വീട്ടിൽ തന്നെ നെല്ലു കുത്താവുന്ന ചെറുമില്ല്

കരനെൽകൃഷിയുടെ കാലമാണിത്. സ്വന്തം ആവശ്യത്തിനുള്ള വിഷരഹിത അരി ഉൽപാദിപ്പിക്കാനായി ചെറിയ പാടങ്ങൾ പാട്ടത്തിനെടുക്കുന്നവരുമുണ്ട്.  നല്ല അരി ഉറപ്പാക്കാ‍ൻ മട്ടുപ്പാവിൽ പോലും നെൽകൃഷി ചെയ്യുന്നവരെയും കാണാം. എന്നാൽ ഇപ്രകാരം ഉൽപാദിപ്പിക്കുന്ന നെല്ല് പുഴുങ്ങിയുണങ്ങി അരിയാക്കുന്നതിന്  പലർക്കും കഴിയാറില്ല. പത്തായമുണ്ടായിട്ടും സ്വന്തം പാടത്തെ നെല്ല് വിറ്റ്അരി വാങ്ങുകയാണിവർ. കാരണം ഒന്നുമാത്രം– നെല്ലു പുഴുങ്ങാനും കുത്താനുമൊന്നും ആർക്കും േനരമില്ല, സാഹചര്യമില്ല. പത്തു പറ നെല്ലു പുഴുങ്ങിയുണങ്ങാൻ നിവൃത്തിയുണ്ടായിരുന്നെങ്കിൽ നല്ല ചോറുണ്ണാമായിരുന്നെന്ന് നെടുവീർപ്പിടുന്നവർക്ക് ഇതാ സന്തോഷവാർത്ത. മിക്സിയും വാഷിങ് മെഷീനുമൊക്കെ പോലെ വീടിനുള്ളിലെ സാധാരണ പ്ലഗിൽ കുത്തി പ്രവർത്തിപ്പിക്കാവുന്ന നെല്ലുകുത്തുമില്ലും അരിപൊടിക്കൽ യന്ത്രവും ഇപ്പോൾ ലഭ്യമാണ്. നാൽപതിനായിരം രൂപയിൽ താഴെ മാത്രം വിലയുള്ള ഈ യന്ത്രമുപയോഗിച്ചു നെല്ല് കുത്തുന്നവർക്ക് ഇപ്പോഴത്തെ അരിവില പരിഗണിച്ചാൽ ഒരു വർഷത്തിനകം മുടക്കുമുതൽ തിരിച്ചുപിടിക്കാം. 

നെൽകൃഷിയിൽ പുത്തൻമാതൃക സൃഷ്ടിക്കുന്ന മയ്യിൽ നെല്ലുൽപാദക കമ്പനിയാണ് വീടുകളിലെ ഉപയോഗത്തിനു യോജിച്ച ചെറുമില്ലുകൾ സംസ്ഥാനത്ത് വിപണനം നടത്തുന്ന ഏക ഏജൻസി.  അംഗങ്ങളായ കൃഷിക്കാർക്കുവേണ്ടി എത്തിച്ച ഈ യന്ത്രങ്ങളുെട വിപണനം കമ്പനി ഏറ്റെടുക്കുകയായിരുന്നു. മണിക്കൂറിൽ രണ്ടര ക്വിന്റൽ നെല്ല് കുത്തി 150 കിലോയോളം അരി വീഴ്ത്തുന്ന ഈ യന്ത്രം പ്രവർത്തിപ്പിക്കാൻ മണിക്കൂറിൽ 3.6 യൂണിറ്റ് വൈദ്യുതി മതി. ഒരു കിലോ നെല്ല് കുത്തുന്നതിനു പ്രവർത്തനച്ചെലവ് 30 പൈസ മാത്രം. പഴയ ഹള്ളർ  മില്ലുകളുടേതിൽനിന്നു വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ഈ യന്ത്രത്തിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിലാകെ രണ്ടു കമ്പനികൾക്കാണ് ഇത്തരം മില്ലുകളുള്ളതെന്ന് മയ്യിൽ പഞ്ചായത്ത് കൃഷി ഓഫിസർ പി.കെ. രാധാകൃഷ്ണൻ പറഞ്ഞു. നെല്ലുൽപാദക കമ്പനിയുെട മാർഗനിർദേശക ഏജൻസിയായി പ്രവർത്തിക്കുന്നത് ഇവിടുത്തെ കൃഷിഭവനാണ്.

പഴയ മില്ലുകളിൽനിന്നു വ്യത്യസ്തമായി എല്ലാ  തരത്തിലുള്ള നെല്ലും ഈ മില്ലിൽ സംസ്കരിക്കാം.  ഇതേ മോട്ടറുപയോഗിച്ച് നെല്ല് കുത്തുകയും അരി പൊടിക്കുകയും ചെയ്യുന്ന ടു– ഇൻ– വൺ മെഷീനും ലഭ്യമാണ്. ഇതിനു പക്ഷേ വില കൂടും. മുപ്പത് െസന്റ് നെൽകൃഷി അഥവാ 1200 കിലോ നെല്ല് സ്വന്തമായുള്ള കുടുംബങ്ങൾക്ക് ഈ യന്ത്രമുപയോഗിച്ച് വർഷം മുഴുവൻ ചോറുണ്ണാനാവശ്യമായ അരി ഉൽപാദിപ്പിക്കാനായാൽ മുടക്കുമുതൽ ഈടാക്കാനാവുമെന്ന് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പരമ്പരാഗത നെല്ലുൽപാദനമേഖലകൾക്കു പുറത്തുള്ളവർക്ക് സർക്കാരിന്റെ നെല്ലുസംഭരണം ഇല്ലെങ്കിൽ പോലും നെൽകൃഷി ആദായകരമാക്കാൻ ഇതു സഹായിക്കുമെന്ന് കമ്പനി ചെയർമാൻ കെ. കെ. രാമചന്ദ്രൻ പറഞ്ഞു.

വീട്ടാവശ്യങ്ങൾക്കൊപ്പം അയൽക്കാർക്ക് സ്വന്തം പാടത്തെ നെല്ല് കുത്തി വിൽക്കുന്ന മയ്യിൽ സ്വദേശി വിജേഷിന്റെ അനുഭവം പുതിയ തരം മില്ലിന്റെ പ്രയോജനം വ്യക്തമാക്കുന്നു. വീട്ടിലെ ചെറിയ കുട്ടകത്തിൽ 24 കിലോ നെല്ലാണ് ഈ യുവാവ് പരീക്ഷണമെന്നവണ്ണം ആദ്യം പുഴുങ്ങി ഉണങ്ങിയത്. സർക്കാർ സംഭരിക്കുന്ന വിലനിരക്കിൽ 540 രൂപയുെട  നെല്ല്. കിലോയ്ക്ക് 30 പൈസ നിരക്കിൽ 7.20 രൂപയുെട വൈദ്യുതിയും വേണ്ടിവന്നു. ഇത്രയും നെല്ല് പുതിയ മില്ലിൽ കുത്തിയെടുത്തപ്പോൾ വിജേഷിനു കിട്ടിയത് 15 കിലോ അരി. നാടൻ കുത്തരി 70 രൂപ നിരക്കിൽ വിറ്റപ്പോൾ കിട്ടിയത് 1050 രൂപ.  ഉമിയും തവിടും വേറെയും. കാലിത്തീറ്റയായി തവിടിന് ‍ആവശ്യക്കാരേറെ. ഉമിക്കരിയുണ്ടാക്കാനായി ഒരാൾ അഞ്ച് കിലോ ഉമി വാങ്ങിയതോെട വരുമാനം പിന്നെയും വർധിച്ചു.

നെല്ലു പുഴുങ്ങാനും ഉണങ്ങാനുമൊക്കെ െമച്ചപ്പെട്ട സൗകര്യങ്ങൾ ഇവർ കണ്ടെത്തിക്കഴിഞ്ഞു. സമീപ പട്ടണങ്ങളിൽ റൈസ് കിയോസ്കുകൾ സ്ഥാപിച്ച് ചില്ലറ വിപണനത്തിലും  പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി. വീപ്പ പോലുള്ള പാത്രത്തിൽ ഇടത്തട്ട് ഘടിപ്പിച്ച് അധ്വാനഭാരമില്ലാതെ നെല്ലു പുഴുങ്ങുന്നതിനും പോളിഹൗസ് മാതൃകയിലുള്ള സോളർ ഡ്രയറിൽ ഉണങ്ങുന്നതിനുമൊക്കെയുള്ള സംവിധാനങ്ങൾ കമ്പനി ഭാരവാഹികൾ കണ്ടെത്തിക്കഴിഞ്ഞു. വൈകാതെ തന്നെ അവയും കേരളത്തിലെത്തും. അവശേഷിക്കുന്നെനൽകൃഷിയെങ്കിലും അതുവഴി സംസ്ഥാനത്ത് നിലനിൽക്കുമെന്നു പ്രതീക്ഷിക്കാം.

ഫോൺ: 9447487712