മഞ്ജുവിന്റെ തോട്ടത്തിൽ വിളഞ്ഞത് ഒൻപതടി നീളമുള്ള പടവലങ്ങ

പടവലങ്ങ തോട്ടത്തിൽ മഞ്ജു

കല്ലുകൾ നിറഞ്ഞ് തരിശായിക്കിടന്ന ഭൂമിയിൽ ജൈവ രീതിയിൽ പൊന്നുവിളയിക്കുന്ന വീട്ടമ്മയുടെ കൃഷിയിടത്തിൽ വിളഞ്ഞത് ഒൻപതടിയോളം നീളമുള്ള പടവലങ്ങ. കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച യുവകർഷകയ്ക്കുള്ള അവാർഡിന് അർഹയായ ഇടുക്കി വലിയതോവാള അഞ്ചുമുക്ക് ഉള്ളാട്ട് മാത്യുവിന്റെ ഭാര്യ മഞ്ജുവിന്റെ (36) കൃഷിയിടത്തിലാണ് അത്യുൽപാദനശേഷിയുള്ള പടവലം മികച്ച വിളവ് സമ്മാനിച്ചത്.

ജൈവ വളങ്ങൾ ഉപയോഗിച്ചുള്ള കൃഷിയിലൂടെയാണ് മികച്ച വിളവ് നേടാനായത്. ബെംഗളൂരുവിൽനിന്ന് അത്യുൽപാദനശേഷിയുള്ള വിത്ത് ലഭ്യമാക്കി രണ്ടര മാസം മുൻപാണ് 10 ചുവട് കൃഷിയിറക്കിയത്. പടവലങ്ങ കായ്ച്ച് പകുതി പാകമായപ്പോഴേക്കും നീളം ഒൻപതടിയോളമായി. വളർന്നു നിലത്തുമുട്ടിയ പടവലങ്ങ വീണ്ടും വള്ളി ഉപയോഗിച്ച് മുകളിലേക്കു കെട്ടി ഉയർത്തിവച്ചു. ഇത് വീണ്ടും വളർന്ന് നിലത്തുമുട്ടി.

പൂർണ വളർച്ചയെത്തുന്നതിനു മുൻപുതന്നെ മോഹവില നൽകി പടവലങ്ങ വാങ്ങാൻ ആളുകൾ എത്തിയതോടെ മഞ്ജുവിന് മറ്റു മാർഗമില്ലാതായി. ഒടുവിൽ ഒരു പടവലങ്ങയ്ക്ക് 500 രൂപയ്ക്കുവരെ വിറ്റു. നീളക്കൂടുതൽമൂലം തൂക്കം കണക്കാക്കാനായില്ലെങ്കിലും ഒരെണ്ണം എട്ടുകിലോഗ്രാം വരെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഇതിനോടകം 100 കിലോഗ്രാം വിറ്റിട്ടുണ്ടാകാമെന്നാണ് മഞ്ജുവിന്റെ വിലയിരുത്തൽ. പൂർണ വളർച്ചയെത്തിയാൽ ഒരു പടവലങ്ങയുടെ തൂക്കം 15 മുതൽ 20 കിലോഗ്രാം വരെ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിത്തു ലഭ്യമാക്കി പടവലങ്ങ കൂടുതലായി കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് മഞ്ജു. പച്ചക്കറികളും മറ്റു കാർഷിക വിളകളും കൃഷി ചെയ്യുന്നതിനൊപ്പം മീൻ, കന്നുകാലികൾ തുടങ്ങിയവയേയും മഞ്ജു വളർത്തുന്നുണ്ട്. മരച്ചീനി, വാഴ, കുരുമുളക്, ചേന, ചേമ്പ്, വാഴ, കൊക്കോ തുടങ്ങിയവയെല്ലാം സമൃദ്ധമായി വളരുന്നു.