ഗ്രോബാഗിൽ നിന്ന് നെല്ല്; അരിയാക്കി ചോറുണ്ണാം

വാലാച്ചിറ മറ്റത്തിൽ തങ്കച്ചന്റെ വീടിന്റെ ടെറസിൽ ഗ്രോബാഗുകളിൽ കതിരിട്ട് വിളഞ്ഞ് കൊയ്ത്തിന് പാകമായ നെല്ല്.

വേണമെങ്കിൽ നെല്ല് ഗ്രോബാഗിലും കതിരിടും. ഈ കാഴ്ച കാണാൻ കർഷകനായ കോട്ടയം വാലാച്ചിറ മറ്റത്തിൽ തങ്കച്ചന്റെ വീടിന്റെ ടെറസിലെത്തിയാൽ മതി. ഗ്രോബാഗുകളിൽ ഉമനെല്ല് വിളഞ്ഞ് കൊയ്ത്തിനു പാകമായി നിൽക്കുകയാണിവിടെ. കൃഷിഭവനിൽ നിന്നു ലഭിച്ച 20 ഗ്രോബാഗുകളിലാണ് തങ്കച്ചൻ പരീക്ഷണത്തിനായി നെൽച്ചെടികൾ വളർത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ്  ഗ്രോബാഗിൽ ഉമനെൽവിത്ത് വിതച്ചത്. ടെറസിൽ നിൽക്കുന്ന നെൽച്ചെടികൾ ഇടയ്ക്ക് നനയ്ക്കും.

ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. അടുത്ത ദിവസം ഗ്രോബാഗിലെ നെല്ല് വിളവെടുക്കും. മുൻപ് വീടിന്റെ ടെറസിൽ ചേറുപിടിപ്പിച്ച് പാടം പോലാക്കി തങ്കച്ചൻ വിത്തിറക്കിയിരുന്നു. നന്നായി വളർന്നു കതിരിട്ടെങ്കിലും പ്രതീക്ഷിച്ച വിളവു ലഭിച്ചില്ല. പാടമില്ലെങ്കിലും മനസ്സുവച്ചാൽ ഗ്രോബാഗിലും നെൽകൃഷി ചെയ്ത് വിളവെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണു തങ്കച്ചൻ.

സ്വന്തമായുള്ള 50 സെന്റ് പുരയിടത്തിൽ വ്യത്യസ്തമായ കൃഷികളാണ് തങ്കച്ചൻ നടത്തിയിരിക്കുന്നത്. ആപ്പിൾ, ഓറഞ്ച്, മുന്തിരി, മാംഗോസ്റ്റിൻ, റംമ്പുട്ടാൻ, ചന്ദനം  തുടങ്ങിയവ കൂടാതെ ഒട്ടേറെ പച്ചക്കറികളും പുരയിടത്തിലുണ്ട്. എല്ലാം നോക്കിനടത്താൻ ഭാര്യ ഐഷയും ഒപ്പമുണ്ട്. കൃഷിപ്പണികൾക്കൊപ്പം മുട്ടുചിറ–കല്ലറ റോഡിൽ  മേട്ടുംപാറ മുതൽ ആദിത്യപുരം വരെ ഇരുവശത്തും തങ്കച്ചനും കുടുംബവും പൂച്ചെടികൾ നട്ടു പരിപാലിക്കുന്നുണ്ട്.