കൃഷിയിടത്തിൽ ‘യൗവനം’

നന്തിപുലത്ത് കൃഷിയിറക്കിയ മൂന്നംഗ വയോധിക കൂട്ടായ്മയിലെ ചന്ദ്രിക, ശാന്ത, രുഗ്മണി.

പ്രായം തളർത്താത്ത ആവേശത്തോടെ കൃഷിയിൽ വിജയഗാഥ തുടരുകയാണ് തൃശൂർ നന്തിപുലത്തെ വയോധിക കൂട്ടായ്മ. 75 കാരിയായ ശാന്തയും 66 പിന്നിട്ട ചന്ദ്രികയും 67കാരി രുഗ്മിണിയും നന്തിപുലം പൈറ്റുപാടത്ത് വീണ്ടും നെന്മണി കൊയ്തെടുക്കാനുള്ള ഒരുക്കത്തിലാണ്. നെൽകൃഷി ചെയ്യാതെ തരിശിട്ട ശേഷം മറ്റ് കാർഷിക വിളകൾക്ക് മണ്ണൊഴിയേണ്ടിവന്ന പൈറ്റുപാടത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും കതിര് കൊയ്യാനുള്ള ഇവരുടെ പ്രയത്‌നം മാതൃകയാകുന്നു.

പുതുതലമുറ കൃഷിയോട് മുഖം തിരിക്കുമ്പോൾ പ്രായാധിക്യം വകവെയ്ക്കാതെ മണ്ണിൽ പണിയെടുക്കുന്നതിന്റെ ആനന്ദവും ആത്മസുഖവും പങ്കുവയ്ക്കുകയാണ് ഈ മൂവർ സംഘം. നന്തിപുലം സ്വദേശികളായ ചേരായ്ക്കൽ വീട്ടിൽ ശാന്ത, കൊല്ലിക്കര രുഗ്മിണി ചന്ദ്രശേഖരൻ, എരിയക്കാടൻ ചന്ദ്രിക നാരായണൻ എന്നിവരാണ് കൃഷിയിലൂടെ നേട്ടം കൊയ്ത് സജീവമാകുന്നത്.

വാർധക്യത്തിന്റെ വെല്ലുവിളികളെ ഇവർ മറക്കുന്നു. രാവിലെ ആറുമണിക്ക് കൃഷിപ്പണികൾ ആരംഭിച്ചാൽ ഇരുട്ട് വന്ന് കയറും വരെ വിശ്രമമില്ല. ചെറുപ്പകാലം മുതലുള്ള ശീലമാണ് ഇവർക്ക് കൃഷിയിലെ ഊർജം. കുടുംബശ്രീ സംവിധാനം ആരംഭിച്ച കാലം മുതൽ ഇവർ കൃഷി കൂട്ടായ്മകളിൽ സജീവമാണ്. തൊഴിലുറപ്പ് പണികൾക്ക് പോകുമ്പോഴും വിവിധ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് ഇവർ കൃഷി നടത്തിയിരുന്നു.

രണ്ട് വർഷമായി തൊഴിലുറപ്പ് പദ്ധതിയിൽ സ്വന്തമായി കൃഷിയാക്കി. മൂവരും ചേർന്ന് ത്രിവേണി ജെഎൽജി. ഗ്രൂപ്പ് രൂപീകരിച്ചു. വിസ്തൃതമായ നന്തിപുലം കൊളക്കാട്ടിൽപാടം പാടശേഖരത്തിലുൾപ്പെട്ട പൈറ്റുപാടത്ത് 60സെന്റ് സ്ഥലം പാട്ടത്തിനെടുത്തു.

വാഴ കൃഷിക്കായി വലിയ തോടുകൾ നിർമിച്ച് രൂപാന്തരപ്പെടുത്തിയ പ്രദേശം ഒരുക്കി കൃഷിയിടമാക്കി. തോടുകൾ മൂടി മണ്ണ് വാരം കൂട്ടി കപ്പ കൃഷി നടത്തി. ഒരു ഭാഗത്ത് എള്ളും മറ്റിടങ്ങളിൽ വിവിധ പച്ചക്കറികളും വിളയിച്ചു.

കൃഷി വലിയ നേട്ടമായതോടെ വർഷം മുഴുവനും സമ്മിശ്ര കൃഷിയെന്ന ആശയമാണ് ഇപ്പോൾ നെൽകൃഷി നടത്താൻ പ്രചോദനമായത്. പച്ചക്കറി വിളവെടുപ്പ് പൂർത്തിയായ പ്രദേശം സ്വന്തം അധ്വാനം കൊണ്ട് നെൽകൃഷിക്ക് വേണ്ടി നിലമൊരുക്കി. അഞ്ച് പറ നിലത്ത് ഞാറ് നടീൽ പൂർത്തിയായി. ഒരു പൂ നെൽകൃഷി കൊയ്‌തെടുത്താൽ ഇവിടെ വീണ്ടും പച്ചക്കറി വിളയും.

സമീപത്തെ കനാലിലൂടെ വെള്ളമെത്തുന്നതിനാൽ വേനലിലും കൃഷിക്ക് പ്രതിസന്ധികളില്ല എന്നത് ഇവർക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. കൃഷി ചെലവുകൾക്കായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ കൊടുത്ത് നന്തിപുലം സഹകരണ ബാങ്ക് ഇവർക്ക് പിന്തുണയായുണ്ട്.

ജൈവ കർഷകൻ കൂടിയായ ബാങ്ക് പ്രസിഡന്റ് ടി.ജി. അശോകൻ നിർദ്ദേശങ്ങൾ നൽകി ഇവർക്ക് സഹായത്തിനുണ്ട്. പ്രായം മറന്ന് മണ്ണിൽ പണിയെടുത്ത് നേട്ടമുണ്ടാക്കുന്ന സ്ത്രീ കൂട്ടായ്മ നാടിന്റെ അഭിമാനമാണെന്ന് പഞ്ചായത്തംഗം രജനി ശിവരാമൻ പറയുന്നു. ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും നെല്ല് വിളയുമ്പോൾ ഇവർക്കൊപ്പം പൈറ്റുപാടവും ചെറുപ്പം വീണ്ടെടുത്തിരിക്കയാണ്.