തിരിനനയിൽ കലാധരന്റെ കല

കലാധരൻ മറ്റപ്പിള്ളി വീടിന്റെ ടെറസിലെ തിരിനന കൃഷിത്തോട്ടത്തിൽ.

കലാധരനു കൃഷി ശാസ്ത്രമാണ്. വ്യത്യസ്ത കൃഷിരീതികളും നൂതന പരീക്ഷണങ്ങളും എന്നുമുണ്ട്. ഇപ്പോൾ തിരിനനയിൽ നൂറു ശതമാനം വിജയിച്ചിരിക്കുകയാണു കലാധരൻ മറ്റപ്പള്ളി. തുടർച്ചയായ മൂന്നാം വർഷമാണു തിരിനന കൃഷിയിൽ നൂറുമേനി വിളയിക്കുന്നത്. എറണാകുളം ആലങ്ങാട് കരുമാലൂർ കോട്ടപ്പുറത്ത് മറ്റപ്പിള്ളി വീട്ടിലെ ടെറസിൽ ചെന്നാൽ കാണാം വലിയൊരു പച്ചക്കറിത്തോട്ടം. എൽഐസി ഡവലപ്മെന്റ് ഓഫിസറായിരുന്ന കലാധരൻ വിരമിച്ച ശേഷമാണു കൃഷിയിൽ സജീവമായത്.

തിരിനന; നന പത്തുദിവസത്തിലൊന്ന്

നന 10 ദിവസം കൂടുമ്പോൾ മതിയെന്നതാണു തിരിനന കൃഷിയുടെ പ്രത്യേകത. 10 ഗ്രോബാഗിന് 10 ദിവസം കൂടുമ്പോൾ ഏകദേശം അഞ്ചുബക്കറ്റ് വെള്ളം മതിയാകും. മൂന്നിഞ്ച് പിവിസി പൈപ്പിൽ വെള്ളംനിറച്ചാണു നനയ്ക്കുന്നത്.

പൈപ്പിനു മുകളിൽ ഗ്രോബാഗുകൾ നിറച്ചു വയ്ക്കും. അതിൽനിന്നു പ്രത്യേകതരം തിരി ഗ്രോബാഗിനിടയിലൂടെ പൈപ്പിലെ വെള്ളത്തിലേക്കു കടത്തിവയ്ക്കും. ഗ്ലാസ് വൂൾ എന്നറിയപ്പെടുന്ന തിരിയിൽ കൂടി വെള്ളം കയറി ഗ്രോബാഗിലെ മണ്ണു നനയുന്നതിനാൽ പ്രത്യേകം നനയ്‌ക്കേണ്ടതില്ല.

തിരിക്കും ബാഗിനും 15 രൂപ വീതമാണു വില. ഒരിക്കൽ സ്ഥാപിച്ചാൽ മൂന്നുതവണയെങ്കിലും കൃഷിചെയ്യാം. മണ്ണു മാറ്റിയാൽ വീണ്ടും കൃഷിചെയ്യാം. 175 ഗ്രോബാഗുകളിലാണു കലാധരൻ കൃഷി ചെയ്യുന്നത്.

പച്ചക്കറി, ഏതു വെറൈറ്റിയും

തക്കാളി, വഴുതന, വെണ്ട, ചീര, പാവൽ, പടവലം, പയർ, കോളിഫ്‌ളവർ, കാബേജ്, പടവലം, മുളക്, ഇഞ്ചി, നെല്ല് തുടങ്ങിയവയൊക്കെ തിരിനനയിലൂടെ ടെറസിൽ   വിളഞ്ഞു. 50 തരം പച്ചക്കറി ടെറസിൽ കൃഷി ചെയ്യുന്നുണ്ട്.

ഏഴു വ്യത്യസ്ത ഇനത്തിൽപ്പെട്ട പയർ, അഞ്ചു തരം ചീര, മൂന്നു തരം വെണ്ട, ചെറിത്തക്കാളി എന്നിവ ഇവിടത്തെ സവിശേഷതകളാണ്. "ചായ മൻസ" എന്നറിയപ്പെടുന്ന മായൻ ഗോത്ര ചീര കലാധരന്റെ തോട്ടത്തിലെ അപൂർവ ഇനമാണ്.