യുട്യൂബ് ‘വിരിയിച്ച’ മുട്ടകൾ: അതുലിന്റെ വിജയകഥ

പാവറട്ടി ∙ ഒരു മിനിറ്റ് ഒഴിവു കിട്ടിയാൽ അതുൽകൃഷ്ണ യുട്യൂബിൽ കയറുമായിരുന്നു. പിള്ളേർ ഇങ്ങനെ മൊബൈൽജീവികൾ ആയി പോയാലെന്തു ചെയ്യും എന്നാലോചിച്ച നാട്ടുകാർ ഇപ്പോൾ ഈ പത്താം ക്ലാസുകാരൻ സ്വന്തമായി വരുമാനമുണ്ടാക്കുന്നതുകണ്ട് അന്തം വിടുകയാണ്. മുട്ടകൾ വിരിയിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും പാഴ്‌വസ്തുക്കൾ കൊണ്ട് സ്വന്തമായി ഇൻക്യുബേറ്ററും ഹാച്ചറിയും നിർമിച്ചിരിക്കുകയാണ് പത്താം ക്ലാസുകാരൻ അതുൽ കൃഷ്ണ. എല്ലാം യു ട്യൂബിൽ നിന്ന് സ്വായത്തമാക്കിയ അറിവ്. ചിറ്റാട്ടുകര വിളക്കാട്ടുപാടം അമ്മൂസ് ലൈനിൽ പാണ്ടാരിക്കൽ ഗണേശന്റെ മകനാണ് ഇൗ അഭിമാനതാരം.

പഴയ റഫ്രിജറേറ്റർ വാങ്ങി അതിനുള്ളിലാണ് മുട്ട വിരിയിക്കുന്നതിനുള്ള ഇൻക്യുബേറ്റർ ഒരുക്കിയത്. 60 വോൾട്ടിന്റെ മൂന്ന് ബൾബുകൾ, പഴയ ഫാൻ, താപനിയന്ത്രണ യന്ത്രം എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. 600 കാട കുഞ്ഞുങ്ങളെയും 120 കോഴിക്കുഞ്ഞുങ്ങളെയും ഓരോ തവണയും വിരിയിച്ചെടുക്കാം. കാടമുട്ടകൾ 18 ദിവസം കൊണ്ടും കോഴിമുട്ടകൾ 21 ദിവസം കൊണ്ടും വിരിയും. തെർമോകോളിലാണ് ആദ്യം ഇൻക്യുബേറ്റർ തയാറാക്കി മുട്ടകൾ വിരിയിച്ചത്.

എന്നാൽ വൈദ്യുതി ചെലവ് കൂടുകയും ചൂട് പെട്ടെന്നു കുറയുകയും ചെയ്യുന്നതുമൂലമാണ് പഴയ റഫ്രിജറേറ്റർ വാങ്ങി പുതിയ രീതി പരീക്ഷിച്ചത്. ഇൻക്യുബേറ്ററിന്റെ നിർമാണത്തിനായി ആകെ 1500 രൂപയാണ് ചെലവായത്. വിരിയിക്കാൻ വച്ച മുട്ടയുടെ ഉണ്ണി ഒട്ടി പിടിക്കാതിരിക്കാൻ ആദ്യമാദ്യം ഓരോ മുട്ടയും പലതവണ കൈ കൊണ്ട് തിരിക്കലായിരുന്നു പതിവ്.

ഇത് അധ്വാന ഭാരം കൂട്ടിയപ്പോൾ ഓട്ടമാറ്റിക്കായി മുട്ടകൾ അടുക്കിവെച്ച ട്രേ തിരിയുന്നതിന് ടൈമർ വെച്ച് ഇലക്ട്രോണിക് സംവിധാനം ഒരുക്കി. വിരിയിച്ചെടുക്കുന്ന കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതിന് പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഹാച്ചറി സംവിധാനങ്ങളും അതുൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ കോഴി വളർത്തലും കാടവളർത്തലുമായി സ്ഥിര വരുമാനമുണ്ട് അതുലിന്. പരിസരത്തെ വീടുകളിൽ നിന്നെല്ലാം വീട്ടമ്മമാർ കോഴിമുട്ട വിരിയിക്കുന്നതിന് അതുലിനെയാണ് ആശ്രയിക്കുന്നത്. വാട്സാപ് കൂട്ടായ്മകളും അതുലിന് പ്രോൽസാഹനം നൽകുന്നുണ്ട്.