ഒറ്റ മുന്തിരിവള്ളിയിൽ മധുരം തേടി മോഹനൻ

നല്ലേപ്പിള്ളി അരണ്ടപ്പള്ളം മോഹനന്റെ വീട്ടുമുറ്റത്തെ മുന്തിരി വള്ളിയിൽ മുന്തിരി പഴുത്തു നിൽക്കുന്നു.

വീട്ടുമുറ്റത്ത് ഒറ്റ മുന്തിരിവള്ളി വിപ്ലവവുമായി മോഹനൻ. പാലക്കാട് അരണ്ടപ്പള്ളം തെക്കേദേശം കെ. മോഹനൻ (58) ആണു തന്റെ വീട്ടു മുറ്റത്തു നട്ട മുന്തിരിവള്ളിയിൽനിന്നു മുന്തിരി വിളവെടുക്കുന്നത്. രണ്ടു വർഷം മുൻപു തൃശൂർ മണ്ണുത്തിയിൽനിന്നു പലതരം തൈകൾ വാങ്ങുന്ന കൂട്ടത്തിൽ രണ്ടു മുന്തിരിച്ചെടികളും വാങ്ങി. വീട്ടുമുറ്റത്തു രണ്ടിടത്തായി അവ നട്ടു.

ആറു മാസം പിന്നിട്ടപ്പോഴേക്കും മുന്തിരി കായ്ച്ചു തുടങ്ങി. കറുത്ത മുന്തിരിയാണു മോഹനന്റെ വീട്ടുമുറ്റത്തെ മുന്തിരിവള്ളിയിൽ വിളഞ്ഞത്. വർഷത്തിൽ നാലു തവണയാണു മുന്തിരി കായ്ക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം പ്രദേശത്തെത്തിയ ഒരു കുരങ്ങ് മോഹനന്റെ വീട്ടിലുള്ള ഒരു മുന്തിരിവള്ളി നശിപ്പിച്ചു.ഇപ്പോഴുള്ള ഒരു വള്ളിയിൽനിന്ന് ഓരോ തവണയും 25 കിലോയിലധികം മുന്തിരിയാണു മോഹനൻ പറിച്ചെടുക്കുന്നത്. മുന്തിരി പടർന്നു പന്തലിക്കാൻ വീടിനും മതിലിനും ഇടയിൽ ഇരുമ്പു കമ്പികൾകൊണ്ടു പന്തലും ഇട്ടിട്ടുണ്ട്.

രാസവളം ഉപയോഗിക്കാതെയാണു മുന്തിരി വള്ളി പരിപാലിക്കുന്നത്. ആട്ടിൻവളവും ചാണകപ്പൊടിയുമാണു ഉപയോഗിക്കുന്നത്. മുന്തിരി പഴുക്കുന്ന സമയത്തു മാത്രം ഉറുമ്പിന്റെ ശല്യം ഉണ്ടാകുന്നതു പതിവാണ്. ഈ സമയത്തു പച്ചവെള്ളം മുന്തിരിക്കുലയിലേക്കു സ്പ്രേ ചെയ്ത് ഉറുമ്പുകളെ തുരത്തുന്നതാണു പതിവ്. മുന്തിരിച്ചെടി വാങ്ങുന്നതിനോടൊപ്പം വാങ്ങിയ പാഷൻ ഫ്രൂട്ടിന്റെ വള്ളിയും വീട്ടുമുറ്റത്തെ മരത്തിലേക്കു പടർത്തി വിട്ടിട്ടുണ്ട്. പാഷൻ ഫ്രൂട്ടും നിറയെ വിളഞ്ഞു. കരാറുകാരനായ മോഹനൻ കൃഷിയിലും ശ്രദ്ധ പുലർത്തുന്നുണ്ട്.