കൃഷിയില്‍ അപൂർ‌വനേട്ടം െകായ്യുന്ന വിദ്യാലയം

കുട്ടികൾ ഇങ്ങനെയൊക്കെ കൃഷി ചെയ്യുമോ എന്ന് ആരും ചോദിച്ചു പോകും കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയാൽ. മികച്ച വിളവിനൊപ്പം  അവാര്‍ഡുകളും  കൊയ്തെടുത്തുശ്രദ്ധേയ നേട്ടം െകെവരിക്കുകയാണ് ഈ ഹരിതവിദ്യാലയം. അധ്യയനവർഷത്തിൽ എല്ലാ ദിവസവും സ്കൂളിലെ ഉച്ചഭക്ഷണത്തിനു വേണ്ട പച്ചക്കറി ഉൽപാദിപ്പിക്കുക, ബാക്കി കൃഷിവകുപ്പിന്റെ സ്റ്റാൾവഴി വിൽക്കുക. സമീപത്തുള്ളവരെ കൃഷിയിലേക്ക് ആകർഷിക്കുക തുടങ്ങി െവെവിധ്യമാര്‍ന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെയാണ്  എല്ലാ വർഷവും സർക്കാരിന്റെ കൃഷി അവാർഡുകൾ ഈ സ്കൂളിലേക്കെത്തുന്നത്. 

പാരമ്പര്യത്തിൽ തൊട്ട കൃഷി

കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കാർഷികപാരമ്പര്യമുണ്ടായിരുന്നു. സ്കൂളിന്റെ ആരംഭകാലം മുതൽ1964 വരെ കാർഷികപഠനകേന്ദ്രമായിരുന്നു ഇവിടം.  കൃഷിയുടെ പ്രായോഗിക പഠനത്തിനായി മൂന്ന് ഏക്കറോളം വരുന്ന നെൽവയലും  സ്കൂളിനുണ്ടായിരുന്നു. കൂടെ കന്നുകാലി ഫാമും.  1964 നുശേഷം കാർഷിക പഠനം നിലച്ചു. കൃഷിഭൂമി ക്രമേണ  തരിശായി. കുന്നുമ്പ്രോൻ രാജൻ എന്ന അധ്യാപകൻ മുൻകൈ എടുത്താണു 2006ൽ കൃഷി വീണ്ടും ആരംഭിക്കുന്നത്. പത്തു സെന്റിൽ തുടങ്ങിയ കൃഷി സ്കൂൾ വളപ്പിലും സമീപത്തുള്ള വയലിലുമായി ഇപ്പോൾ മൂന്ന് ഏക്കറിലെത്തിയിരിക്കുന്നു. 

സ്കൂളിൽ ഈ വർഷത്തെ വിളവെടുപ്പിന്റെ കണക്കൊന്നു നോക്കാം. 10  സെന്റിൽനിന്ന് 360 കിലോ പയർ, വെണ്ട(240 കിലോ), വെള്ളരി(340 കിലോ ), ചുരങ്ങ(608 കിലോ), ചീര( 91 കിലോ), പടവലം(415 കിലോ),വഴുതന(35 കിലോ),മുളക്(മൂന്നു കിലോ), പീച്ചിക്ക(750 കിലോ), ചേമ്പ്(50 കിലോ), ചേന(240 കിലോ), ഇഞ്ചി(30 കിലോ), മഞ്ഞൾ(450 കിലോ), കപ്പ(1230 കിലോ). കൂടാതെ, 30 സെന്റിൽനിന്ന് 1640 കിലോ  നേന്ത്രനും   10 സെന്റിൽനിന്ന്175 കിലോ അടക്കാപൂവനും അഞ്ചു സെന്റിൽനിന്ന് 250 കിലോ റോബസ്റ്റയും പഴമായി ലഭിച്ചു. 20 സെന്റിൽനിന്ന് 260 കിലോ നെല്ലും. 

കൃഷിമനസ്സുള്ള വിദ്യാർഥികൾ

വിദ്യാർ‍ഥികൾതന്നെയാണ് കൃഷിപ്പണികളെല്ലാം  ചെയ്യുന്നത്. കൃഷി വിളവെടുക്കാന്‍ മാത്രമല്ല, കുട്ടികൾക്ക് അറിവു പകരാൻ കൂടിയാണെന്ന് അധ്യാപകനായ രാജൻ പറയുന്നു. കേരളത്തിൽ വളരാൻ സാധ്യതയുള്ള വിളകൾ, അവയുടെ കൃഷിരീതി, പരിചരണം എന്നിവയെല്ലാം കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാം.  ഓരോ കാലാവസ്ഥയിലും ഏതെല്ലാം വിളകള്‍ കൃഷി ചെയ്യാമെന്നു പഠിക്കുന്ന കുട്ടിക്കു സ്കൂളില്‍നിന്നു പോയാലും ആ അറിവ് മനസ്സിൽ നിൽക്കും. 

മധ്യവേനൽ അവധി തുടങ്ങുമ്പോൾ തന്നെ സ്കൂളിൽ മണ്ണൊരുക്കല്‍ ആരംഭിക്കും. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മണ്ണുപരിശോധനയിലൂടെയാണ് തുടക്കം. നാട്ടിലെ പഴയ കർഷകരിൽനിന്ന് അനുഭവങ്ങൾ നേരിട്ടു പഠിക്കാനും കുട്ടികൾ മുന്നിട്ടിറങ്ങും. പരിസ്ഥിതിക്ലബിലെ 50 വിദ്യാർഥികളാണ് കർഷകസംഘത്തിലുള്ളത്. വിത്തും വളവുമെല്ലാം സ്കൂളില്‍ത്തന്നെ  ലഭ്യമാണ്. രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് നാലുമുതൽ 5.30 വരെയുമാണ് കൃഷിസമയം. 

എല്ലാത്തരം പച്ചക്കറികളും കൃഷിയിടത്തിലുണ്ട്. കാരറ്റ്, ബീറ്റ്‍റൂട്ട്, മുള്ളങ്കി എന്നീ ശീതകാല പച്ചക്കറികളും മല്ലി, പുതിന, കൂർക്ക, സോയാബീൻ, ചോളം, ചാമ, മുത്താറി, എള്ള്, ഉഴുന്ന്, നിലക്കടല, ഗോതമ്പ് എന്നിവയും   നമ്മുടെ മണ്ണിൽ നന്നായി വിളയുമെന്നു കുട്ടികൾ തെളിയിച്ചു. മഴക്കാലത്തു കൃഷി പ്രയാസമായപ്പോൾ ഈ വർഷം 2.5 സെന്റിൽ മഴമറക്കൃഷി നടത്തി.  ഇതിൽനിന്ന്  50,000 രൂപയുടെ പച്ചക്കറി ലഭിച്ചു. ഈ അധ്യയനവർഷം ജൂൺ ഒന്നു മുതൽ മാർച്ച് പകുതിവരെ എല്ലാ ദിവസവും സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി ഇവിടെത്തന്നെ ഉൽപാദിപ്പിച്ചു.  ഉള്ളിയും ഉരുളക്കിഴങ്ങും  മാത്രമേ പുറത്തുനിന്നു വാങ്ങിയിട്ടുള്ളൂ. 

ആകെ ലഭിച്ച പച്ചക്കറിയുടെ വില ലക്ഷക്കണക്കിനു രൂപ വരും. സ്കൂളിലെ ആവശ്യം കഴിഞ്ഞ് 45,000 രൂപയുടെ  പച്ചക്കറി കൃഷിവകുപ്പിന്റെ സുഭിക്ഷ സ്റ്റാൾ വഴി വിൽക്കുകയും ചെയ്തു. സ്കൂളിലുള്ള 3000 കുട്ടികളിൽ1400 പേര്‍ക്ക്  ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. ഏകദേശം 45 കിലോ പച്ചക്കറി ദിവസവും വേണം. ആഴ്ചയിൽ നാലു ദിവസമാണ്് വിളവെടുപ്പ്. സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ നിരക്കിൽ പച്ചക്കറി വിൽക്കുകയും ചെയ്യുന്നുണ്ട്. രാസവളവും രാസകീടനാശിനിയും ഉപയോഗിക്കാതെയാണ് കൃഷിയെന്നു രാജൻ കുന്നുമ്പ്രോൻ പറഞ്ഞു. വിദ്യാലയത്തിലെ കരിയില, പച്ചില, ബയോഗ്യാസ് പ്ലാന്റിലെയും മണ്ണിരക്കമ്പോസ്റ്റ്് യൂണിറ്റിലെയും ജൈവവളം, കഞ്ഞിപ്പുരയിലെ ചാരം,  കോഴിഫാമിലെ കോഴിവളം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാണകം, ഗോമൂത്രം എന്നിവ പുറത്തുനിന്നു വാങ്ങും. കാന്താരിമുളക്–വേപ്പെണ്ണമിശ്രിതം, പുകയിലക്കഷായം, മഞ്ഞക്കെണി, ഫിറമോൺകെണി, തുളസിക്കെണി എന്നിവയാണ് കീടങ്ങളെ അകറ്റാൻ ഉപയോഗിക്കുന്നത്. 

സ്കൂളിലെ കൃഷി പുറത്തേക്കും വ്യാപിക്കുകയാണ്. കൂത്തുപറമ്പിലെ പ്രമുഖ ക്ഷേത്രമായ മെരുവമ്പായി  കൂർമ്പ ഭഗവതിക്കാവിലെ ഉത്സവത്തിന് ഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ക്ഷേത്രത്തിൽതന്നെ കൃഷിചെയ്യാൻ ക്ഷേത്ര സമിതിയെ പ്രേരിപ്പിച്ചത് ഇവിടത്തെ  വിദ്യാർഥികളാണ്. മെരുവമ്പായി നജുമുൽ ഹുദാ യതീം ഖാനയിലെ അന്തേവാസികളായ വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ യതീംഖാന വളപ്പിൽ കൃഷിചെയ്യുന്നത് ഇവിടുത്തെ വിദ്യാർഥികളുടെ സഹായത്തോടെയാണ്. 

കൃഷിയില്‍ കുട്ടികളുടെ  താൽപര്യം അധ്യയനകാലം  അവസാനിക്കുന്നതോടെ തീരുന്നില്ല. പ്ലസ്ടു കഴിയുന്ന കുറേപ്പേർ ബിരുദത്തിന് െഎച്ഛികവിഷയമായി എടുത്തതു കൃഷിയാണ്.  കുന്നുമ്പ്രോൻ രാജന്റെ മകൾ സുരഭി ഈ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇപ്പോൾ കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥയാണ്. അച്ഛന്റെ കൃഷിതാൽപര്യമാണ് സുരഭിയെ ഈ രംഗത്തെത്തിച്ചത്. 

ഫോണ്‍: 9947221030

(കുന്നുമ്പ്രോൻ രാജന്‍)