Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി തേങ്ങാവെള്ളം പ്ലിങ്

abdulla-with-nata-de-coco തേങ്ങാവെള്ളത്തിൽനിന്നുള്ള ഉൽപന്നങ്ങളുമായി അബ്ദുള്ള

‘നാട്ടുകാർ മുഖം ചുളിക്കുന്ന ഈ നാറ്റം എങ്ങനെയെങ്കിലും ഒന്നൊഴിവാക്കണം’, അത്രയേ ഉണ്ടായിരുന്നുള്ളൂ അബ്ദുള്ളയുടെ മനസ്സിൽ. അതിലേക്കായി അഹോരാത്രം അബ്ദുള്ള നടത്തിയ ശ്രമങ്ങൾ ചെന്നെത്തിയത് പക്ഷേ നാറ്റാ ഡി കൊക്കോ എന്ന വിശിഷ്ട വിഭവത്തിന്റെ ഉൽപാദനത്തിൽ.

കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമായി കണ്ണൂർ നാറാത്ത് തേലക്കാട്ട് പുത്തൻപുരയിൽ അബ്ദുള്ളയുടെ തേങ്ങാപ്പുരയിൽ നിത്യേന വെട്ടുന്നത് ശരാശരി 3000 തേങ്ങ. ചുരുങ്ങിയത് 600 ലീറ്റർ തേങ്ങാവെള്ളം ഒഴുകിപ്പരന്നു പരിസരത്തു കെട്ടിനിൽക്കും. കുറെയൊക്കെ മണ്ണിലേക്ക് ഊർന്നിറങ്ങും. വെയിലുദിക്കുമ്പോൾ കുറച്ചൊക്കെ വറ്റും. എന്നിരുന്നാലും കെട്ട തേങ്ങാവെള്ളത്തിന്റെ ദുർഗന്ധം കാറ്റിൽ പരക്കും. സംഗതി കേടായ തേങ്ങാവെള്ളമെങ്കിലും ഗന്ധം പുളിച്ച കള്ളിന്റേതാണ്. വഴിയേ പോകുന്നവർ തേങ്ങാപ്പുരയിലേക്കു തലയെത്തിച്ച് സംശയത്തോടെ നോക്കി. അയൽപക്കക്കാർ അപ്രീതി വെളിപ്പെടുത്തി.

വായിക്കാം ഇ - കർഷകശ്രീ

നാട്ടുകാരുടെ പരാതികളെ വെല്ലുവിളിക്കാനോ സംരംഭം പൂട്ടാനോ അല്ല അബ്ദുള്ള തീരുമാനിച്ചത്. പകരം, പാഴാവുന്ന തേങ്ങാവെള്ളത്തിൽനിന്നു കൊതിയൂറുന്ന നാറ്റാ ബീറ്റ്സും ജ്യൂസുമുണ്ടാക്കി നാട്ടുകാർക്കുതന്നെ രുചിക്കാൻ നല്‍കി.

സ്ട്രോബെറി, ആപ്പിൾ, ലിച്ചി രുചികളിൽ നാറ്റാ ബീറ്റ്സും നാറ്റാ ഡി കൊക്കോ ജ്യൂസും പ്രകൃതിദത്ത വിനാഗരിയും രാജ്യാന്തര നിലവാരത്തിൽ നിർമിച്ച് ‘പ്ലിങ്’ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന സംരംഭകനാണിന്ന് അബ്ദുള്ള. പ്ലസ്ടു പഠനത്തിനു ശേഷം പിതാവിനൊപ്പം പാരമ്പര്യത്തൊഴിലായ തെങ്ങുകൃഷിയിലും വെളിച്ചെണ്ണ വ്യാപാരത്തിലുമേർപ്പെട്ട ഈ മുപ്പതുകാരനെ ഈ രംഗത്തെ ഗവേഷകർ പോലും ഇന്ന് തെല്ല് വിസ്മയത്തോടെ നോക്കുന്നു.

nata-de-coco നാറ്റാ ഡി കൊക്കോ

താനല്ലാതെ കേരളത്തിൽ വെറെയാരും തേങ്ങാവെള്ളത്തിൽനിന്നു വ്യാവസായികാടിസ്ഥാനത്തിൽ നാറ്റാ ഡി കൊക്കോ നിർമിക്കുന്നതായി അബ്ദുള്ളയ്ക്ക് അറിയില്ല. എന്തിന്, ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ തന്നെയും ചുരുക്കം കമ്പനികളേ ഈ രംഗത്തുള്ളൂ. വിദേശരാജ്യങ്ങളിൽ കേൾവികേട്ട നാറ്റാ ഡി കൊക്കോ നിലവിൽ രാജ്യാന്തര വിപണിയിലെത്തിക്കുന്നത് മുഖ്യമായും ഫിലിപ്പീൻസ്, തായ്‌ലൻഡ്, മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളാണ്.

കാലങ്ങളായി ‘കാദർഹാജീടെ പീടിക’യായിരുന്നു നാറാത്തുകാരുടെ വെളിച്ചെണ്ണക്കട. അബ്ദുള്ളയുടെ പിതാവായ അബ്ദുൾ ഖാദർ ഹാജി മൂന്നരയേക്കറോളം വരുന്ന സ്വന്തം തെങ്ങിൻതോപ്പിലെയും നാറാത്തു ദേശത്തെയും തേങ്ങ സംഭരിച്ച് കൊപ്രയും വെളിച്ചെണ്ണയുമാക്കി നാട്ടിലും മറുനാട്ടിലും വ്യാപാരം നടത്തി. കുരുമുളകു വാങ്ങി ഗാർബിൾ ചെയ്തു വിൽക്കുന്നതുൾപ്പെടെ മലഞ്ചരക്കു വ്യാപാരത്തിലും കൈവച്ചു.

പിതാവിന്റെ മരണശേഷം അബ്ദുള്ള തെങ്ങുകൃഷിയും വെളിച്ചെണ്ണ വ്യാപാരവും തുടര്‍ന്നു. അഞ്ഞൂറിലേറെ തെങ്ങുകളുണ്ടായിരുന്നെങ്കിലും ഉപ്പുവെള്ളം കയറുന്ന പ്രദേശമായിരുന്നതിനാൽ പകുതിയോളം തെങ്ങുകളും ഉൽപാദനക്ഷമമല്ലായിരുന്നു.

കൃഷി വ്യാപിപ്പിക്കുന്നതിനു പകരം, കർഷകരിൽനിന്ന് ആവശ്യമായ തേങ്ങ ശേഖരിച്ച് വെളിച്ചെണ്ണ നിർമാണം ഉഷാറാക്കാനാണ് അബ്ദുള്ള ഉൽസാഹിച്ചത്. സമീപപ്രദേശമായ കമ്പിലിൽ അധികം ആളനക്കമില്ലാത്ത ഒരു ഭാഗത്ത് ഉപ്പയുടെ കാലത്തു നിർമിച്ച മലഞ്ചരക്കു ഗോഡൗണിൽ എക്സ്പെല്ലറും ഫിൽറ്ററും സജ്ജമാക്കി വെളിച്ചെണ്ണ നിർമാണം ആധുനികവൽക്കരിച്ചു. കമ്പില്‍പ്രദേശം ജനവാസകേന്ദ്രമായത് അതിവേഗമാണ്. പാഴാക്കുന്ന തേങ്ങാവെള്ളം പരാതികൾക്ക് ഇടവരുത്തിയതും അങ്ങനെ. അബ്ദുള്ളയുടെ ഭാഷയിൽ ‘പരാതിയെന്നാൽ ഒന്നൊന്നര പരാതികൾ’.

പരിഹാരം തേടി കൊച്ചിയിലുള്ള നാളികേര വികസന ബോർഡിലെത്തുന്നത് പത്തു വർഷം മുമ്പ്. തേങ്ങാവെള്ളത്തിൽനിന്നു വിനാഗരി നിർമിക്കാനായിരുന്നു ഉപദേശം. മൂന്നു ദിവസത്തെ പരിശീലനവും മടങ്ങാൻ നേരം മദർ കൾച്ചറും നൽകി.

ബാച്ചിൽ 50 ലീറ്റർ ഉൽപാദനം. ഗുണമേന്മയൊക്കെ ഉണ്ടായിരുന്നെങ്കിലും കള്ളിന്റെ മണം. നിറവും പോരാ. എങ്കിലും സിന്തറ്റിക് വിനാഗരിയെപ്പോലെ കുടല് കേടാക്കില്ലല്ലോ എന്നു കണ്ട് ആളുകൾ സ്വീകരിച്ചു. ഇതിനിടെ, ടാങ്കിൽ ശേഖരിച്ച തേങ്ങാവെള്ളത്തിന്റെ മുകളിൽ വെയിലുകൊള്ളുമ്പോൾ ഊറിവരുന്ന വെളിച്ചെണ്ണ വേർതിരിച്ചെടുത്ത് സോപ്പു കമ്പനിക്കാർക്കും വിറ്റു.

പരിസ്ഥിതി പ്രശ്നം ഏറക്കുറെ പരിഹരിച്ചെങ്കിലും അബ്ദുള്ള തൃപ്തനായിരുന്നില്ല. നാറ്റാ ഡി കൊക്കോ നിർമാണത്തിനു നാളികേര വികസന ബോർഡ് പരിശീലനം നൽകിയതും അക്കാലത്തു തന്നെ. പരിശീലനമൊക്കെ കൊളളാമായിരുന്നെങ്കിലും മടങ്ങാൻ നേരം അധികൃതർ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി, ‘നാറ്റാ ഡി കൊക്കോ നിർമിക്കാനുള്ള മദർ കൾച്ചർ കൈവശമില്ല, നിർമിക്കണമെന്നുള്ളവർ എവിടെ നിന്നെങ്കിലും സംഘടിപ്പിക്കണം.’

nata-de-coco-2 നാറ്റാ ഡി കൊക്കോ

‘എവിടെ നിന്നു കിട്ടാൻ...’, പരിശീലനത്തിനെത്തിയവരുടെ ആവേശം ചോർന്നു. അബ്ദുള്ള പക്ഷേ ആ ആശയത്തിനു മുകളിൽ അടയിരിക്കാൻതന്നെ തീരുമാനിച്ചു. വിനാഗരി നിർമിക്കാൻ തന്നതിൽ ബാക്കിയിരുന്ന കൾച്ചർ ഉപയോഗിച്ച് പരീക്ഷണം തുടങ്ങി. അന്തരീക്ഷത്തിലെ ശത്രു ബാക്ടീരിയകൾ പക്ഷേ അബ്ദുള്ളയുടെ പരീക്ഷണങ്ങളെ തുടർച്ചയായി പരാജയപ്പെടുത്തി. ഉമ്മയൊഴികെ ഉറ്റവരെല്ലാം അബ്ദുള്ളയുടെ ശ്രമങ്ങളോടു മുഖംതിരിച്ചു. അഞ്ചു വര്‍ഷത്തെ അധ്വാനത്തിനൊടുവിൽ പ്ലാസ്റ്റിക് ട്രേയിലെ തേങ്ങാവെള്ളത്തിൽനിന്നു നാറ്റാ ഡി കൊക്കോ ഉരുവംകൊണ്ടു. ഗുണമേന്മ പരിശോധിച്ച് ഒന്നാന്തരമെന്ന് നാളികേര ബോർഡ് തന്നെ അംഗീകരിച്ചു. മൈസൂരുവിലെ സിഎഫ്ടിആർഐ, ഡിഎഫ്ആർഎൽ (ഡിഫൻസ് ഫുഡ് റിസർച്ച് ലാബ്) എന്നിവയിൽനിന്നു ക്ഷണവും അഭിനന്ദനവും എത്തി.

നാറ്റാ ന്യൂട്രിക്കോ ഫുഡ് പ്രോഡക്റ്റ്സ് എന്ന കമ്പനി റജിസ്റ്റർ ചെയ്തു. നാറ്റാ ഡി കൊക്കോയും നാറ്റാ ജ്യൂസും വിപണിയിലിറക്കി. തീർന്നില്ല, കലങ്ങിയ നിറവും കടുത്ത മണവുമുള്ള മുമ്പത്തെ വിനാഗരിക്കു പകരം കണ്ണാടിത്തിളക്കമുള്ള പ്രകൃതിദത്ത വിനാഗരിയും അബ്ദുള്ള വിപണിയിലെത്തിച്ചു.

നൂറു ലീറ്റർ തേങ്ങാവെള്ളത്തിൽനിന്ന് അമ്പതു ലീറ്റർ നാറ്റാ ഡി കൊക്കൊ നിർമിക്കാം. ഭാര്യ ഷെമീമയാണ് അബ്ദുള്ളയുടെ ഇപ്പോഴത്തെ സഹായി. നിലവിൽ മാസം മൂന്ന് ടൺ ഉൽപാദനം. കണ്ണൂരിലെയും കൊച്ചിയിലെയും പ്രമുഖ മാളുകളിലാണ് വിൽപന. വിദേശ വിനോദസഞ്ചാരികൾക്കു പരിചിതമെന്നതിനാൽ നക്ഷത്ര ഹോട്ടലുകളും ആവശ്യക്കാരായുണ്ട്.

ഗുജറാത്തിൽനിന്നു മാസം 10 ടണ്ണിന് അന്വേഷണമെത്തിയതോടെ തളിപ്പറമ്പ് കിൻഫ്രയിൽ നാളികേര വികസന ബോർഡിന്റെ സബ്സിഡിയോടെ 75 ലക്ഷം രൂപ ചെലവിട്ട് ഫാക്ടറി നിർമിക്കുകയാണ് അബ്ദുള്ള. സ്വന്തം പറമ്പിൽ നാട്ടുകാർക്കു പാരയായി തേങ്ങാവെള്ളം കെട്ടിക്കിടക്കുന്നതു പഴയ കഥ. മറ്റ് തേങ്ങാവെട്ടു സ്ഥലങ്ങളിൽനിന്നുകൂടി തേങ്ങാവെള്ളം സംഭരിക്കേണ്ടിവരുന്നതു പുതിയ കഥ.

നീരയ്ക്കു വേണ്ടി ചെലവഴിക്കുന്ന കോടികൾ തേങ്ങയുടെ മൂല്യവർധിത ഉൽപന്നങ്ങൾക്കായി ചെലവിടുന്നതല്ലേ ബുദ്ധിയെന്ന് അബ്ദുള്ള ചോദിക്കുന്നു. ‘‘ഒന്നാമത്, രുചിയിലോ സൂക്ഷിപ്പു കാലത്തിന്റെ കാര്യത്തിലോ പൊതു നിലവാരമില്ലാതെയാണ് പല കമ്പനികളും നീര വിപണിയിലെത്തിക്കുന്നത്. പലര്‍ക്കും രുചി പിടിക്കുന്നില്ല. ക‍ടയിൽനിന്നു വാങ്ങി വീട്ടിലെത്തുമ്പോഴേക്ക് ചില ബ്രാൻഡുകൾക്ക് അരുചിയും മണവും.

തേങ്ങയിൽനിന്ന് ഇതിലും മെച്ചപ്പെട്ട എത്രയോ ഉൽപന്നങ്ങള്‍ നിർമിക്കാം. തേങ്ങാവെള്ളത്തിൽനിന്നു നാറ്റാ ഡി കൊക്കോയും വിനാഗരിയും, ചകിരിയിൽനിന്നു കയറുൽപന്നങ്ങൾ, ചകിരിച്ചോറ്, ചിരട്ടയിൽനിന്ന് ആക്ടിവേറ്റഡ് കാർബൺ എന്നിങ്ങനെ. ഒരു തേങ്ങയ്ക്ക് ആറര രൂപയാണ് ഇപ്പോൾ കർഷകന് ലഭിക്കുന്നത്. വിപണിമൂല്യം വച്ചു നോക്കിയാൽ ഇതിന്റ കൂടെ തേങ്ങാവെള്ളത്തിന് ഒരു രൂപ, ചിരട്ടയ്ക്ക് ഒരു രൂപ, ചകിരിയ്ക്ക് 80 പൈസ എന്നിങ്ങനെ ഒമ്പത് രൂപ ഇരുപത് പൈസ കർഷകനു നേടാവുന്നതേയൂള്ളൂ.’’ ഇത്തരം സംരംഭങ്ങൾ വളർന്നുവന്നാൽ തെങ്ങുകൃഷി ഏറെ ആദായകരമാവുമെന്നും അബ്ദുള്ള.

ഫോൺ: 9895198315

നാറ്റാ ഡി കൊക്കോ

തേങ്ങാവെള്ളം ബാക്ടീരിയൽ കൾച്ചർ ചേർത്തു പുളിപ്പിക്കാൻ വയ്ക്കുമ്പോൾ ദിവസങ്ങളെടുത്തു ലായനിക്കു മുകളിൽ രൂപംകൊള്ളുന്ന സെല്ലുലോയ്ഡാണ് നാറ്റാ ഡി കൊക്കോ. പിന്നീട് ഇത് ലായനിയിൽനിന്നു മാറ്റി ശുദ്ധജലത്തിൽ നന്നായി കഴുകുന്നു. നാറ്റയുടെ പുളിപ്പു നീങ്ങാനായി വീണ്ടും ഒരു ദിവസം മുഴുവൻ ശുദ്ധജലത്തിൽ മുക്കിയിടുന്നു. ക്യൂബുകളാക്കി മുറിച്ച് വെള്ളത്തിലിട്ടു തിളപ്പിക്കുന്നതാണ് അടുത്ത ഘട്ടം. ആളുകൾ ഇഷ്ടപ്പെടുന്ന ഫ്ലേവറും ജൈവസംരക്ഷകവും ചേർത്ത് പഞ്ചസാര സിറപ്പിൽ സൂക്ഷിക്കുന്നതോടെ വിപണനത്തിനു തയാർ. ഒരു വർഷത്തോളം ലഭിക്കും സൂക്ഷിപ്പു കാലാവധി.

ജെല്ലി രൂപത്തിലുള്ള ഈ വിഭവം നൂറു ശതമാനം നാരാണ്. ദഹനത്തിനും മൂത്രാശയ പ്രശ്നങ്ങൾക്കും കുടലിലെ കാൻസർ പ്രതിരോധിക്കാനുമെല്ലാം ഫലപ്രദമെന്ന് വിദഗ്ധർ പറയുന്നു. വിദേശരാജ്യങ്ങളിലെ ഹോട്ടൽ മെനുവിൽ മുൻനിര ഡസർട്ടായി ഇടം നേടുന്ന നാറ്റാ ഡി കൊക്കോ പക്ഷേ നാട്ടിൽ ലഭ്യമല്ലാത്തതിനാൽ മലയാളിക്ക് അത്ര പരിചയമില്ല. ഡസർട്ടിനു പുറമേ യോഗർട്ട്, ഫ്രൂട്ട് സലാഡ്, ഐസ്ക്രീം എന്നിങ്ങനെ ഒരുപിടി വിഭവങ്ങളുടെ ചേരുവയായും നാറ്റാ ഡി കൊക്കോ പ്രിയങ്കരം തന്നെ.