നന തുള്ളിയായി, ചെലവ് തുച്ഛമായി

സന്തോഷ് ചെലവുകുറഞ്ഞ തുള്ളിനന സംവിധാനവുമായി

പാലക്കാട് വെള്ളിനേഴി സ്വദേശി സന്തോഷിന് ആറ് പറമ്പുകളിലായി ഏഴ് ഏക്കർ വാഴക്കൃഷിയാണുള്ളത്. പല പ്രായത്തിലുള്ള ഏഴായിരം വാഴകൾ. പത്തു വര്‍ഷമായി വാഴക്കൃഷി ചെയ്യുന്ന സന്തോഷ് ഇത്രയും വിപുലമാക്കിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വാഴയുടെ എണ്ണം കൂടിയപ്പോഴാണ് നന ഒരു തലവേദനയായത്. ഇത്രയേറെ വാഴകൾക്ക് ഒഴുക്കി നൽകാൻ മാത്രം വെള്ളം കിട്ടുമോയെന്നുറപ്പില്ല. കുഴലിട്ടു നനയ്ക്കാൻ സമയവും തൊഴിലാളികളും കുറവ്. തുള്ളിനനയാണ് പരിഹാരം. പക്ഷേ ചെലവ് ഭീമം. ഒരേക്കർ വാഴയ്ക്ക് തുള്ളിനന സംവിധാനം ഏർപ്പെടുത്താൻ കമ്പനികൾ ഒരു ലക്ഷം രൂപ വരെ ഈടാക്കുന്നു. അതുകൊണ്ടുതന്നെ ഒരു തോട്ടത്തിൽ മാത്രമാണ് ഇതുവരെ തുള്ളിനന നടപ്പാക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇത്തവണ പാലക്കാട് വിഎഫ്പിസികെ ഉദ്യോഗസ്ഥർ ചെലവ് കുറഞ്ഞ ഒരു തുള്ളിനനരീതി സന്തോഷിനു പരിചയപ്പെടുത്തി.

വായിക്കാം ഇ - കർഷകശ്രീ

റിബൺപോലെ കനം കുറഞ്ഞ ഫ്ലക്സ് ഹോസ് അഥവാ പേപ്പർ ഹോസുകളാണ് ഇതിന്റെ സവിശേഷത. പരമ്പരാഗത തുള്ളിനന സമ്പ്രദായത്തിലെ കുഴലുകളെക്കാൾ വളരെ വിലക്കുറവാണിവയ്ക്ക്. ഒരു മീറ്ററിന് 2.5 രൂപ മാത്രം വരുന്ന ഈ കുഴലുകൾ വാഷറിന്റെ സഹായത്തോടെ പിവിസികൊണ്ടുള്ള പ്രധാന കുഴലുമായി ഘടിപ്പിച്ച് ഈ തുള്ളിനന സംവിധാനമൊരുക്കാം. നനയ്ക്കേണ്ട ഭാഗത്ത് ഹോസിൽ പിൻ ഉപയോഗിച്ച് ദ്വാരമുണ്ടാക്കിയാൽ മതി. ഒരേക്കറിലെ 1000 വാഴ നനയ്ക്കാൻ 2000 മീറ്റർ കുഴൽ മതിയാവും. അതായത്, 5000 രൂപ. പിവിസി കുഴലിന്റെ വിലയുൾപ്പെടെ പതിനായിരം രൂപയിൽ തീർക്കാം. ഫെർട്ടിഗേഷനുള്ള (വളവും വെള്ളവും ഒരുമിച്ച്) വെഞ്ചുറിയും മറ്റും ഘടിപ്പിച്ചാൽപോലും പരമാവധി ഇരുപതിനായിരം രൂപയ്ക്ക് ഒരേക്കർ വാഴക്കൃഷി നനയ്ക്കാം. പരമ്പരാഗത തുള്ളിനനയെ അപേക്ഷിച്ച് നാലിലൊന്നു ചെലവ് മാത്രമുള്ളതിനാൽ സാധാരണക്കാരായ കൃഷിക്കാർക്ക് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്ന് സന്തോഷ് ചൂണ്ടിക്കാട്ടി. ഭീമമായ മുതൽമുടക്ക് ഭയന്നു തുള്ളിനന ഏര്‍പ്പെടുത്താൻ മടിച്ചവർക്ക് ഇത് സഹായകമാണ്. കുറഞ്ഞ ചെലവിൽ സന്തോഷ് തുള്ളിനന നടത്തുന്നതു കണ്ട് അയൽവാസികളായ ഏഴുപേർകൂടി ഇതിനകം ഈ രീതിയിലേക്കു മാറിക്കഴിഞ്ഞു. ചെലവു കുറവ് മാത്രമല്ല കൃഷിക്കാർക്ക് തനിയെ സ്ഥാപിക്കാമെന്നതും ഈ കുഴലുകളുടെ മെച്ചമാണ്. നാടപോലെ പരന്ന കുഴലുകൾക്ക് തീരെ ഭാരമില്ല. വെള്ളം പ്രവഹിക്കുമ്പോൾ മാത്രമാണ് ഇവ വീർത്തുവരിക. ആയിരം മീറ്റർ കുഴലിന്റെ ചുറ്റ് തനിയെ ചുമന്ന് കൃഷിയിടത്തിൽ സ്ഥാപിക്കുന്നതിനു സന്തോഷിനു മൂന്നു ദിവസമേ വേണ്ടിവന്നുള്ളൂ.

കോയമ്പത്തൂരിൽനിന്നാണ് കുഴലുകൾ വാങ്ങിയത്. കേരളത്തിലും ഇവ ലഭ്യമാണ്. ചെറിയ തുക മതിയാകുമെന്നതിനാല്‍ കാര്യമായ മുന്നൊരുക്കമില്ലാതെതന്നെ വേനലിനെ നേരിടാൻ ഈ സംവിധാനം കൃഷിക്കാരെ സജ്‍‍ജരാക്കുമെന്ന് സന്തോഷ് ചൂണ്ടിക്കാട്ടി.

ഫോൺ: 9846293767