക്കഴിയുമ്പോൾ പൊട്ടിച്ചു വി‍ത്തെടുക്കും. ഇതു കിഴിയിലാക്കി രണ്ടു ദിവസം ചാണകവെള്ളത്തിൽ മുക്കിവയ്ക്കുന്നു. പിന്നീട് കിഴി വെള്ളത്തിൽ നിന്നെടുത്തു തൂക്കിയിടും. വൈകാതെ വേരുകൾ പൊട്ടും. മണ്ണ‍ും മണലും ചാണകപ്പൊടിയും ചേർത്തു നിർമിച്ച ത‌ടത്തിൽ ഈ വിത്തുകൾ പാകി മുളപ്പിക്കുന്നു. ഒരുമാസം കഴിയുമ്പോൾ കരുത്തുള്ള തൈകൾ കൃഷിയിടത്തിലേക്കു പറിച്ചു നടാം. മൂന്നുമാസംകൊണ്ടു വിളവെടുക്കാം.

നല്ല പരിചരണം ലഭിച്ചാൽ നിത്യവും പൂക്കുകയും കായ്ക്കുകയും ചെയ്യുമെന്നതാണ് കാന്താരിയുടെ വരുമാനനേട്ടമെന്ന് സത്യഭാമ. വേനലിൽ നിത്യവും നന നൽകണം. നേർപ്പിച്ച ജീവാമൃതം രണ്ടാഴ്ച കൂടുമ്പോൾ തൈ ഒന്നിന് ഒരു കപ്പ് എന്ന കണക്കിനു നൽകിയാൽ വളർച്ചയും ഉൽപാദനവും വർധിക്കുമെന്നും സത്യഭാമ. ചെടിയൊന്നിൽനിന്ന് രണ്ടാഴ്ച കൂടുമ്പോൾ 150 ഗ്രാം, ചിലതിൽനിന്നു 200 ഗ്രാം വരെയും പച്ചമുളകു ലഭിക്കും.

മുന്നൂറിലേറെ തൈകളാണ് ഇപ്പോൾ സത്യഭാമയുടെ കൃഷിയിടത്തിലുള്ളത്. തൊഴുത്തു നിർമിക്കുന്നതിനായി അടുത്ത കാലത്ത് ഒട്ടേറെ തൈകൾ പിഴുതു മാറ്റേണ്ടിവന്നതിന്റെ സങ്കടം മാറിയിട്ടില്ല. അരയേക്കറിലേക്കു കൃഷി വ്യാപിപ്പിച്ച് ആദായം പല മടങ്ങാക്കാനും ഗുണനിലവാരമുള്ള തൈകൾ വിൽപനയ്ക്കെത്തിക്കാനുമുള്ള അധ്വാനത്തിലാണ് ഇപ്പോൾ ഈ വീ‌ട്ടമ്മ.

ഫോൺ: 9747467961 

Your Rating: