വിനോദസഞ്ചാരകേന്ദ്രത്തില്‍ പ്രവാസികളുടെ െജെവകൃഷിത്തോട്ടം

മിനി ഊട്ടിയിലേക്കൊരു ഉല്ലാസയാത്ര, പോകുന്ന വഴി ജൈവ കൃഷിയിട സന്ദർശനം. ഇതാണ് മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം പഞ്ചായത്തിലെ ഗ്രീനക്സ് അഗ്രി ഫാം ഉടമകളായ വെട്ടിയാടൻ അഹമ്മദുൽ കബീറും പി.കെ. റഫീഖും കൃഷിയോടു താൽപര്യമുള്ളവർക്കു നൽകുന്ന ക്ഷണം. ഊരകം പഞ്ചായത്തിലെ മിനി ഊട്ടി മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. മലപ്പുറം നഗരത്തിൽനിന്ന് 13 കിലോമീറ്റർ മാത്രം അകലെയുള്ള മിനി ഊട്ടിയിലേക്കുള്ള വഴിയിലാണ് ഗ്രീനക്സ് അഗ്രി ഫാം. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ അനുഭവമാണ് ഈ ഫാമിലുള്ളതും. തട്ടുതട്ടായുള്ള ഭൂമി. ഏകദേശം അഞ്ചേക്കര്‍  സ്ഥലത്തു നിറയെ  പലതരം പച്ചക്കറികള്‍ വിളഞ്ഞു നിൽക്കുന്നു. 

പ്രവാസികളായിരുന്നു കബീറും റഫീഖും. ഉറ്റ സുഹൃത്തുക്കളും.  പ്രവാസജീവിതം  മടുപ്പായപ്പോൾ ഇരുവരും നാട്ടിലേക്കു മടങ്ങി. എന്നാൽ മടങ്ങുന്നതിനു മുൻപുതന്നെ നാട്ടിലെത്തിയാൽ എന്തു ചെയ്യണമെന്നു രണ്ടു പേരും തീരുമാനിച്ചിരുന്നു. കർഷക കുടുംബത്തിലെ അംഗങ്ങളാണ് രണ്ടുപേരും. അതുകൊണ്ടുതന്നെ കൃഷിയോടു ചെറുപ്പത്തിലേ താൽപര്യമുണ്ട്. റഫീഖിന്റെ കുടുംബസ്വത്തായ ഈ   സ്ഥലം മുപ്പതു വർഷമായി തരിശുകിടക്കുകയായിരുന്നു. സമീപത്തുള്ള പുരയിടങ്ങളിലെല്ലാം പാറമടകള്‍ വന്നെങ്കിലും ഈ പറമ്പ് അതിനായി വിട്ടുകൊടുത്തിരുന്നില്ല.മൂന്നു വർഷം മുമ്പു  നാട്ടിലെത്തിയ റഫീഖും കബീറും പുത്തൻകൃഷിരീതികൾ പഠിക്കാനാണ് ആദ്യം യത്നിച്ചത്. െജെവകൃഷി മതിയെന്ന് ആദ്യമേതന്നെ തീരുമാനിച്ചിരുന്നു. 

ജൈവകൃഷി പഠിക്കാന്‍ ദക്ഷിണേന്ത്യയിലെ ഇത്തരം മിക്ക ഫാമുകളും സന്ദർശിച്ചു. സുഭാഷ് പലേക്കറുടെ കൃഷിരീതിയെക്കുറിച്ചു കൊയിലാണ്ടിയിൽവച്ചാണു പഠിക്കുന്നത്. അതു മനസ്സില്‍ തറച്ചു. വലിയ തോതിൽ കൃഷി ചെയ്യുന്നതിനു മുൻപ് കുന്നുംപുറം എന്ന സ്ഥലത്ത് അരയേക്കറിൽ കൃഷിയിറക്കി, പരീക്ഷണാടിസ്ഥാനത്തിൽ. അതു പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു. ജൈവകൃഷിരീതിയിൽ ഉണ്ടാക്കുന്ന പച്ചക്കറിക്ക് ആവശ്യക്കാർ ധാരാളമുണ്ടെന്നു ബോധ്യപ്പെട്ടതോടെ അഞ്ചേക്കറിലും പച്ചക്കറിതന്നെ കൃഷിചെയ്യാൻ തീരുമാനിച്ചു.

വർഷങ്ങളോളം ക‌ൃഷിചെയ്യാതെ കിടന്നതിനാൽ  കിളച്ചെടുക്കാൻതന്നെ ലക്ഷങ്ങൾ ചെലവുവന്നു. ചെങ്കുത്തായ ഭൂമി  തട്ടുതട്ടായി തിരിച്ചു. 50,000 ലീറ്റർ വെള്ളം സംഭരിക്കാനുള്ള ടാങ്ക് നിർമിച്ചു. നല്ല വളക്കൂറുള്ള മണ്ണില്‍ നനയ്ക്കു തുള്ളിനന സംവിധാനമൊരുക്കി. വെള്ളവും വളവുംഒന്നിച്ചുനൽകുന്ന ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത കൃഷിരീതിയും സംയോജിപ്പിച്ചുള്ള കൃഷിയില്‍ പച്ചക്കറികളുടെ ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിച്ചത്. എല്ലാത്തരം പച്ചക്കറികളും ചേമ്പ്, ചേന, വാഴ എന്നീ ഇടവിളകളും കൃഷിയിറക്കി. ടാങ്കില്‍ മത്സ്യങ്ങളെയും വളർത്തുന്നുണ്ട്. 

മത്സ്യങ്ങളുടെ വിസർജ്യവും  ഭക്ഷണാവശിഷ്ടങ്ങളും ചെടികൾക്കു വളമാകുന്നു.ഈ ടാങ്കിൽനിന്നുള്ള പൈപ്പിലൂടെ വരുന്ന വെള്ളത്തിലേക്കു െജെവവളമിശ്രിതം ദ്രാവകരൂപത്തിൽ ചേർക്കും. അതോടെ ചെടികൾക്കു വേണ്ട വളം കൃത്യമായി ലഭിക്കും. ജീവാമൃതം, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ് എന്നിവയാണ് ചെടികൾക്കു ലഭ്യമാക്കുന്നത്.  ഗോമൂത്രവും ശീമക്കൊന്നയുടെ ഇലയും ചേർത്തുള്ള മിശ്രിതം പച്ചക്കറികൾക്കു പതിവായി നൽകും. ഇതു വളവും കീടനാശിനിയുമാണ്.  ഒരിക്കലും രാസകീടനാശിനി ഉപയോഗിച്ചിട്ടില്ല. നീമാസ്ത്രം, ബ്രഹ്മാസ്ത്രം,ആഗ്നേയാസ്ത്രം, പത്തിലക്കഷായം, കപ്പയില മിശ്രിതം തുടങ്ങിയ നാടൻ കീടനാശിനികൾകൊണ്ടാണ് കീടങ്ങളെ നിയന്ത്രിക്കുന്നത്. 

വിപണനം

വലിയ തോതിൽ കൃഷിചെയ്യുമ്പോൾ വിൽപനയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജൈവ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽനിന്നു നല്ല ഓർഡർ ലഭിച്ചു. ഊരകം കൃഷിഭവനിൽനിന്ന് കൃഷിക്കുവേണ്ട എല്ലാ സഹായവും ലഭിച്ചു.  മാതൃകാതോട്ടമായി കൃഷിഓഫിസർമാർ വിശേഷിപ്പിച്ചതോടെ  ഫാം കാണാനും പഠിക്കാനും കര്‍ഷകര്‍ വന്നുതുടങ്ങി.   സമീപത്തുള്ള സ്കൂളുകളിലെ കുട്ടികളും അധ്യാപകരും കൃഷി പഠിക്കാന്‍ എത്തിയതോടെ ഫാമിനു പേരും പെരുമയുമായി. ഇതു വിപണനം എളുപ്പമാക്കി.  ഈ സമയത്താണ് ടൂറിസവും കൃഷിയും സംയോജിപ്പിച്ചു  വിപണനമെന്ന   ആശയം ഉദിക്കുന്നത്. 

മിനി ഊട്ടിയിലേക്കു ധാരാളം പേർ ഇതുവഴി പോകും. അന്നേരം ഗ്രീനക്സിൽ കയറി നാടൻ പച്ചക്കറി വാങ്ങാമെന്ന പരസ്യവാചകം ശരിക്കും ഏറ്റു. മിനി ഊട്ടി കണ്ടു മടങ്ങുന്നവർ ഫാമിലെത്തി ആവശ്യമുള്ള പച്ചക്കറി സ്വയം പറിച്ചെടുത്തു മടങ്ങുന്ന രീതി നടപ്പാക്കിയതോടെ  ഇവിടത്തെ  പച്ചക്കറി ആവശ്യത്തിനു തികയാത്ത അവസ്ഥയാണ്. 

രണ്ടു ജോലിക്കാര്‍ക്കൊപ്പം   കബീറും റഫീഖും മുഴുവൻ സമയവും കൃഷിയിടത്തിലുണ്ടാകും. വിദേശത്തുനിന്നെത്തി ഇവിടെ കൃഷിചെയ്യാനിറങ്ങിയാൽ ദിവസം എന്തു കിട്ടുമെന്നു കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് പച്ചക്കറി വാങ്ങാനെത്തുന്നവരുടെ  തിരക്ക്. കൃഷിചെയ്യാൻ താൽപര്യമുള്ളവര്‍ക്കു വേണ്ടി മണ്ണ്, വളം എന്നിവ നിറച്ച ഗ്രോബാഗുകളും പച്ചക്കറിതൈകളും ഇവിടെ വില്‍പനയ്ക്കുണ്ട്. കൂടുതൽ ഗ്രോബാഗ് ആവശ്യമുണ്ടെങ്കിൽ വീടുകളിൽ എത്തിക്കും. കൃഷി പഠിക്കാൻ താൽപര്യമുള്ളവർക്കായി ഫാമില്‍ പരിശീലനക്ലാസമുണ്ട്.

ഫോൺ: 8589040508 (കബീർ)