ചെറുതല്ല ചേനക്കാര്യം

കെ വി മാമൻ

പേനയ്ക്കും ചേനയ്ക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്നു, തലമുതിർന്ന പത്രപ്രവർത്തകൻ കെ.വി. മാമ്മൻ

നാൽപതു വർഷം നീണ്ട പത്രപ്രവർത്തനം. ഉദ്യോഗത്തിൽനിന്നു വിരമിച്ച ശേഷവും പക്ഷേ പേന താഴെ വച്ചില്ല കെ.വി. മാമ്മൻ. എഴുത്തും എഡിറ്റിങ്ങും പ്രസാധനവുമായി എണ്‍പത്തിയൊമ്പതാം വയസ്സിലും സജീവം. എന്നാൽ കോട്ടയം പട്ടണത്തിനടുത്ത് മാങ്ങാനത്തുള്ള കോട്ടയ്ക്കൽ വീട്ടിലിരുന്ന് ഈ സീനിയർ ജേണലിസ്റ്റ് ഇപ്പോൾ സംസാരിക്കുന്നത് മുന്നൂറ്റിയമ്പതു മൂട് ചേനക്കൃഷിയെക്കുറിച്ചാണ്. പത്രപ്രവർത്തകനായിരുന്ന കാലത്തുമുണ്ട് കൃഷിയോടു കമ്പം. പത്രത്തിൽ ദീർഘകാലം കാർഷികരംഗം പേജിന്റെ ചുമതലയുണ്ടായിരുന്നതിനാൽ കേരളത്തിന്റെ കാർഷികമേഖല കൈവെള്ളയിലെന്നപോലെ സുപരിചിതവുമായിരുന്നു. അന്നും ഇന്നും പക്ഷേ കെ.വി. മാമ്മനു മമത പരിപാലനം കുറവുള്ള കൃഷിയോടാണ്. ഉദ്യോഗത്തിരക്കിനിടയിൽ അതാണല്ല

യോജിച്ചതും. അതുകൊണ്ടുതന്നെ അട്ടപ്പാടിയിലുള്ള കൃഷിയിടത്തിൽ ഇടം നൽകിയത് കുരുമുളകിന്.  മാങ്ങാനത്തെ മുപ്പതു സെന്റ് വരുന്ന പുരയിടവും അധികം ദൂരെയല്ലാതെ കളത്തിപ്പടിയിലുള്ള നാൽപതു സെന്റ് കൃഷിയിടവും വാഴക്കൃഷികൊണ്ടു സമ്പന്നമായി.

കളത്തിപ്പടിയിൽ പക്ഷേ ഇത്തവണ കളം മാറ്റിപ്പിടിച്ചു അദ്ദേഹം; വാഴയ്ക്കു പകരം ചേന. കഴിഞ്ഞ കുംഭമാസത്തിൽ, പുരയിടത്തിൽ അമ്പതു മൂടും കളത്തിപ്പടിയിൽ മുന്നൂറു മൂടുമായി കൃഷിയിറക്കിയ ചേന ഡിസംബറോടെ വിളവെടുപ്പിനു തയാറാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ആനക്കാര്യത്തിനിടയിൽ ചേനക്കാര്യമെന്ന് ആളുകൾ ചേനയെ പുച്ഛിക്കുന്നത് ശരിയല്ലെന്നാണ് കെ.വി.മാമ്മന്റെ പക്ഷം. മികച്ച വില, പരിമിതമായ പരിപാലനം, വിശ്രമ ജീവിതത്തിന് ഇണങ്ങിയ വിള എന്നിങ്ങനെ ഒട്ടേറെ മേന്മകളുണ്ട് ചേനക്കൃഷിക്ക്. കിലോ 35 രൂപയ്ക്ക് 350 കിലോ വിത്തുചേന വാങ്ങിയാണ് കൃഷിയിറക്കിയത്. ചാണകപ്പൊടിയും ചാരവും മാത്രം വളം, ഇടയ്ക്ക് ഒന്നുരണ്ടു വട്ടം കളനീക്കൽ; അതിലൊതുങ്ങി പരിപാലനം. ഒരു ചുവടിൽനിന്നു ശരാശരി നാലു കിലോ വിളവു ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പറിച്ച്്, ഒരുക്കി വിത്തുചേനയാക്കി വിൽക്കുകയാണ്  ലക്ഷ്യം. നിലവിൽ ചേന കിലോയ്ക്ക് നാൽപതു രൂപയോളം വിലയുണ്ട്. ആ സ്ഥിതിക്ക് ചേനക്കൃഷി ലാഭക്കൃഷിയാവുമെന്ന കാര്യത്തിൽ ഈ മുതിർന്ന കർഷകനു സംശയമേയില്ല.

വാഴക്കൃഷിയിൽനിന്നു ചേനക്കൃഷിയിലേക്കു മാറിയത് വിള പരിവർത്തനത്തിന്റെ ഭാഗമായാണ്. ഒരേ വിള ആവർത്തിച്ചു ചെയ്താൽ മണ്ണിൽ ചില മൂലകങ്ങൾ തീർത്തും കുറയും, വിളവു മോശമാകും. ഇടയ്ക്കിടെ യോജ്യമായ മറ്റൊരു വിളയിലേക്കു മാറുകയാണ് നല്ലത്. വാഴ ചേനയ്ക്കു വഴിമാറുന്നത് അങ്ങനെ. ‘‘കൃഷിയിടത്തിന്റെ വളക്കൂറു നഷ്ടപ്പെടാതെ സംരക്ഷിക്കുക എന്നത് കൃഷിയുടെ ആദ്യപാഠം. പെരുമഴയിൽ വെള്ളം കുത്തിയൊലിച്ചു മേൽമണ്ണു നഷ്ടപ്പെടാതിരിക്കാൻ കയ്യാലകൾ കെട്ടി  കരുതൽ തീർത്തിട്ടുണ്ട്. മേൽമണ്ണു നഷ്ടപ്പെട്ടാൽ അടിയിലുള്ള മൺപാളി പഴയ മേൽമണ്ണുപോലെ ഫലഭൂയിഷ്ഠമാവണമെങ്കിൽ ഒന്നും രണ്ടും വർഷം പോരാ, 350 വർഷങ്ങളെങ്കിലും വേണ്ടി വരും’’, അദ്ദേഹം ഒാർമിപ്പിക്കുന്നു. സമ്പാദ്യമുണ്ടാക്കാൻ വേണ്ടിയല്ല ഈപ്രായത്തിൽ താൻ കൃഷി ചെയ്യുന്നത് എന്നും കെ.വി. മാമ്മൻ. ‘‘എഴുത്തുപോലെ ആത്മഹർഷം നൽകുന്ന ഒന്നാണ് കൃഷിയും. പത്രപ്രവർത്തകനായ ഞാൻ ഉദ്യോഗത്തിനൊപ്പം കൃഷിയും കൊണ്ടുനടന്നു. ഈ പ്രായത്തിലും എഴുത്തും കൃഷിയും തുടരുന്നു. നമ്മുടെ നാട്ടിൽ നല്ല പങ്ക് ആളുകളും ജോലി കിട്ടിയാൽ പിന്നെ കൃഷിയെ തഴയും. വിരമിച്ച ശേഷം ശിഷ്ടകാലം  വ്യർഥമാക്കുകയും ചെയ്യും. അവർക്കൊക്കെ ഈ കൃഷിയിടം പ്രചോദനമാവുമെങ്കിൽ അതും സന്തോഷം’’,  അദ്ദേഹത്തിന്റെ വാക്കുകൾ.

ഫോൺ:  0481 2578936