വിഷുസദ്യയൊരുക്കി വളയിട്ട വിളവെടുപ്പ്

പത്തനംതിട്ട ജില്ലയിലെ മികച്ച വനിതാ കർഷക ബീന സജിനാഥ്

വിഷു കാർഷിക സമൃദ്ധിയുടെ പ്രതീകമാണ്. സ്വന്തം ജീവിതത്തിലും കാർഷിക സമൃദ്ധി പകർത്താനുള്ള ശ്രമത്തിൽ പത്തനംതിട്ട ചുരുളിക്കോട് സജിഭവനിൽ ബീന സജിനാഥിനെ തേടിയെത്തിയത് ജില്ലയിലെ മികച്ച വനിതാ പച്ചക്കറി കർഷക എന്ന പുരസ്കാരം. വീടിനോടു ചേർന്ന 80 സെന്റ് സ്ഥലത്ത് എല്ലാ പച്ചക്കറികളും വളർത്തിയിരുന്നു. സാധാരണ പച്ചക്കറിക്കു പുറമെ കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, മല്ലിയില, പുതിനയില, വെള്ളരി, കാബേജ് എന്നിവയും മഴമറയിൽ 150 കോളിഫ്ലവറും വളർത്തി. 

ഓരോ തൈ നടുമ്പോഴും അതു തന്റെ കൈകൊണ്ടു തന്നെയാവണം എന്നതും നിർബന്ധം. ഒന്നോ രണ്ടോ ജോലിക്കാരെ വച്ചാലും അവർക്കൊപ്പം എപ്പോഴും കൃഷി സ്ഥലത്തു ബീന ഉണ്ടാകും. ഈ നേട്ടം നൽകിയ പ്രചോദനത്തിലൂടെ 10 വർഷമായി തരിശു കിടന്ന ഒരേക്കർ സ്ഥലത്തു കൃഷി തുടങ്ങിയിരിക്കുകയാണിപ്പോൾ. ഇലന്തൂർ പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി നിലം ഒരുക്കിക്കൊടുത്തു. അതിൽ പാവൽ, വെണ്ട, പയർ, ചീര, കോവൽ, പടവലം, വെള്ളരി തുടങ്ങി എല്ലാ പച്ചക്കറികളും കൃഷി ചെയ്യുകയാണ്. 

ഉരുളക്കിഴങ്ങും സവാളയുമൊഴിച്ച് എല്ലാ പച്ചക്കറിയും തന്റെ കൃഷിയിടത്തിലുണ്ടാകുമെന്നും ബീന പറഞ്ഞു. കൃഷി ചെയ്യുന്നതു സംബന്ധിച്ച് തനിക്ക് എല്ലാ സഹായങ്ങളും നിർദേശങ്ങളും തരുന്നത് ഇലന്തൂർ കൃഷി ഓഫിസർ പി.ആർ.സിന്ധുവാണെന്നും ഇവർ പറഞ്ഞു. വിളവെടുക്കുന്ന പച്ചക്കറികൾ പത്തനംതിട്ട നഗരസഭയുടെ ഇക്കോ ഷോപ്പിലാണ് വിൽക്കുന്നത്.