പിവിസി പൈപ്പിൽ കുരുമുളകുകൃഷി

പിവിസി പൈപ്പിൽ ക‌ുര‌ുമ‌ുളകു വള്ളികൾ പടർന്നപ്പോൾ.

പിറവം∙ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴഞ്ചൊല്ല്, ഇനി കുരുമുളക് പിവിസി പൈപ്പിലും കായ്ക്കുമെന്നു മാറ്റിപിടിച്ചാലും അദ്ഭുതപ്പെടാനില്ല. കാരണം ജില്ലയുടെ കിഴക്കൻ മേഖലയിലെ കൃഷിയിടങ്ങളിൽ ഇത്തരമൊരു പരീക്ഷണം കർഷകർ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ കുരുമുളകു വള്ളികൾക്കു താങ്ങായി ഉപയോഗിച്ചിരുന്ന കൊന്ന, ഇലവ് പോലുള്ള മരങ്ങൾ ഒരു ഘട്ടമെത്തുമ്പോൾ കേടു മൂലം ഒടിഞ്ഞു വീഴുന്നതു പതിവായിരുന്നു. ഇതോടെ കുരുമുളകു ചെടികളും നശിക്കുന്നതായിരുന്നു അനുഭവം. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ഉയരമുള്ള മരങ്ങളിൽ വിളവെടുക്കുകയെന്നതും ദുഷ്കരമായി. ഇതിനെല്ലാം പരിഹാരമായാണ് പിവിസി പൈപ്പിൽ കുരുമുളകു വിളയിക്കുന്ന വിദ്യ കർഷകർ പരീക്ഷിക്കുന്നത്. 

തുടക്കത്തിൽ സാമ്പത്തിക ബാധ്യതയായി തോന്നാമെങ്കിലും ദീർഘകാല വിളവെടുപ്പിന് ഇൗ രീതി ഏറെ പ്രയോജനകരമാണെന്നാണ് കർഷകനായ ഇലഞ്ഞി മുട്ടപ്പിള്ളിൽ ജോസ് സെബാസ്റ്റ്യൻ പറയുന്നത്. മേഖലയിൽ ആദ്യമായി ഇൗ മാതൃക പരീക്ഷിച്ച കർഷകനാണ് ജോസ് സെബാസ്റ്റ്യൻ. ഒരു വർഷം പിന്നിട്ടതോടെ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ കുരുമുളകു വള്ളികൾ കായ്ച്ചു തുടങ്ങി. മറ്റു വൃക്ഷങ്ങളൊന്നും ഇല്ലാത്ത ഭൂമിയാണെങ്കിൽ ഒരേക്കർ സ്ഥലത്ത് ആയിരം ചെടികൾ വരെയും നടാനാവും. രണ്ടിഞ്ച് വ്യാസവും നാലു മീറ്റർ ഉയരവുമുള്ള പിവിസി പൈപ്പാണ് താങ്ങുകാലായി ഉപയോഗിക്കുന്നത്. ഇതിനുള്ളിൽ‌ ഇരുമ്പു കമ്പി ഇറക്കിയതിനു ശേഷം കോൺക്രീറ്റ് മിശ്രിതം നിറയ്ക്കും. ഇതിനു ശേഷം പിവിസി പൈപ്പിനു പുറമെ ചകിരിക്കയർ ചുറ്റും. കുരു‌മുളക‍ു വള്ളികൾ വേരു പിടിച്ചു പടരുന്നതിനായാണിത്. ഇൗ പൈപ്പ് ഒരു മീറ്റർ അകലത്തിൽ അര മീറ്റർ താഴ്ച്ചയിൽ കുഴിച്ചിടും. കുരുമുളക് ചെടിക്ക് പ്രയോഗിക്കുന്ന വളം താങ്ങുമരം ആഗിരണം ചെയ്യുന്നതിനുള്ള സാധ്യതയും ഇതേ മാതൃകയിൽ ഇല്ലാതാകും.

ഉൽപാദന ക്ഷമത ഏറിയ കരിമുണ്ട, പന്നിയൂർ, കൈരളി, പന്നിവാലൻ തുടങ്ങിയ ഇനങ്ങളാണ് മികച്ചത്. സ്വകാര്യ നഴ്സറികളിൽ നിന്നും ഇപ്പോൾ ഹൈബ്രിഡ് തൈകൾ ലഭിക്കും. തൈകൾ നട്ടതിനു ശേഷം ചുവട്ടിൽ പ്ലാസ്റ്റിക് ആവരണം ചെയ്യുന്നതും ഫലപ്രദമാണ്. ചെടികളുടെ ചുവട്ടിൽ ഇൗർപം നിൽക്കുന്നതിനും കള പടരുന്നത് ഒഴിവാക്കുന്നതിനുമായാണിത്. കടുത്ത വെയിലിനെ പ്രതിരോധിക്കുന്നതിനായി ഡ്രിപ് ഇറിഗേഷൻ മാതൃകയാണ് നിർദേശിക്കപ്പെടുന്നത്. നാലു വർഷത്തിനുള്ളിൽ ചെടി പൂർണ വളർച്ചെയെത്തുന്നതോടെ ഒരു ചുവട്ടിൽ നിന്നും അഞ്ചു കിലോഗ്രാം കുരുമുളക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്നര മീറ്റർ മാത്രം ഉയരമുള്ളതിനാൽ ഗോവണി ഉപയോഗിച്ചു തൊഴിലാളി സഹായം ഇല്ലാതെ വിളവെടുപ്പും സാധ്യമാവും. കമുക്, തെങ്ങ് തുടങ്ങിയ കൃഷികളുടെ ഇടവിളയായും ഇൗ മാതൃക പരീക്ഷിക്കാമെന്നാണ് പറയപ്പെടുന്നത്.