മൂന്നു സെന്റിലെ ആടുവളർത്തൽ

സ്ഥലപരിമിതി മൂലം കാർഷികസംരംഭങ്ങൾ തുടങ്ങാനാവാതെ വിഷമിക്കുന്നവർക്ക് മാതൃകയാവുകയാണ് കോട്ടയം എസ ്എച്ച് മൗണ്ടിനു സമീപം വട്ടമൂട് ഇളംകുളത്തുമാലിയിൽ ശ്രീലേഖാ ഗോപകുമാർ. വീടിനും മീനച്ചിലാറിനും ഇടയിലുള്ള മൂന്നു സെൻറ് സ്ഥലത്തെ രണ്ടു കൂടുകളിലായി  സങ്കരഇനം ആടുകളുെട ഉൽപാദനത്തിലൂടെ വരുമാനം കണ്ടെത്താൻ ഈ വീട്ടമ്മയ്ക്കു കഴിയുന്നു. ബീറ്റൽ, ജമുനാപ്യാരി ഇനങ്ങളും മലബാറിയും തമ്മിലുള്ള സങ്കരപ്രജനനത്തിലൂെട വളർച്ചനിരക്ക് കൂടുതലുള്ള ആട്ടിൻകുഞ്ഞുങ്ങളെ സൃഷ്ടിക്കാമെന്ന സാധ്യതയാണ് ശ്രീലേഖ പ്രയോജനപ്പെടുത്തുന്നത്. 

അഞ്ചുവർഷം മുമ്പ്  രണ്ടാടുകളുമായി ആരംഭിച്ച ഫാമിൽ ഇപ്പോൾ സ്ഥിരമായി രണ്ട് മുട്ടനാടുകളും എട്ട് പെണ്ണാടുകളും അവയുെട ആട്ടിൻകുട്ടികളുമാണുള്ളത്. പെണ്ണാടുകളിൽ മലബാറിയും മലബാറിയുടെ സങ്കരഇനങ്ങളുമുണ്ട്. എല്ലാം  ശ്രീലേഖയുെട ഫാമിൽതന്നെ ജനിച്ചുവളർന്നവ. മൂന്നുമാസം വളർച്ചയെത്തിയ ആട്ടിൻകുട്ടികളെ വിറ്റൊഴിവാക്കുമെന്നതിനാൽ അവയുടെ എണ്ണം സ്ഥിരമായിരിക്കില്ല. അന്തഃപ്രജനനം ഒഴിവാക്കാനായി മുട്ടനാടുകളെ  മാറ്റിവാങ്ങാറുണ്ട്.

ആടുകളുെട പ്രജനനത്തിലൂെട മികച്ച വരുമാനം കിട്ടുമെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി. ഒരു പെണ്ണാട് ഒരു വർഷം രണ്ടു തവണ പ്രസവിക്കും. ഓരോ പ്രസവത്തിലും ശരാശരി രണ്ട് കുഞ്ഞുങ്ങളെ വീതം കിട്ടാറുണ്ട്. എട്ടു പെണ്ണാടുകളിൽ നിന്ന് ഒരു വർഷം 30–32 കുഞ്ഞുങ്ങളെ  പ്രതീക്ഷിക്കാം. ഇവയിൽ 25 ആട്ടിൻകുട്ടികളെയെങ്കിലും വളർത്തുകാർക്ക് നൽകാൻ കഴിയുന്നു. ആരോഗ്യവും അഴകും കുറഞ്ഞവയെ കശാപ്പുകാർക്ക് കൊടുക്കുകയാണ് പതിവ്. 

വളർത്താനായി വിൽക്കുമ്പോൾ ആട്ടിൻകുട്ടികൾക്ക് ആൺ– പെൺ ഭേദമില്ലാതെ 3500–4000 രൂപ വരെ വില കിട്ടാറുണ്ട്. ബീറ്റൽ ആട്ടിൻകുട്ടികൾക്ക് വിപണിയിൽ കിലോയ്ക്ക് 750 രൂപ വരെ വിലയുണ്ടെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി.  അവയുെട സങ്കരഇനങ്ങൾക്ക് കിലോയ്ക്ക് 350 രൂപയാണ് വില. ബീറ്റലിനും അതിന്റെ സങ്കരഇനങ്ങൾക്കും വളർച്ചനിരക്ക് കൂടുതലുള്ളതിനാൽ തൂക്കം കൂടുതൽ കിട്ടുമെന്ന മെച്ചമുണ്ട്. അതേസമയം ആട്ടിൻകുട്ടികളെ തൂക്കം പരിഗണിക്കാതെ ഉദ്ദേശ വില പറഞ്ഞു വിൽക്കുന്ന രീതിയാണ് തനിക്കുള്ളതെന്ന് ശ്രീലേഖ വ്യക്തമാക്കി.

തീറ്റയായി ഗോതമ്പ് ഉമിയും പെല്ലറ്റ് കാലിത്തീറ്റയും നൽകും. പട്ടണപ്രദേശത്തെ പുരയിടത്തിൽ തീറ്റപ്പുൽകൃഷിക്ക് സാധ്യത കുറവായതിനാൽ  ആറ്റിറമ്പിലെപുല്ല് ചെത്തി നൽകും. കൂടാതെ സമീപപ്രദേശങ്ങളിൽനിന്ന് ആഴ്ചതോറും പ്ലാവില വെട്ടി നൽകാൻ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ആടിന്റെ പ്രജനനത്തിനൊപ്പം നായപ്രജനനത്തിലും  പോരുകോഴിവളർത്തലിലും ഒരു കൈ നോക്കുകയാണിവർ. ഡാഷ്ഹണ്ട് ഇനത്തിൽ പെട്ട രണ്ട് നായ്ക്കളാണ് ഇവിടുള്ളത്. വർഷത്തിൽ രണ്ടുതവണ പ്രസവിക്കുന്ന ഇവയുെട കുഞ്ഞുങ്ങൾക്ക് 1500–2000 രൂപ വില കിട്ടുന്നുണ്ട്. ഡാഷ്ഹണ്ട് നായ്ക്കൾക്ക്  കേരളത്തിൽ നിന്നു മാത്രമല്ല സംസ്ഥാനത്തിനു പുറത്തുനിന്നു പോലും അന്വേഷണങ്ങളെത്തുന്നുണ്ടെന്ന്  ശ്രീലേഖ വ്യക്തമാക്കി. യുട്യൂബിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ആടിനും നായ്ക്കുട്ടികൾക്കും ആവശ്യക്കാരെ കണ്ടെത്താൻ കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു. 

ഫോൺ– 9496639659, 9495110343