ഇന്നസന്റിന്റെ കൃഷിയിടം; ഇവിടം സ്വർഗമാണ്

ഇന്നസന്റ് കാളക്കല്ലിലുള്ള തന്റെ കൃഷിയി‍ടത്തിൽ.

പുതുക്കാട് ∙ മോഹൻലാൽ അഭിനയിച്ച ‘ഇവിടം സ്വർഗമാണ്’ എന്ന ചലച്ചിത്രത്തിലെ മനോഹരമായ ഫാമിനെ ഓർമിപ്പിക്കുന്നതാണ് അളഗപ്പനഗർ പഞ്ചായത്തിലെ കാളക്കല്ലിൽ ഇന്നസന്റ് സി.തോമസിന്റെ കൃഷിയിടം. പടർന്നു പന്തലിച്ചു നിൽക്കുന്ന പടവലവും പയറും അമരയും വെള്ളരിക്കയും കൂടാതെ ചീര, കൊത്തമര, ഉള്ളി, കാബേജ്, കോളിഫ്‌ളവർ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. ഇതിനിടയിൽ ചോളവും തണ്ണിമത്തനും വിളഞ്ഞു നിൽക്കുന്നു. താറാവുക്കൂട്ടങ്ങളും കോഴികളും പശുക്കളും മേയുന്ന കൃഷിയിടം കടുത്ത വേനലിലും പച്ചവിരിച്ചു നിൽക്കുകയാണ്. 

പാട്ടത്തിനെടുത്ത രണ്ടേക്കർ ഉൾപ്പെടെ 3.2 ഏക്കറിലാണ് ഇന്നസെന്റിന്റെ കൃഷിയിടം. പയറും പാവലും ചുവന്നുള്ളിയും വെണ്ടക്കായയുമൊക്കെ വിളവെടുത്തു കഴിഞ്ഞു. നമ്മുടെ നാട്ടിലെ കൃഷിയിടങ്ങളിൽ പതിവില്ലാത്ത ചോളവും തണ്ണിമത്തനും നൂറുമേനി വിളവാണു നൽകുന്നത്. ജൈവവളം ഉപയോഗിച്ചാണു കൃഷി. കൃഷിയിടത്തിൽ ഡ്രിപ്പ് ലിഫ്റ്റ് ഇറിഗേഷൻ ഉപയോഗിച്ചു വെള്ളമെത്തിച്ചാണു വിളകൾ നനയ്ക്കുന്നത്.

വിളവെടുക്കുന്നവ പരമാവധി ഫാമിൽ തന്നെ വിൽപന നടത്തും. ബാക്കിയുണ്ടെങ്കിൽ മണ്ണംപേട്ടയിൽ സൊസൈറ്റി വഴി ആവശ്യക്കാരിലെത്തിക്കും. അമിത ലാഭം കൊയ്യാൻ രാവസവളം പ്രയോഗിക്കുന്നതിനെതിരായ ഇന്നസന്റ്, ജൈവ വളത്തിന്റെ പരിമിതികളിലൊതുങ്ങുന്ന ലാഭം മാത്രം പ്രതീക്ഷിച്ചാണു കൃഷി ചെയ്യുന്നത്. 

കൃഷിക്ക് അളഗപ്പനഗർ പഞ്ചായത്ത്, കൃഷിഭവൻ അധികൃതർ വലിയ പ്രോത്സാഹനം നൽകുന്നതു തനിക്കു പ്രചോദനമാണെന്നും ഇന്നസെന്റ് പറയുന്നു. തലോർ സ്വദേശിയായ ചിറമ്മൽ ഇന്നസന്റിന്റെ കർഷക മനസിനു ഭാര്യ സിനോയുടെയും മക്കളായ ആൻമേരി, നിയാമേരി എന്നിവരുടെ പരിപൂർണ പിന്തുണയുമുണ്ട്. ജൈവ രീതിയിൽ കൃഷി നടത്തിയാൽ വിളവ് വിറ്റഴിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ലെന്നും ആളുകൾ കർഷകരെ തേടി വരുമെന്നാണു തന്റെ അനുഭവമെന്നും ഇന്നസന്റ് പറയുന്നു.