തുണ്ട് ഭൂമിയിൽ ഹരിതവിപ്ലവം

സലിജം ജോർജ്

തുണ്ട് ഭൂമിയിൽ ഹരിത വിപ്ലവം തീർക്കാമെന്ന് തെളിയിക്കുകയാണ് ഇടുക്കി ജില്ലാ ആസ്ഥാനത്തൊരു വീട്ടമ്മ. ആകെയുള്ള 15 സെന്റ് പുരയിടത്തിൽ നാണ്യവിളകളും പഴ വർഗങ്ങളും, പച്ചക്കറികളും, കിഴങ്ങ് വർഗങ്ങളുമെല്ലാം നട്ടു പിടിപ്പിച്ചാണ് കരിമ്പൻ മണിപ്പാറ കാനത്തിൽ നടുക്കുഴിയിൽ സലിജം ജോർജ് മണ്ണിൽ പൊന്നു വിളയിച്ചത്. ജാതിയും, ഏലവും, കൊക്കോയും, കുരുമുളകും, തെങ്ങുമെല്ലാം ഈ പുരയിടത്തിലുണ്ട്. ഇടവിളയായി റമ്പൂട്ടാൻ, മാംഗോസ്റ്റിൻ, സീതപ്പഴം, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും. പയർ, വഴുതന, ചീര എന്നിവയ്ക്കൊപ്പം ചേനയും, കാച്ചിലും, ചെറുകിഴങ്ങും ഇവിടെ നന്നായി വിളയുന്നു.

ജോലിക്കാരെ ആശ്രയിക്കാതെ ഒറ്റയ്ക്കാണ് സലിജം കാർഷിക ജോലികൾ ചെയ്യുന്നത്. വീടിനോട് ചേർന്ന് കാലിത്തൊഴുത്തും, ആട്ടിൻകൂടും, മീൻകുളവുമുണ്ട്. മൂന്നു പശുക്കളും, രണ്ട് ആടുകളുമുണ്ട്.

ഇതിനു പുറമേ കോഴിയും, താറാവും, കൂടാതെ പലതരം പക്ഷികളെയും വളർത്തുന്നുണ്ട്. 15 സെന്റിലെ കൃഷിയിൽ നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നു സലിജം പറഞ്ഞു.

മഹാരാഷ്ട്രയിലെ നാസിക്കിൽ എട്ടര വർഷം നഴ്സായിരുന്ന സലിജം ജോലി രാജിവച്ചാണ് നാലു വർഷം മുമ്പ് നാട്ടിലെത്തി കാർഷിക വൃത്തിയിൽ ഏർപ്പെട്ടത്. മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് നൽകി വാഴത്തോപ്പ് സഹകരണ ബാങ്ക് സലിജത്തെ അനുമോദിച്ചിരുന്നു.