വിപ്ലവം 'അരി'കെ

കേരളത്തിൽ ഒരു വർഷം വേണ്ടത് 44 ലക്ഷം ടൺ അരി.നമ്മുടെ ഉൽപാദനം 5.8 ലക്ഷം ടൺ മാത്രം. ഹെക്ടറിൽ ശരാശരി 2.8 ടൺ.20 ലക്ഷം ടൺ അരിയെങ്കിലും പ്രതിവർഷം സംസ്ഥാനത്ത് ഉൽപാദിപ്പിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. കേരളത്തിൽ നെൽകൃഷിയുള്ളതു രണ്ടു ലക്ഷം ഹെക്ടറിൽ മാത്രം. ഇതു മൂന്നു ലക്ഷം ഹെക്ടർ ആയി വർധിപ്പിക്കുകയും ലക്ഷ്യമാണ്. മൂന്നു ലക്ഷം ഹെക്ടർ കൃഷി ചെയ്താൽ സംസ്ഥാനത്തെ ശരാശരി ഉൽപാദനം അനുസരിച്ചാണെങ്കിൽ ഒൻപതു ലക്ഷം ടൺ അരി ലഭിക്കും.

അപ്പോഴും അരിയുടെ കാര്യത്തിൽ നമ്മുടെ പരാശ്രയത്വം തുടരും.എന്നാൽ കർഷകരും കാർഷിക ശാസ്ത്രജ്ഞരും ഒത്തുചേർന്നുള്ള ശരിയായ കാർഷിക മുറകളിലൂടെ (ഗുഡ് അഗ്രിക്കൾച്ചറൽ പ്രാക്ടീസ്) നമുക്ക് ആവശ്യമുള്ള അരി ഇവിടെ ഉൽപാദിപ്പിക്കാമെന്ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തു ചൂർണിക്കര പഞ്ചായത്തിൽ തരിശുകിടന്ന 15 ഏക്കർ ചവർപാടത്തെ കൃഷി നമ്മെ പഠിപ്പിക്കുന്നു. ഹെക്ടറിനു ഒൻപതു ടൺ വിളവു ലഭിച്ചാൽ മൂന്നു ലക്ഷം ഹെക്ടറിൽ നിന്നു ലഭിക്കാവുന്ന അരി 30 ലക്ഷം ടൺ.

ആലുവയ്ക്കടുത്തു ചൂർണിക്കരയിലെ മാലിന്യം നിറഞ്ഞു കിടന്ന ചവർപാടം. ഇവിടെയാണു കൃഷിയിറക്കിയത്.

മണ്ണറിഞ്ഞു പരിചരണം

കൃഷിയിറക്കും മുൻപു പാടത്തെ മണ്ണു പരിശോധിച്ചു. കോളിഫോം ബാക്ടീരിയയുടെ അളവു 100 മില്ലി ലീറ്റർ വെള്ളത്തിൽ 480. വേണ്ടത് 0. മണ്ണിൽ കഠിനമായ അമ്ലത്വം. ഒന്നും രണ്ടും മീറ്റർ നീളത്തിൽ വേരുകളുള്ള പുൽക്കാട്. മറ്റു ഖന മൂലകങ്ങളുടെ സാന്നിധ്യവും ഭയാനകമായ രീതിയിലുണ്ട്.കൃഷിയിടത്തിന്റെ അരികിലൂടെ ചാലുണ്ടാക്കി, എസ്കവേറ്റർ ഉപയോഗിച്ചു പുല്ലു പിഴുതുമാറ്റി. ഇതിനു മാത്രം രണ്ട് ആഴ്ച വേണ്ടിവന്നു. തുടർച്ചയായി വെള്ളം കയറ്റിയിറക്കി ഘനലോഹങ്ങളും മൂലകങ്ങളും ഒഴുക്കിക്കളഞ്ഞു.

മണ്ണ് ഉഴുതുമറിച്ചു കൃഷിക്കു പരുവമാക്കി. മണ്ണു പരിശോധിച്ചു കുറവുള്ള മൂലകങ്ങൾ ഉൾപ്പെടുത്തി. ഞാറ്റടിയിൽ പാകിയ ഞാറു യന്ത്രം കൊണ്ടു നട്ടു. ഒരിക്കലും വെള്ളം കെട്ടിനിൽക്കാൻ അനുവദിച്ചില്ല, ചെടി വളരാനുള്ള ഇൗർപ്പം മാത്രം. ജീവാണുവളങ്ങൾ ഉപയോഗിച്ചതോടെ വേരുകൾ ദൃഢമായി. രോഗം വരാതിരിക്കാൻ ജൈവ കീടനാശിനികളും മിത്ര കീടങ്ങളുടെ മുട്ടകാർഡുകളും ഉപയോഗിച്ചു. സൂക്ഷ്മ മൂലകങ്ങൾ കൃത്യസമയത്തു സ്പ്രേ ചെയ്തു കൊടുത്തു.

വെള്ളം ആവശ്യത്തിനു മാത്രം നിലനിർത്തിയതുകൊണ്ട് ഓരോ കടയിലും 25–30 ചെനപ്പുകൾ പൊട്ടി. ഓരോന്നിലും കതിരുകൾ വന്നു. ശരിയായ പരിചരണം മൂലം കതിരു കൂടുക മാത്രമല്ല, പതിരു കുറഞ്ഞു, അരിമണികൾക്കു തൂക്കവും കൂടി. അപ്രതീക്ഷിത വിളവിനു കാരണം ഇതാണ്.

ചൂർണിക്കരയിലെ ചവർപാടത്തു നെൽകൃഷി ആരംഭിച്ചപ്പോൾ

ചതുരശ്ര മീറ്ററിൽ 30 ചെടികൾ

ഒരു ചതുരശ്ര മീറ്ററിൽ 30 ഞാറാണു നടേണ്ടത്. ഞാറിന്റെ കട മൂടിക്കിടക്കുന്ന രീതിയിലാണു വെള്ളമെങ്കിൽ ചെനപ്പു പൊട്ടുന്നതു കുറയും. ഓരോ ചതുരശ്ര മീറ്ററിലും 350–450 കതിരുണ്ടാവണം. ഓരോ കതിരിലും 100–120 നെൽമണികൾ. ഇതിൽ 50% പതിരായി പോകാം. 1000 നെൻമണിക്കു 28 ഗ്രാം തൂക്കം കിട്ടണം.

ഇങ്ങനെയാണു നെല്ലിനു ഹെക്ടറിനു അഞ്ചു ടൺ വിളവു പ്രതീക്ഷിക്കുന്നത്. ഇവിടെ ഒരു ചതുരശ്ര മീറ്ററിൽ 555 കതിർ വിളഞ്ഞു. ജ്യോതിയുടെ ഓരോ കതിരിലും 130–150 നെൻമണികൾ. കാഞ്ചനയിൽ ഇത് 160–168 ആണ്. പതിര് 14% മാത്രം. 1000 നെൻമണിയുടെ തൂക്കം 29 ഗ്രാം. അങ്ങനെയാണു ജ്യോതിക്ക് ഹെക്ടറിനു 9.8 ടണ്ണും കാഞ്ചനയ്ക്ക് 7.1 ടൺ വിളവും ലഭിച്ചത്.

കേരളത്തിൽ സാധാരണ കൃഷിചെയ്യുന്നത് ഉമ നെല്ലാണ്. ഇതിനു ഹെക്ടറിനു 12 ടൺ വരെയാണു വിളവു പറയുന്നത്. കോൾനിലങ്ങളിലും കുട്ടനാട്ടിലും മറ്റും ആറു ടൺ ശരാശരി ലഭിക്കാറുണ്ട്. എന്നാൽ ഉമ ‘ഉണ്ട’ അരിയും ജ്യോതിയും കാഞ്ചനയും ‘വടി’ അരിയുമാണ്. വിപണിയിൽ വടി അരിക്കുള്ള ഡിമാൻഡ് ഉണ്ട അരിക്കില്ല. 120–125 ദിവസമാണ് ഉമയുടെ കൃഷിക്കാലമെങ്കിൽ ജ്യോതിക്ക് 110 ദിവസവും കാഞ്ചനയ്ക്ക് 105 ദിവസവും മതി.

ചൂർണിക്കര മോഡൽ

മാലിന്യം നിറഞ്ഞ് ഒന്നര പതിറ്റാണ്ടു തരിശുകിടന്ന 15 ഏക്കർ പാടത്തു കാർഷിക ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ യുവാക്കൾ നടത്തിയ നെൽകൃഷിയിൽ വിത്തിന്റെ ഉൽപാദന ശേഷിയേക്കാൾ മികച്ച വിളവു ലഭിച്ചു. നെല്ലുൽപാദനം വർധിപ്പിക്കാൻ നെൽകൃഷി വർഷം ആചരിക്കുന്നതിനിടയിൽ കേരളത്തിനു പ്രതീക്ഷ നൽകുന്നതാണ് ഇൗ ഉൽപാദനമെന്നു കാർഷിക വിദഗ്ധർ പറയുന്നു.

ചൂർണിക്കരയിൽ വിളഞ്ഞ നെല്ല്

രാസ, ജൈവ മാലിന്യങ്ങൾ നിറഞ്ഞുകിടന്ന 15 ഏക്കർ ചവർ പാടത്തുനിന്നാണു ബംബർ വിളവ്. മണ്ണു സൂക്ഷ്മമായി പരിശോധിച്ച്, ആവശ്യമുള്ള മൂലകങ്ങൾ നൽകി, ആവശ്യത്തിലേറെയുള്ള മൂലകങ്ങൾ ഒഴിവാക്കി, ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ചു നടത്തിയ നിയന്ത്രിത കൃഷിയിലാണു മുന്നേറ്റം.കാർഷിക സർവകലാശാലയിൽ വികസിപ്പിച്ച കാഞ്ചന വിത്തിനു ഹെക്ടറിനു അഞ്ചുടൺ ഉൽപാദനമാണു പറയുന്നതെങ്കിലും ഇവിടെ ഹെക്ടറിനു 7.1 ടൺ വിളവു ലഭിച്ചു.

ജ്യോതി നെല്ലിനു ഹെക്ടറിനു അഞ്ചുമുതൽ ആറുവരെയാണു ഉൽപാദന ശേഷിയെങ്കിൽ ഇവിടെ വിളഞ്ഞതു ഹെക്ടറിൽ 9.86 ടൺ. കൃഷിയിലെ മൊത്തം ഉൽപാദനം 43 ടൺ. നെൽകൃഷി മേഖലയായ കുട്ടനാടും പാലക്കാടും കോൾനിലങ്ങളിലും ഇത്തരം വിളവു പ്രതീക്ഷിക്കാമെങ്കിലും മറ്റിടങ്ങളിൽ അപ്രായോഗികമാണ്.

ആലുവ ചൂർണിക്കര പഞ്ചായത്തിൽ മെട്രോ കോച്ച് റിപ്പയറിങ് യാഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ ബാക്കികിടക്കുന്ന പാടത്താണ് അടയാളം സ്വയംസഹായ സംഘത്തിലെ 17 ചെറുപ്പക്കാർ കൃഷി നടത്തിയത്. കൃഷിപ്പണികൾക്കു പാമ്പാക്കുട ഗ്രീൻ ആർമിയുടെ സഹായം ലഭിച്ചു. ചൂർണിക്കര വില്ലേജ് ഓഫിസർ ജോൺ ഷെറി, കാർഷിക സർവകലാശാലയിൽ നിന്നു വിരമിച്ച ഡോ.എൻ.കെ. ശശിധരൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കൃഷി.

ഫുൾമാർക്ക്

തരിശുകിടന്ന പാടത്ത് വൻവിളവുണ്ടാക്കിയെന്നതല്ല, ഇൗ നേട്ടത്തിന്റെ പ്രത്യേകത. ശരിയായ കാർഷിക മുറകളിലൂടെ നമുക്ക് ആവശ്യമായ അരി നമ്മുടെ സംസ്ഥാനത്തു തന്നെ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന സൂചനയാണ് ഇതു നൽകുന്നത്. ശരിയായ കാർഷിക മാനേജ്മെന്റ്, ശരിയായ ജല വിനിയോഗം, മൂലകങ്ങളുടെയും സൂക്ഷ്മ മൂലകങ്ങളുടെയും കൃത്യസമയത്തുള്ള ലഭ്യത എന്നിവയാണു ഇൗ വിളവിനു പുറകിൽ.

കൃഷിയിടം ഒരുക്കൽ മുതൽ കൊയ്തെടുത്ത നെല്ലു കുത്തി അരിയാക്കി പായ്ക്കറ്റിൽ നിറയ്ക്കും വരെയുള്ള ചെലവ് 15 ഏക്കറിനു 6.7 ലക്ഷം രൂപയാണ്. കൃഷി വകുപ്പിന്റെ ‘ആത്മ’ പദ്ധതിയിൽ ജില്ലയിൽ നടപ്പാക്കിയ കൃഷി എന്ന നിലയിൽ 5.9 ലക്ഷം രൂപ സബ്സിഡിയായി ലഭിച്ചു. കുത്തിയെടുത്ത അരിയുടെ വില കണക്കാക്കിയാൽ 12 ലക്ഷം രൂപയിലേറെ വരും.

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണു വിളവു നിശ്ചയിച്ചത്. ചൂർണിക്കര കുത്തരി എന്ന പേരിൽ ഇൗ അരി കുറഞ്ഞ വിലയ്ക്കു പഞ്ചായത്തിലെ ഓരോ വീട്ടിലും വിതരണം ചെയ്യുമെന്നു പഞ്ചായത്തു പ്രസിഡന്റ് എ.പി. ഉദയകുമാർ പറഞ്ഞു.