ബട്ടർഫ്രൂട്ട് വീട്ടുമുറ്റത്ത് വിളയിച്ച് ഓട്ടോഡ്രൈവർ

കാഞ്ഞങ്ങാട് അളറായി വയലിലെ മോഹൻദാസിന്റെ വീട്ടുമുറ്റത്തു നിറയെ പഴങ്ങളുമായി അവോകഡോ മരം.

വിദേശിയായ അവോകഡോ (ബട്ടർഫ്രൂട്ട്) വീട്ടുമുറ്റത്തു വിളയിച്ച് ഓട്ടോഡ്രൈവർ. പ്രവാസിയായിരുന്ന കാഞ്ഞങ്ങാട് അളറായി വയലിലെ മോഹൻദാസിന്റെ വീട്ടുമുറ്റത്താണു നിറയെ പഴങ്ങളുമായി അവോകഡോ മരം വിളഞ്ഞുനിൽക്കുന്നത്.

എട്ടുവർഷം മുൻപു നഗരത്തിൽനിന്നു പഴം വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിച്ചതിനുശേഷം വിത്ത് പരീക്ഷണാർഥം മുറ്റത്തു നട്ടിരുന്നു. ഇതു മുളച്ചതോടെ മോഹൻദാസ് പരിചരണമാരംഭിച്ചു. കഴിഞ്ഞ വർഷം മുതൽ കായ്ക്കാനും തുടങ്ങി. ചെറിയ തോതിലേ കഴിഞ്ഞ തവണ വിളവുണ്ടായിരുന്നുള്ളൂവെന്നു മോഹൻദാസ് പറയുന്നു. എന്നാൽ ഈ വർഷം മരം നിറയെ പഴം നിറഞ്ഞു.

ബട്ടർഫ്രൂട്ട് എന്നറിയപ്പെടുന്ന അവോകഡോ സൗത്ത് സെൻട്രൽ മെക്സിക്കോയിലാണ് അധികമായി കണ്ടുവരുന്നത്‌. നല്ല രുചിയും മണവുമുള്ള പഴം പാൽ ചേർത്തു ജ്യൂസാക്കിയാണു കഴിക്കുന്നത്‌. കിലോയ്ക്കു 100 മുതൽ 150 വരെ രൂപ വിലയുണ്ട്. നമ്മുടെ മണ്ണിൽ അവോകഡോയും വളരുമെന്നു തെളിഞ്ഞതോടെ ഈ കൃഷിയിലേക്ക് ആളുകൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നു മോഹൻദാസ് പറയുന്നു.