ഒൻപത് ഏക്കർ വൈവിധ്യങ്ങളുടെ വിളനിലമാക്കി സ്വപ്ന ജയിംസ്

സംസ്ഥാനത്തെ മികച്ച വനിത കർഷക അവാർഡ് നേടിയ സ്വപ്ന ജയിംസ് കൃഷിയിടത്തിൽ.

ഒൻപത് ഏക്കർ വൈവിധ്യങ്ങളുടെ വിളനിലമാക്കിയ പാലക്കാട് കുളകാട്ടുകുർശി പുളിയ്ക്കത്താഴെ വീട്ടിൽ സ്വപ്ന ജയിംസ് (41) സംസ്ഥാനത്തെ മികച്ച വനിത കർഷകയായി തിരഞ്ഞെടുക്കപ്പെട്ടത് അർഹിക്കുന്ന അംഗീകാരമായി. നിത്യവും സ്വന്തം കൃഷിയിടത്തിൽ നീണ്ട മണിക്കൂർ ജോലിയിൽ വ്യാപൃതയാകുന്ന സ്വപ്നയുടെ സ്വപ്നം സമ്പൽ സമൃദ്ധമായ കൃഷിയിടമായിരുന്നു. അധ്വാനവും നിശ്ചയദാർഢ്യവും ഒത്തു ചേർന്നപ്പോൾ ലക്ഷ്യം സഫലമായി.

ഇംഗ്ലിഷിൽ ബിരുദാനന്ദ ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഇവർക്ക് കുട്ടികാലത്തു തന്നെ കൃഷിയോട് ഏറെ പ്രിയമായിരുന്നു. ഇതിൽ വിജയം കൊയ്യാനും കഴിഞ്ഞു. നൂതന കൃഷി രീതി അവംലംബിക്കുമ്പോൾ തന്നെ നൂറു ശതമാനം ജൈവകൃഷിയാണ് ഇവർ നടത്തുന്നത്. ജൈവ വളം കൃഷി ഭൂമിയെ ഫലപുഷ്ടിയുള്ളതാക്കുമെന്ന് സ്വപ്ന പറയുന്നു. ഇതു വഴി ഉൽപാദനം ഇരട്ടിയാക്കുമെന്ന് ഇവർ സ്വന്തം അനുഭവത്തിൽ നിന്നും സാക്ഷ്യപ്പെടുത്തുന്നു. തെങ്ങ്, കവുങ്ങ്, ജാതിക്ക, വാഴ, മഞ്ഞൾ, ഫല വൃക്ഷങ്ങൾ, ഇഞ്ചി, പച്ചക്കറി, ക്ഷീര കൃഷി എന്നിങ്ങനെ 600 ഓളം ഐറ്റം ഇവരുടെ കൃഷി സ്ഥലത്ത് ഉണ്ട്.

ഒൻപത് ഏക്കർ വൈവിധ്യങ്ങളുടെ വിളനിലമാക്കി സ്വപ്ന ജയിംസ്ഒരേ ഇനം പലതരത്തിലും കാണാനാകും. മഴ വെള്ള ശേഖരിച്ച് മീൻ വളർത്തലിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വീട്ടിലേക്ക് ഉപ്പ്, സവാള എന്നിങ്ങനെയുള്ള സാധനങ്ങൾ മാത്രം കടയിൽ നിന്നും വാങ്ങിയാൽ മതിയാകും. ബാക്കിയെല്ലാം സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിക്കുന്നു. ഭർത്താവ് ജയിംസ്, മക്കളായ അലൻ, കെവിൻ എന്നിവരുടെ പിന്തുണ കരുത്തേകുന്നു. അക്ഷയ ശ്രീ ജില്ലാ അവാർഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്.