‘ഊർജി’ത പച്ചക്കറി കൃഷി; ഉഗ്രൻ മാതൃക

ശ്രീകാര്യം ചാവടിമുക്കിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്മെന്റ് സെന്ററിലെ ജീവനക്കാരുടെ ഹരിത കാർഷിക ക്ലബ്ബിലെ അംഗങ്ങൾ ജൈവ പച്ചക്കറിത്തോട്ടത്തിൽ.

ഉൗർജ സംരക്ഷണത്തോടൊപ്പം പ്രകൃതിസംരക്ഷണവും വിഷവിമുക്തമായ പച്ചക്കറി കൃഷിയും നടത്തി തിരുവനന്തപുരം ശ്രീകാര്യത്ത് ചാവടിമുക്കിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്മെന്റ് സെന്റർ മറ്റു സർക്കാർ ഓഫിസുകൾക്കു മാതൃകയാകുന്നു. ഉൗർ‌ജ സംരക്ഷണത്തെക്കുറിച്ചു പഠനവും ഗവേഷണവും നടത്തുന്ന കേന്ദ്രത്തിലെ ജീവനക്കാർ പ്രകൃതി സംരക്ഷണവും ജൈവ പച്ചക്കറി കൃഷിയും തങ്ങളുടെ ദൗത്യമായി ഏറ്റെടുത്തിട്ടു വർഷം പലതു കഴിഞ്ഞു. 

കേന്ദ്രത്തിന്റെ പ്രധാന കെട്ടിടം തന്നെ പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് നിർമിച്ചിട്ടുള്ളത്. ചരിഞ്ഞു കിടക്കുന്ന ഭൂമിയിൽ വേനൽ സമയത്തും ആവശ്യത്തിനു വെള്ളം ലഭിക്കാനായി രണ്ടു കൂറ്റൻ മഴക്കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. മഴയത്തു കെട്ടിടത്തിൽനിന്നെത്തുന്ന വെള്ളം വിശാലമായ മഴക്കുഴിയിൽ സംഭരിക്കും. അതു നിറയുമ്പോൾ ചാലു വഴി ഒഴുകി മറ്റൊരു കുളത്തിലെത്തും. അങ്ങനെ സംഭരിക്കുന്നതിനാൽ കടുത്ത വേനലിലും ഇൗ കേന്ദ്രത്തിൽ വെള്ളത്തിനു ദൗർലഭ്യമില്ല.

ഇതിനു പുറമെയാണു ജീവനക്കാർ ഹരിത കാർഷിക ക്ലബ്ബിനു രൂപം നൽകിയിട്ടുള്ളത്. കേന്ദ്രത്തിന്റെ വളപ്പിലുള്ള ഭൂമിയിൽ ഇല്ലാത്ത പച്ചക്കറികൾ കുറവാണ്. ചീര, വെണ്ട, പടവലം, കത്തിരി, വെള്ളരി, മുളക്, വഴുതന, കോളി ഫ്ലവർ, കാബേജ്, ചെടി മുരിങ്ങ, തക്കാളി തുടങ്ങി എല്ലാവിധ കൃഷികളുമുണ്ട്. ഹരിതക്ലബ്ബിലെ ജീവനക്കാർ ഓഫിസ് സമയത്തിന് അരമണിക്കൂർ മുമ്പ് എത്തി പച്ചക്കറികൾക്കു വെള്ളം നനയ്ക്കും. 

വൈകിട്ട് ഓഫിസിനുശേഷം അരമണിക്കൂറിലേറെ സമയം വളമിടാനും നനയ്ക്കാനുമായി ചെലവിടും. ചാണകം, കോഴിവളം  തുടങ്ങിയ ജൈവ വളങ്ങളും ജൈവ കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. വിളയിച്ചെടുക്കുന്ന പച്ചക്കറികൾ പണം നൽകി ജീവനക്കാർ തന്നെ വീട്ടിൽ കൊണ്ടുപോകും. ഇൗ പണം ഉപയോഗിച്ചാണു ക്ലബ് വീണ്ടും  കൃഷിയിറക്കുന്നത്. അങ്ങനെ എനർജി മാനേജ്മെന്റ് സെന്റർ മറ്റു സർക്കാർ ഓഫിസുകൾക്കു മാതൃകയായി മാറിയിരിക്കുകയാണ്.