നിങ്ങളെന്നെ കർഷകനാക്കി

സമൂഹമാധ്യമങ്ങളിൽ മിക്കവരും വിവാദങ്ങൾ കൃഷി ചെയ്യുമ്പോൾ വിഷരഹിത പച്ചക്കറികൾ എന്ന ലക്ഷ്യവുമായി എന്നും ഫെയ്സ്ബുക്കിൽ ചേക്കേറുന്നവരുടെ കൂട്ടായ്മ–അതാണ് കൃഷിത്തോട്ടം ഗ്രൂപ്പ്. കൃഷി അറിവുകൾ പങ്കുവച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചും കൃഷി സംബന്ധമായ സംശയങ്ങൾക്കു മറുപടി നൽകിയും വിത്തുകളും തൈകളും പരസ്പരം കൈമാറിയുമെല്ലാം ഫെയ്സ്ബുക്കിന്റെ വടക്കുകിഴക്കേ അറ്റത്ത് ഇവർ സദാ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ വൈറലാവാറുള്ള വിഭാഗീയമായ ഒരു ചർച്ചയും ഈ േവാളിൽ കാണില്ല. ഇവിടെ ചർച്ചകളിൽ തളിരിടുന്ന വിഷരഹിത പച്ചക്കറികൾ മാത്രം. അമ്പതിനായിരത്തോളം സജീവ അംഗങ്ങളുള്ള ഈ കൂട്ടായ്മ ഇപ്പോൾ കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രിക്കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റാണ്.

കർഷക കുടുംബത്തിൽ ജനിച്ച തളിപ്പറമ്പ് സ്വദേശി ലിജോ ജോസഫാണ് 2015ൽ ഫെയ്സ്ബുക്കിൽ കൃഷിത്തോട്ടത്തിനു വിത്തിട്ടത്. വിദേശത്തു ജോലി ചെയ്യുന്ന ലിജോ, കൃഷിയിൽ താൽപര്യമുള്ള സുഹൃത്തുക്കളെ അംഗങ്ങളാക്കി തുടങ്ങിയ ഗ്രൂപ്പ് അതിവേഗം പടർന്നു പന്തലിച്ചു. ഗ്രൂപ്പിലെ കൃഷിവിശേഷങ്ങൾ കണ്ടറിഞ്ഞും വായിച്ചു മനസ്സിലാക്കിയും മണ്ണിലിറങ്ങിയവർ ഒട്ടേറെപ്പേരുണ്ട്.  കംപ്യൂട്ടറിനും മൊബൈലിനും മുന്നിലിരിക്കുന്നവർ മണ്ണിലിറങ്ങുമോ എന്നു ചോദിച്ചു മുഖം ചുളിക്കുന്നവർക്കുള്ള മറുപടിയാണ് അംഗങ്ങൾ ഓരോ ദിവസവും അവര്‍ പോസ്റ്റ്ചെയ്യുന്ന കൃഷിത്തോട്ട വിശേഷങ്ങള്‍. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള മലയാളികൾ ഇന്നു ഗ്രൂപ്പിന്റെ ഭാഗമാണ്. സ്ഥലം കുറവാണ്, മണ്ണ് കുറവാണ് തുടങ്ങിയ വാദങ്ങളൊന്നും കൃഷിക്കു തടസ്സമല്ലെന്നു ഗ്രോബാഗിലും ടെറസിലും ഗ്രൂപ്പംഗങ്ങൾ വിളയിക്കുന്ന വിഷരഹിത പച്ചക്കറികൾ കണ്ടാൽ മനസ്സിലാകും.

വഴികാട്ടുന്നവർ

ഓരോ ദിവസവും ഗ്രൂപ്പ് അംഗങ്ങൾ പങ്കുവയ്ക്കുന്ന കൃഷിവിശേഷങ്ങൾ ഇതുവരെ മണ്ണിലിറങ്ങാത്തവരെപ്പോലും മുണ്ടു മുറുക്കി പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നവയാണ്. എന്തു കൃഷിചെയ്യണം, എങ്ങനെ കൃഷിചെയ്യണം, വിത്ത് എവിടെക്കിട്ടും, വളം നൽകേണ്ടതെങ്ങനെ, എത്ര വെള്ളംഒഴിക്കണം തുടങ്ങി തുടക്കക്കാരുടെ ഏതു സംശയവും നിമിഷങ്ങൾക്കകം ഗ്രൂപ്പ് അംഗങ്ങൾ പരിഹരിക്കും. സംശയങ്ങൾക്ക് ഉടൻ മറുപടി ലഭിക്കുമെന്നത് ആദ്യമായി  കൃഷി ചെയ്യുന്നവർക്കു കാര്യങ്ങൾ എളുപ്പമാക്കുന്നു. ഏതു നിമിഷവും മറുപടികളുമായി പരമ്പരാഗത കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പുതുതലമുറയിലെ ജൈവ കർഷകരും ഉൾപ്പെടെയുള്ളവർ സദാ സജീവം.  കൃഷിയറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ഗ്രോബാഗുകളും തൈകളുമെല്ലാം ഗ്രൂപ്പ്് വഴി വിതരണം ചെ യ്യാനും തുടങ്ങിയിരിക്കുന്നു. ഗ്രൂപ്പിന്റെ ഫയൽ സെക്്ഷൻ അക്ഷരാർഥത്തിൽ കൃഷിവിജ്ഞാനകോശമാണ്. ഗ്രോബാഗ് കൃഷി, ടെറസ്കൃഷി, ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, അക്വാപോണിക്സ് തുടങ്ങി ഏതു കൃഷിരീതിയെക്കുറിച്ചും ആഴത്തിൽ അറിയാൻ ഇതു സഹായിക്കും. ജൈവകൃഷിക്കു പുറമേ മാലിന്യ

സംസ്കരണം, അതിനുള്ള ചെലവു കുറഞ്ഞ മാർഗങ്ങൾ, മാലിന്യത്തിൽനിന്നു ജൈവവളം, ബയോഗ്യാസ് തുടങ്ങിയ അറിവുകളും പങ്കുവയ്ക്കുന്നു.

വിത്തുബാങ്കുകൾ

വിത്തുകൾ ലഭിക്കാത്തതുകൊണ്ട് അംഗങ്ങളിൽ ആരും കൃഷി ചെയ്യാതെ പോകരുതെന്ന നിർബന്ധത്തിൽനിന്നാണ് വിത്തുബാങ്കുകളുടെ പിറവി. പരമാവധി പേർക്കു സൗജന്യമായി വിത്തുകൾ എത്തിക്കാനുള്ള ശ്രമമാണ് കൃഷിത്തോട്ടം ഗ്രൂപ്പ് നടത്തുന്നത്. ഇതിനായി കണ്ണൂരിലും തൃശൂരിലുമായി രണ്ടിടത്തു ബാങ്കുകൾ ഒരുക്കിയിട്ടുണ്ട്. അഡ്മിൻ പാനലിലുള്ളവർ സ്വന്തമായി പണംമുടക്കി വാങ്ങുന്നതോ കൃഷിചെയ്തുണ്ടാക്കിയതോ ആയ വിത്തുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തിരുന്നത്. ഇപ്പോൾ അംഗങ്ങൾ വിത്തുബാങ്കുകളിലേക്ക് അവരുടെ തോട്ടങ്ങളിൽനിന്നുള്ള വിത്തുകൾ സൗജന്യമായി അയച്ചുകൊടുക്കുന്നതുകൊണ്ട് വിതരണം സജീവം.വിത്തുകൾ വിതരണത്തിനു തയാറായാൽ വിത്തുബാങ്കിൽനിന്നുള്ള അറിയിപ്പ് ഗ്രൂപ്പിന്റെ ഫെയ്സ്ബുക്ക് വോളിൽ പോസ്റ്റ്ചെയ്യും. വിത്ത് ആവശ്യമുള്ളവർക്ക് കമന്റ്ചെയ്ത ശേഷം സ്വന്തം മേൽവിലാസം എഴുതി സ്റ്റാംപ് ഒട്ടിച്ച കവർ വിത്ത്ബാങ്കിന്റെ വിലാസത്തിൽ അയയ്ക്കാം. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ഏതു കോണിലും വിത്ത് എത്തും. വിത്ത് നൽകുന്നതു  സൗജന്യമായാണ്. 

പക്ഷേ, ചില വ്യവസ്ഥകളുണ്ട്. വിത്ത് സ്വീകരിക്കുന്നവർ നിർബന്ധമായും അതുപയോഗിച്ച് െജെവരീതിയിൽ കൃഷിചെയ്യുകയും അതിന്റെ വിത്ത് ശേഖരിച്ച് വിത്തുബാങ്കിലേക്ക് അയച്ചുകൊടുക്കുകയും വേണം. കൃഷിയുടെ വിവിധ ഘട്ടങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും വേണം.

കണ്ണൂരിലെ വിത്തുബാങ്ക് ആലക്കോട് സ്വദേശിനി ടീന ടൈറ്റസിന്റെ നേതൃത്വത്തിലും തൃശൂരിലെ വിത്തുബാങ്ക് ഗുരുവായൂർ സ്വദേശി റിജോഷ് മരോക്കിയുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. സ്പീഡ് സീഡ് സർവീസ് എന്ന പേരിൽ (എസ്എസ്എസ്) പുതിയ പദ്ധതിക്കും ഗ്രൂപ്പ് തുടക്കമിട്ടിട്ടുണ്ട്.  അതിവേഗം വിത്തുകൾ എത്തിക്കുകയാണ് എസ്എസ്എസിന്റെ ലക്ഷ്യം.

ആവേശത്തോടെ മണ്ണിലേക്ക്

അംഗങ്ങളിലെ കൃഷിതാൽപര്യം വർധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഒട്ടേറെമത്സരങ്ങളും പതിവായി നടക്കുന്നു. അടുക്കളത്തോട്ടത്തിൽനിന്നു സെൽഫി, പശുവിനൊപ്പം സെൽഫി, ഹരിതസേന, മാലിന്യമുക്ത അടുക്കള, ചക്കമഹോത്സവം, അത്തപ്പൂക്കള മത്സരം, ദേ മാവേലി, ജൈവനേന്ത്രൻ, ഞാറ്റുവേല ക്യാംപയിൻ, ഒരു വീടിനൊരു വേങ്ങേരി വഴുതന, അഗതികൾക്കൊരു കൃഷിത്തോട്ട സദ്യ, എന്റെ കൃഷിത്തോട്ട സദ്യ, കണികാണാൻ ഒരു കണിവെള്ളരി അങ്ങനെ നീളുന്നു മത്സരങ്ങൾ. ഭാവിക്കൊരു മുൻകരുതൽ എന്ന സമ്മാനപദ്ധതിയും തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പിന്റെ വിത്തുബാങ്കിൽനിന്നുള്ള വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്യുന്നതിന്റെ ഓരോ ഘട്ടവും വിലയിരുത്തിയാണ് വിജയിയെ നിശ്ചയിക്കുക. ഒട്ടു മിക്ക മത്സരങ്ങൾക്കും വിത്തുകൾതന്നെ സമ്മാനം. ബെസ്റ്റ് ഫാർമർ ഓഫ് ദ വീക്ക് മത്സരവും ഒരുക്കിയിട്ടുണ്ട്. ഗ്രൂപ്പിലെ പോസ്റ്റുകൾ, കമന്റുകൾ, കൃഷിഅറിവുകൾ പങ്കുവയ്ക്കൽ, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒാരോ ആഴ്ചയിലെയും മികച്ച കർഷകനെ കണ്ടെത്തുക. അഞ്ചിനം വിത്തുകളാണ് വിജയിക്കു ലഭിക്കുന്ന സമ്മാനം. വർഷാവസാനം ഇവരിൽനിന്നു തിരഞ്ഞെടുക്കുന്ന മൂന്നു പേർക്കു പ്രത്യേക സമ്മാനമുണ്ടാവും. മികച്ച കുട്ടിക്കർഷകരെ കണ്ടെത്താനും മത്സരങ്ങൾ നടത്താറുണ്ട്.

ശീതകാല പച്ചക്കറികൾ പൂർണമായും ജൈവരീതിയിൽ ഉൽപാദിപ്പിക്കാനുള്ള ക്യാംപയിനാണ് കെടിജി നവകേരളം 2017. 18നും 35നും ഇടയിൽ പ്രായമുള്ളവരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഒക്ടോബറിൽ തുടങ്ങിയ ക്യാംപയിനിൽ 2018 ജനുവരി 31വരെയുള്ള കാലയളവിലെ കൃഷിയും പോസ്റ്റുകളും പരിഗണിച്ചാണ് വിജയിയെ നിശ്ചയിക്കുക.

വേങ്ങേരി വഴുതന

ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങൾക്കും വേങ്ങേരി വഴുതനവിത്തുകൾ സൗജന്യമായി നൽകി കൃഷിചെയ്യിച്ച ശേഷം വിത്തുകൾ ശേഖരിച്ചു കേരളത്തിലെ എല്ലാ വീടുകളിലും വേങ്ങേരിവഴുതന വിത്തുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ‘ഒരു വീടിന് ഒരു വേങ്ങേരിവഴുതന.’ 2016 നവംബറിൽ തുടങ്ങിയ പദ്ധതി ആവേശപൂർവം അംഗങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത ഓണത്തിനു വിഷരഹിത നേന്ത്രക്കുലകൾ വിപണിയിലെത്തിക്കാൻ തുടങ്ങിയ പദ്ധതിയാണ് ‘ദേ മാവേലി, ജൈവ നേന്ത്രൻ.

പാഠം ഒന്ന്, കൃഷിത്തോട്ടം

സ്കൂൾ വിദ്യാർഥികളെ അധ്യാപകരുടെ സഹകരണത്തോടെ മണ്ണിലിറക്കുകയാണ് ‘പാഠം ഒന്ന്, കൃഷിത്തോട്ടം’ പദ്ധതിയുടെ ലക്ഷ്യം. താൽപര്യമുള്ള സ്കൂളുകൾക്ക് 100 ഗ്രോബാഗുകളും വിത്തുകളും ഗ്രൂപ്പിൽനിന്നു സൗജന്യമായി ലഭ്യമാക്കും. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കു പദ്ധതി വ്യാപിക്കാനും ഉദ്ദേശിക്കുന്നു.

കർഷകസംഗമങ്ങൾ

തൃശൂരിലും കണ്ണൂരിലും നടന്ന കൃഷിത്തോട്ടം അംഗങ്ങളുടെ സംഗമം അവിസ്മരണീയ അനുഭവമായിരുന്നു. പലരും ആദ്യമായി കണ്ടുമുട്ടുകയായിരുന്നെങ്കിലും ആരുടെയും മുഖത്ത് അപരിചിതഭാവമുണ്ടായില്ല. എല്ലാ മുഖങ്ങളിലും നിറഞ്ഞ പുഞ്ചിരി, ഉൽസാഹം, പറഞ്ഞുതീരാതെ കൃഷിവിശേഷങ്ങൾ. കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യകൃഷിയെക്കുറിച്ചും കൂൺകൃഷിയെക്കുറിച്ചും നാനോവളങ്ങളെക്കുറിച്ചും ക്ലാസുകളും ഉണ്ടായിരുന്നു. ഗ്രൂപ്പ് അംഗങ്ങൾ തയാറാക്കിയ ജൈവ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഒരുക്കിയിരുന്നു. ലിജോ ജോസഫ്(തളിപ്പറമ്പ്–ദുബായ്), റീജ സതീഷ്(തലശ്ശേരി), സൽവാ ഹസ്കർ (മലപ്പുറം), സ്മിത ദീപു(ഇടുക്കി–ഖത്തർ), റിജോഷ് മരോക്കി ജോസ്(തൃശൂർ), മുകേഷ് ലളിത വിജയൻ (കോട്ടയം), ടി.കെ.ഉദയപ്രകാശൻ (തലശ്ശേരി), സലീജ്എസ്.നായർ(തിരുവനന്തപുരം), ടീന ടൈറ്റസ്(ആലക്കോട്), കെ.വി.സന്ദീപ് എന്നിവരാണ് അഡ്മിൻ പാനലിലുള്ളത്.