സപ്പോർട്ടായി സപ്പോട്ട

സപ്പോട്ട

ഒരേക്കർ സ്ഥലത്ത് സമൃദ്ധമായി കായ്ചുനിൽക്കുന്ന തൊണ്ണൂറോളം സപ്പോട്ട (ചിക്കു) മരങ്ങൾ. ആകെയുള്ള പരിപാലനം ആസാംവാള വളരുന്ന മത്സ്യക്കുളത്തിലെ വെള്ളം പമ്പുചെയ്ത് വേനൽക്കാലത്ത് മാസത്തിൽ രണ്ടു നന. വരുമാനം വർഷം ഒരു ലക്ഷത്തിലേറെ.

പാലക്കാട് പൊൽപ്പുള്ളി ചമ്പത്തുകളം വീട്ടിൽ ശിവജ്ഞാനം (കണ്ണൻ) കൗതുകത്തിനാണ് സപ്പോട്ടക്കൃഷി തുടങ്ങിയത്. സമ്പൂർണ ജൈവകൃഷി. പക്ഷേ ഈ പഴത്തിനു വിപണിയിലുള്ള പ്രിയം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശിവജ്ഞാനം. അതുകൊണ്ടുതന്നെ കൃഷി രണ്ടേക്കറിലേക്കു കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.

ശിവജ്ഞാനം മത്സ്യക്കുളത്തിൽ

കേരളത്തിലെ മുൻനിര മത്സ്യക്കർഷകരിലൊരാളാണ് ശിവജ്ഞാനം. ബ്രീഡിങ് നടത്തി കാർപ് ഇനം മത്സ്യക്കുഞ്ഞുങ്ങളെ വൽതോതിൽ ഉൽപാദിപ്പിച്ചു വിൽക്കുന്നു. ഒപ്പം പതിനഞ്ച് ഏക്കറിലായി പന്ത്രണ്ട് കുളങ്ങളിൽ മത്സ്യം വളർത്തി വർഷം നൂറു ടണ്ണിലേറെ വിൽപനയും.

ആറുവർഷം മുമ്പ് കോയമ്പത്തൂർ ജില്ലയിലെ പല്ലടത്തുള്ള സുഹൃത്തുക്കളെ കാണാൻ പോയപ്പോഴാണ് ആ പ്രദേശങ്ങളിലെ സപ്പോട്ടക്കൃഷി ശ്രദ്ധയിൽപെടുന്നത്. നാട്ടുമ്പുറങ്ങളിൽ സാധാരണ കാണുന്ന ക്രിക്കറ്റ് ബോൾ രൂപത്തിലുള്ള പഴങ്ങളെക്കാൾ ആസ്വാദ്യകരമായ രുചിയും മണവുമുള്ള, നീണ്ടുരുണ്ട് ഓവൽ രൂപത്തിലുള്ള പഴങ്ങൾ.

ഒരേക്കർ സ്ഥലത്ത് മാഞ്ചിയം നട്ട് കൈപൊള്ളിയിരിക്കുന്ന സമയമായിരുന്നു അത്. പത്തു വർഷംകൊണ്ട് നാൽപത് ഇഞ്ചിലേറെ മാഞ്ചിയം വളർന്നു. പക്ഷേ തടിക്ക് തീരെ പ്രിയമില്ലാതായി, രോഗ, കീടബാധകളുമെത്തി. ഒടുവിൽ, മാനംമുട്ടെ മൂല്യമുണ്ടാവുമെന്നു പ്രതീക്ഷിച്ച മാഞ്ചിയം വിറകുവിലയ്ക്കു വിൽക്കേണ്ടി വന്നു. മാഞ്ചിയം വഞ്ചിച്ച സ്ഥലത്ത് സപ്പോട്ട നടാൻ തീരുമാനിച്ചു.

മൂപ്പെത്തിയ സപ്പോട്ട വിളവെടുക്കുന്ന ശിവജ്ഞാനം

അത്യുൽപാദനശേഷിയുള്ള സിഒ 2, പികെഎം1 എന്നീ ഹൈബ്രിഡ് ഇനങ്ങളുടെ ഒട്ടുതൈകൾ തമിഴ്നാട്ടിൽനിന്ന് എത്തിച്ചു. ഒരു വർഷം പ്രായമെത്തിയപ്പോൾ ചെടി പൂവിട്ടു. ചെടിയുടെ കരുത്തുറ്റ വളർച്ച ലക്ഷ്യമാക്കി ആദ്യത്തെ മൂന്നു വർഷങ്ങളിൽ വിരിഞ്ഞ പൂക്കൾ ഒടിച്ചുകളഞ്ഞു.

നാലു വർഷംകൊണ്ട്, ചില്ലകൾ വീശി സാമാന്യം വലുപ്പത്തിൽ സപ്പോട്ട വളർന്നുയർന്നു. ഡിസംബറിലാണ് പൂവിടീൽ തുടങ്ങുക. ജനുവരിമുതൽ ഏപ്രിൽവരെ വിളവെടുപ്പു കാലം. കായ് മൂപ്പെത്തിയോ എന്നറിയാൻ പുറന്തൊലിയിൽ ചെറുതായൊന്ന് വിരലോടിച്ചാൽ മതി. മൂപ്പെത്തിയെങ്കിൽ പച്ചനിറം തെളിയും.

രണ്ടു വർഷമായി തൊണ്ണൂറോളം മരങ്ങൾ മികച്ച വിളവു നൽകുന്നു. വർഷം മൂന്നു ടൺ പഴങ്ങൾ. മൊത്ത വില കിലോയ്ക്ക് 40 രൂപ, ചില്ലറ വില 60 രൂപയും. ഓർഗാനിക് കടക്കാർ തോട്ടത്തിൽ വന്ന് പഴമെടുക്കും. പഴമായും ഷെയ്ക് രൂപത്തിലുമാണ് വിൽപന. ജ്യൂസ്, ജാം, ജെല്ലി എന്നിവയുണ്ടാക്കാനും ഉത്തമം. മികച്ച പോഷകമൂല്യവും നല്ല മധുരവുമുള്ളതാണ് പഴമെന്നതിനാൽ തൊലിപോലും പാഴാക്കാതെ ആളുകൾ കഴിക്കാറുണ്ടത്രേ. ജൈവോൽപന്നങ്ങളോടുള്ള പ്രിയം ഏറ്റവും പ്രകടമാവുന്നത് വിഷസ്പർശമില്ലാത്ത പഴങ്ങളിലാണ്. അതുകൊണ്ടുതന്നെ ഡിമാൻഡ് അനുസരിച്ച് കൊടുക്കാൻ പറ്റുന്നില്ലെന്ന് ശിവജ്ഞാനം.

വെള്ളം കെട്ടി നിൽക്കാത്ത വരണ്ട പ്രദേശങ്ങളിൽ സപ്പോട്ട കൃഷി ചെയ്യാം. എന്നാൽ വേനലിൽ നനയ്ക്കാൻ സൗകര്യം ഉറപ്പാക്കണം. ചെടിയെ രോഗ, കീടബാധകളൊന്നും ഏശാറില്ല. കാര്യമായ പരിപാലനമോ വളപ്രയോഗമോ വേണ്ട.

പല്ലടത്തുനിന്നെത്തിയ സുഹൃത്തുക്കൾ പറയുന്നത് അഞ്ചു വർഷംകൊണ്ട് സപ്പോട്ടയ്ക്ക് ഇതിൻറെ പകുതി വളർച്ച തമിഴ്നാട്ടിൽ ലഭിക്കുന്നില്ല എന്നാണെന്നും ശിവജ്ഞാനം കൂട്ടിച്ചേർക്കുന്നു.

ഫോൺ:9447550306

സപ്പോട്ട തോട്ടം

സപ്പോട്ട കൃഷിചെയ്യാം

ഡോ. സാറാ ടി. ജോർജ്, പ്രഫസർ, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര, തൃശൂർ

വീട്ടാവശ്യത്തിനും വാണിജ്യക്കൃഷിക്കും യോജിച്ച ഫലവൃക്ഷമാണ് സപ്പോട്ട. എന്നാൽ കേരളത്തിൽ ഇതിൻറെ വാണിജ്യസാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. സാമാന്യം വലുപ്പമുള്ള ഉരുണ്ട കായ്കൾ തരുന്ന ഇനമാണ് ക്രിക്കറ്റ് ബാൾ. കാമ്പ് മാംസളവും തരികളുള്ളതുമാണ്. ഇടത്തരം വലുപ്പത്തിൽ അണ്ഡാകൃതിയിലുള്ള പഴങ്ങളാണ് പാല ഇനത്തിൻറേത്. ഓവൽ, ബദാമി, കാലിപത്തി, സിഒ1, സിഒ2, ബാരമാസി, പികെഎം1, ദ്വാരപ്പുഡി, ഛത്രി എന്നിവയാണ് മറ്റ് പ്രധാന ഇനങ്ങൾ.

ഒട്ടു തൈകൾ നട്ട് വംശവർധന നടത്താം. സപ്പോട്ട കുടുംബത്തിൽപ്പെട്ട കിർണി എന്ന മരത്തിൻറെ കുരുവിട്ടു മുളപ്പിച്ച തൈകൾ ഒട്ടിക്കാനുള്ള റൂട്ട് സ്റ്റോക്കായി ഉപയോഗിക്കാം. ഫെബ്രുവരി-മാർച്ചിലും ഒക്ടോബർ- നവംബറിലും സപ്പോട്ട കായ്ക്കുന്നു. ഒട്ടുതൈകൾ മൂÿന്നാം വർഷം മുതൽ ഫലം തന്നുതുടങ്ങും. മൂത്തകായ്കളെ തിരിച്ചറിയുക അത്ര എളുപ്പമല്ല. കായുടെ പുറത്ത് നഖംകൊണ്ടു പോറുÿമ്പോൾ പച്ച തെളിയുന്നതാണ് ഒരു ലക്ഷണം. കായ്കൾ പറിച്ചു വച്ച് പഴുപ്പിക്കാം. മികച്ച പോഷകമൂല്യമുള്ള സപ്പോട്ട തീർച്ചയായും നമ്മുടെ ഭക്ഷ്യശീലങ്ങളുടെ ഭാഗമാക്കേണ്ടതുണ്ട്.