ഞണ്ടിന്റെ കളി നടക്കില്ല, വാമദേവനോട്

വാമദേവൻ ഞണ്ടുകളുമായി

മുമ്പേ പോകുന്നവരെ പിടിച്ചു താഴ്ത്തുന്നവരാണു ഞണ്ടുകളെങ്കിലും വാമദേവന്റെ കാര്യത്തിൽ അവർ അങ്ങനെ ചെയ്തില്ല.‌ ഞണ്ടിനെ കണ്ടുവളർന്നവരാണ് ആലുംതറ മണ്ണേൽ കുടുംബം എന്ന് ഞണ്ടുകൾക്കും അറിയാം. ക്ലാപ്പനയിൽ വന്ന് ഞണ്ടിനെക്കുറിച്ച് മിണ്ടിയാൽ ആരും ചൂണ്ടിക്കാണിക്കുന്ന വീടും അതുതന്നെ. വാക്കും നോക്കും ഞണ്ടുകൃഷിയിൽ സമർപ്പിച്ച് പത്താണ്ട് പിന്നിടുകയാണ് ആലുംതറ മണ്ണേൽ വാമദേവൻ. ഒരേസമയം കൗതുകവും രസകരവുമാണ് ഞണ്ട് വിശേഷങ്ങൾ. കായലിൽ വളർന്നു കടൽ കടന്നു പോകുവാൻ തങ്ങളെ സഹായിക്കുന്ന വാമദേവനോട് ഞണ്ടുകൾക്ക് ഉദാര സമീപനം.

വീട്ടുമുറ്റത്തെ 48 സെന്റ് വരുന്ന കുളത്തിലാണു വാമദേവന്റെ ഞണ്ട് കൃഷി. കടലിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരം. കായംകുളം കായലിന്റെ തീരത്തുള്ള കുളത്തിലേക്കു തൂമ്പുകൾ വഴി ഉപ്പുവെള്ളം ഒഴുകിയെത്തും. അതാണു വാമദേവൻ ആശ്രയമാക്കിയത്. രണ്ടും കൽപ്പിച്ചു വേണം ഞണ്ടിന്റെ കൃഷിയിറക്കാൻ. ഞണ്ടുകൾ മണ്ടന്മാരല്ല. കുളത്തിന്റെ ബണ്ടുകൾ ബലമില്ലാത്തതായാൽ അവർ രക്ഷപ്പെട്ടുകളയും. ഓളത്തിൽ ഏറ്റമെത്തുന്ന നിലയിൽ നിന്നു പിന്നെയും ഒരു മീറ്റർ ഉയരത്തിലാണു വാമദേവൻ ബണ്ടുകൾ പണിഞ്ഞത്. അഞ്ചടി താഴ്ചയാണു കുളത്തിന്. ഞണ്ടിൽ രണ്ടുണ്ട് കൃഷി. വലിയ മെത്ത ഞണ്ടുകളെ ഉറച്ച മാംസമുള്ള മഡ് ഞണ്ടുകളാക്കുന്നതാണ് ഒന്ന്. കായലിൽനിന്ന് പിടിക്കുന്ന ചെറുഞണ്ടുകളെ വലുതാക്കി വളർത്തുന്നതാണ് മറ്റൊന്ന്. ഞണ്ട് കൊഴുപ്പിക്കൽ എന്ന ആദ്യത്തെ രീതിക്കാണ് ഏറെ ആദായം. ഒരു ചതുരശ്ര മീറ്ററിന് രണ്ട് ഞണ്ടുകളെന്ന ക്രമത്തിൽ കുളത്തിൽ നിക്ഷേപിക്കാം.

വലിയ കമ്പനികൾ എത്തിക്കുന്ന മെത്ത ഞണ്ടുകൾക്ക് കടിമീൻ, മത്തി, പൂഞ്ഞാവാലി എന്നീ മൽസ്യങ്ങൾ നുറുക്കിയാണു തീറ്റ നൽകുന്നത്. എന്നും തീറ്റവേണം. വള്ളക്കാർ ഉപേക്ഷിക്കുന്ന ചെറു ഞണ്ടുകളെയും വാമദേവൻ കുളത്തിലിറക്കാറുണ്ട്. അവ വളർന്നു വലിയ ഞണ്ടുകളാവാൻ മൂന്ന് മാസമെടുക്കും. വിപണനത്തിനു തയാറാകുന്ന ഞണ്ടുകൾക്കു വിവിധ ഗ്രേഡുകളുണ്ട്. 800 ഗ്രാമിനു പുറത്തുവരുന്ന എക്സൽ ഞണ്ടുകൾക്ക് 1400 രൂപയാണു കിലോ വില. 550–750 ഗ്രാം തൂക്കംവരുന്നവ ബിഗ് എന്ന വിഭാഗത്തിലാണ് അറിയപ്പെടുക. വില 1200, 350–500 ഗ്രാം മീഡിയം ഞണ്ടുകളാണ്, 500 രൂപവരും കിലോ വില. ഒരിണചേരലിൽ ഇരുപതിനായിരം കുഞ്ഞുങ്ങളുണ്ടാകുമെങ്കിലും പരസ്പരം കലഹിച്ച് കൊന്നുതിന്നുന്നവരാണു ഞണ്ടുകൾ. ഒരു ബിസിനസ് എന്ന നിലയിൽ ഇത് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്.

ഞണ്ടുകൃഷി പഠിക്കാൻ വരുന്നവർക്കും ഞണ്ടുകളെ വാങ്ങാൻ വരുന്നവർക്കും എല്ലാം നൽകാനും വാമദേവൻ‌ തയാറുമാണ്. പതിനായിരത്തിൽ പത്തിനെ മാത്രം ജീവനോടെ കിട്ടുന്ന ഞണ്ടുകളിൽ കൈയൂക്കുള്ളവൻ കാര്യക്കാരനാണ്. അവരെ കൈകാര്യം ചെയ്യാനും ആ കൈക്കരുത്ത് വേണം. ഞണ്ടുകളെ വെള്ളത്തിൽ നിന്നുയർത്തി വാമദേവൻ പറഞ്ഞു. ഫോൺ: 9895031773.