ഉദ്യോഗം വിട്ട് കൃഷിയിൽ

എണ്ണത്തിൽ കുറയുമെങ്കിലും കൃഷിപാരമ്പര്യത്തിലേക്കു കടന്നുവരാൻ താൽപര്യപ്പെടുന്ന  അഭ്യസ്തവിദ്യരായ യുവതലമുറ തെലങ്കാനയിലുമുണ്ട്. സഹീറാബാദ് സ്വദേശിയായ ചേതൻ ദബ്കെ ഉദാഹരണം. NIPHM ൽ നിന്നു നേടിയ പരിശീലനമാണ് കൃഷിയെ കൂടുതൽ ശാസ്ത്രീയമാക്കാനും പ്രകൃതിസൗഹൃദകൃഷിയുടെ പ്രചാരകനാകാനും പ്രചോദനമെന്ന് ചേതൻ.

പിതാവിനു തമിഴ്നാട്ടിൽ ജോലിയായിരുന്നതിനാൽ ചേതൻ പഠിച്ചത് അവിടെയാണ്.  ചെന്നൈയിലെ എസ്ആർഎം സർവകലാശാലയിൽനിന്ന് സിവിൽ എന്‍ജിനീയറിങ്ങിൽ ബിടെക് നേടിയ ചേതൻ ജോലി വിട്ട് കൃഷിയിലിറങ്ങുന്നത് യാദൃച്ഛികമായാണ്. ദീർഘകാല പാട്ടത്തിനു നൽകിയിരുന്ന കൃഷിയിടം അവഗണിക്കപ്പെട്ടു കിടക്കുന്നതു കണ്ടപ്പോൾ സ്വന്തം നിലയ്ക്ക് കൃഷിയായാൽ എന്തെന്നായി. കൃഷിയിൽ താൽപര്യമേറിയതോടെ മസനോബു ഫുക്കുവോക്ക മുതൽ നമ്മാൾവാർ വരെയുള്ളവരുടെ കൃഷിചിന്തകൾ ഹൃദിസ്ഥമാക്കിയെന്ന് ചേതൻ. 

സഹീറാബാദിലും തൊട്ട് അയൽനാടായ കർണാടകയിലെ ബിദാർ ജില്ലയിലുമായി  ഇരുപത്തിരണ്ടര ഏക്കർ കൃഷിയിടമാണ് ചേതനുള്ളത്. ചോളവും ചെറുധാന്യങ്ങളും തണ്ണിമത്തനും ബന്ദിയുമാണ് മുഖ്യം. തികച്ചും പ്രകൃതി സൗഹൃദകൃഷി. തന്റെ കൃഷിയിടത്തിൽ എലിയും പാമ്പും മയിലുമെല്ലാമുണ്ടെന്ന് ചേതൻ. ഒന്നിനെയും നിയന്ത്രിക്കാനുള്ള ഇടപെടലുകളില്ല. ഒന്നു മറ്റൊന്നിനെ ആഹാരമാക്കും. കൂടുതൽ കർഷകരെ ജൈവക്കൃഷിയുടെ വഴി പഠിപ്പിക്കാനും കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുമുള്ള ഉൽസാഹത്തിലാണ് ചേതനിപ്പോൾ.