പൂവണിഞ്ഞു, യുവകർഷകരുടെ ദീർഘകാല സ്വപ്നം

കേരളത്തിന്റെ നെല്ലറയായ പാലക്കാടു ജില്ലയിലെ പല്ലശ്ശനയിൽ ജൈവ നെൽകൃഷി, വിപണന രംഗങ്ങളിൽ മുന്നേറുകയാണ് ‘സ്വാഭിമാൻ’ എന്ന കർഷക കൂട്ടായ്മ. പൂർണമായും ജൈവരീതിയിൽ വിളയിക്കുന്ന അരിയും മറ്റു കാർഷികോൽപന്നങ്ങളും സ്വാഭിമാൻ എന്ന ബ്രാൻഡിൽ വിപണിയിലെത്തിച്ചതോടെ പൂവണിഞ്ഞത് ഒരു കൂട്ടം യുവകർഷകരുടെ ദീർഘകാല സ്വപ്നം. ഇവരുടെ ഓർമകളിലെ പാലക്കാടൻ വയലേലകളിൽ ഒട്ടേറെ നാടൻ നെല്ലിനങ്ങൾ വിളഞ്ഞിരുന്നു. രാജ്യാന്തര, ദേശീയ തലങ്ങളിൽ പാലക്കാടൻ പെരുമ ഉയർത്തിപ്പിടിച്ച ഈ നെല്ലിനങ്ങൾ രുചിയിലും രോഗപ്രതിരോധശേഷിയിലും മികച്ചവയായിരുന്നു. എന്നാൽ പുതുവിത്തുകളുടെ തള്ളിക്കയറ്റത്തിൽ ഇവയിൽ പലതും അന്യംനിന്നുപോയി. ശേഷിച്ചവയുടെ കൃഷി ഏറെ ചുരുങ്ങുകയും ചെയ്തു. അന്യംനിന്നുപോകുന്ന ഈ പരമ്പരാഗത ഇനങ്ങളെ, തിരിച്ചുപിടിക്കാനാണ് സ്വാഭിമാൻ രൂപം കൊണ്ടത്. 

സ്വന്തം വയലിൽ കൃഷിചെയ്ത് ഉൽപാദിപ്പിക്കുന്ന നെല്ല് പുഴുങ്ങിക്കുത്തി അരിയാക്കിയാണ് സ്വാഭിമാൻ എന്ന പേരിൽ ഇവർ വിപണിയിലിറക്കുന്നത്. പല്ലശ്ശനയിലെ പുലരി ഫാർമേഴ്സ് ക്ലബിലെ എം. കൃഷ്ണൻകുട്ടി, ആർ. ഗിരീശൻ, കെ. പത്മനാഭൻ എന്നീ ജൈവകർഷകരാണ് ഈ കൂട്ടായ്മയിലെ സജീവ പങ്കാളികൾ. പാലക്കാടു ജില്ലയിലെ ഫാം ഫെഡിന്റെ നേതൃത്വത്തിലാണ് സ്വാഭിമാൻ പ്രവർത്തിക്കുന്നത്. സ്വാഭിമാൻ ബ്രാൻഡ് ജൈവ ഉൽപന്നങ്ങൾക്ക് കേരളത്തിന് അകത്തും പുറത്തും ആവശ്യക്കാരേറെയുണ്ട്. മാത്രമല്ല, വിദേശരാജ്യങ്ങളിൽനിന്ന് അന്വേഷണങ്ങൾ വരുന്നുമുണ്ട്.സ്വാഭിമാൻ കൂട്ടായ്മയിലെ ഗിരീശൻ തന്റെ പാടം ഒരു കഴമ ഫാം ആയി മാറ്റിക്കൊണ്ടിരിക്കുന്നു. ചെങ്കഴമ, മുള്ളൻകഴമ, കൊത്തമ്പാലരിക്കഴമ എന്നീ കഴമ ഇനങ്ങളാണ് ഇപ്പോൾ ഗിരീശന്റെ പാടത്തു വിളയുന്നത്. മറ്റു കഴമയിനങ്ങളെക്കൂടി തന്റെ പാടത്തേക്ക് എത്തിക്കാനാണ് ഗിരീശന്റെ ശ്രമം. ഗിരീശന്റെ പാടത്തു വിളയുന്ന നെല്ല് പഴയ രീതിയിൽ ചെമ്പു കലത്തിൽ പുഴുങ്ങി വെയിലത്ത് ഉണക്കിക്കുത്തി അരിയാക്കി വിൽക്കുന്നു. ഇത് ഫാമിൽനിന്ന് നേരിട്ടു വാങ്ങുന്നവരേറെ. 

ദൂരെയുള്ളവർക്ക് അയച്ചുകൊടുക്കും. പരമ്പരാഗതരീതിയിൽ കുത്തിയെടുക്കുന്ന, തവിടു കളയാത്ത  അരി കിലോയ്ക്ക് 100 രൂപയാണ് ഫാം ഗേറ്റ് വില.ഔഷധ നെല്ലിനമെന്നുകരുതുന്ന രക്തശാലിയാണ് ഗിരീശന്റെ  മറ്റൊരു സവിശേഷ ഇനം. ഇതിന്റെ അരി  കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽക്കുന്നത്. പരമ്പരാഗത ഔഷധനെല്ലിനമായ നവരയുടെ അരിയും സ്വാഭിമാൻ ബ്രാൻഡിൽ ലഭ്യമാണ്. ബിരിയാണി, നെയ്ച്ചോർ എന്നിവയ്ക്കു പറ്റിയ നെയ്ച്ചീര അരിയാണ് മറ്റൊരു ഉൽപന്നം. കമുകിൻ പൂത്താല, പാൽത്തൊണ്ടി എന്നിവ സ്വാഭിമാൻ ഇനങ്ങളിലെ പുതുമുഖങ്ങളാണ്. പൊന്നി, എഎസ്ഡി, മട്ട, ചമ്പാവ്, തവളക്കണ്ണൻ  ഇനങ്ങളുടെ അരിയും ഇവര്‍ പുറത്തിറക്കുന്നുണ്ട്. ഒപ്പം ഉണക്കലരി, പുഴുങ്ങലരി, പൊടിയരി, വറുത്ത അരിപ്പൊടി, അവൽ, തവിട്, ഇഡ്ഡലിപ്പൊടി, അരി മുറുക്ക് എന്നിങ്ങനെ 12 അരിയുൽപന്നങ്ങളും. ജൈവ അരിപ്പൊടിയും തവിടും ചേർത്ത് ബിസ്കറ്റ് ഉണ്ടാക്കാനും ലക്ഷ്യമിടുന്നു. പല്ലു തേക്കാനുള്ള  ഉമിക്കരിക്കുപോലും കമ്പോളമൂല്യമുണ്ടെന്ന് ഗിരീശൻ.

നെല്ലിനു രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കുമ്പോൾ അരിയുടെ ഗുണവും ഔഷധമൂല്യവും നഷ്ടപ്പെടുമെന്ന് ഇവർഉറച്ചു വിശ്വസിക്കുന്നു,ഭയക്കുന്നു.പാടങ്ങളിലേക്കാവശ്യമായ വിത്ത് അംഗങ്ങൾ സ്വയം ഉൽപാദിപ്പിച്ച് ഉണക്കി സൂക്ഷിക്കുന്നു.   ജൈവവളങ്ങളും സ്വന്തമായാണ് ഉണ്ടാക്കുന്നത്.  ജൈവവളത്തിനുവേണ്ടി  ഹൈറേഞ്ച് കുള്ളൻ, കാസർകോ‍ട് കുള്ളൻ, കപില, ഗീർ, കരിങ്കോട് എന്നീ നാടന്‍ ഇനം പശുക്കളെ വളര്‍ത്തുന്നു.   ജൈവകൃഷിയിലെ െവെക്കോലാണ് ഇവയ്ക്കു നല്‍കുന്നത്.   അരിയുൽപന്നങ്ങൾക്കു പുറമെ കുടംപുളി, വാളംപുളി, മഞ്ഞൾപൊടി, തുവരപ്പരിപ്പ്, ചെറുപയർ, മുതിര എന്നിവയും  ഇവര്‍ വിപണിയിലെത്തിക്കുന്നു. 

ഫോൺ: ആർ. ഗിരീശൻ: 94473 54457, എം. കൃഷ്ണൻകുട്ടി: 94965 15298,