വർഷങ്ങളായി തരിശുകിടക്കുന്ന ഭൂമിയിൽ ജൈവ കപ്പകൃഷി ഇറക്കുന്നു

ഏലൂക്കര സർവീസ് സഹകരണ ബാങ്കിന്റെ ജൈവകപ്പക്കൃഷി തോട്ടം. 20 വർഷമായി തരിശുകിടന്ന സ്ഥലമാണിത്.

അരികിലൂടെ പെരിയാർ ഒഴുകിയിട്ടും വർഷങ്ങളായി തരിശുകിടക്കുന്ന അറുപതോളം ഏക്കർ സ്ഥലത്തു ജൈവ കപ്പകൃഷി വികസനത്തിനു തടമൊരുങ്ങുന്നു. സ്വന്തമായി രണ്ടു ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുള്ള എറണാകുളം ഏലൂക്കര സർവീസ് സഹകരണ ബാങ്കാണ് ഈ കാർഷിക മുന്നേറ്റത്തിനു നേതൃത്വം നൽകുന്നത്. ഇഷ്ടിക നിർമാണത്തിനു മണ്ണെടുത്ത് ഉപയോഗശൂന്യമായ ഏഴേക്കർ സ്ഥലത്തു മൂന്നു മാസമായി ജൈവ കപ്പകൃഷി നടത്തുന്ന ബാങ്ക് അതിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കുന്നത്. ഗ്രോ ബാഗുകൾക്കു പകരം പച്ചക്കറി വിത്തുകൾ പാകി മുളപ്പിച്ച ചെടിച്ചട്ടികൾ കടുങ്ങല്ലൂർ പഞ്ചായത്തിലെ മുഴുവൻ വീട്ടുകാർക്കും സൗജന്യമായി നൽകി ആ രംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതിയും നടപ്പാക്കും.

രാസവസ്തുക്കൾ ചേർക്കാത്ത പാലും ഉടൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. കൊള്ളപ്പലിശക്കാരുടെ കെണിയിൽ അകപ്പെട്ടവർക്കു പലിശ രഹിത വായ്പ നൽകിയും സുപ്രിയ ബ്രാൻഡ് വെളിച്ചെണ്ണ വിപണിയിൽ ഇറക്കിയും ഏലൂക്കര ബാങ്ക് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ലെൻസ് ആൻഡ് ഫ്രെയിംസ്’ കണ്ണട ഷോറൂമുകളുടെ ഉടമ ഇടപ്പള്ളി സ്വദേശി ഉസ്മാൻ സൗജന്യമായി വിട്ടുകൊടുത്ത ഏഴേക്കറിൽ ജൈവകപ്പ നട്ടുകൊണ്ടാണ് 89 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്ക് നേരിട്ടു കാർഷിക രംഗത്തേക്കു കടന്നത്. ഇരുപതിനായിരത്തോളം മൂടു കപ്പ വളർന്നതോടെ വരണ്ടുണങ്ങി കിടന്ന ആ സ്ഥലം പച്ച ചൂടി.

ആറു മാസം കൂടി കഴിഞ്ഞാൽ ഇതു വിളവെടുപ്പിനു പാകമാകും. പത്തു സ്ത്രീ തൊഴിലാളികളാണ് ട്രാക്ടറിന്റെ സഹായത്തോടെ കപ്പ കുത്താൻ തടമൊരുക്കിയത്. വളമിടുന്നതും പരിചരിക്കുന്നതും അവർ തന്നെ. നിലമൊരുക്കാൻ ട്രാക്ടറിന്റെ വാടകയിനത്തിൽ ഒരു ലക്ഷം രൂപ ചെലവായി. പ്രതിദിനം 400 രൂപയാണ് സ്ത്രീ തൊഴിലാളികൾക്കു കൂലി. കപ്പ കൃഷിയിലൂടെ മൂന്നു മാസത്തിനുള്ളിൽ 200 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ബാങ്കിനു കഴിഞ്ഞു. കൂടുതൽ സ്ഥലത്തേക്കു കപ്പകൃഷി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനാൽ സ്വന്തമായി ട്രാക്ടർ വാങ്ങാനാണ് തീരുമാനം. ജലസമൃദ്ധിയുള്ള നാടാണെങ്കിലും ഏലൂക്കര, കയന്റിക്കര പ്രദേശങ്ങളിൽ നൂറുകണക്കിന് ഏക്കർ ഭൂമി വർഷങ്ങളായി കൃഷി ചെയ്യാതെ തരിശു കിടക്കുന്നുണ്ട്.

ഇതിൽ 50 ഏക്കറാണ് രണ്ടാം ഘട്ടത്തിൽ കപ്പകൃഷിക്കായി ഉപയോഗിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യാൻ ബാങ്കിനു തൽക്കാലം പദ്ധതിയില്ല. നാട്ടിൽ വിവിധ കാരണങ്ങളാൽ തരിശുകിടക്കുന്ന ഭൂമി സൗജന്യമായി നൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവിടെ കൃഷിയിറക്കി മണ്ണിനെ ഫലഭൂയിഷ്ടമാക്കിയ ശേഷം ഉടമകളെ തിരിച്ചേൽപിക്കുമെന്നു ബാങ്ക് പ്രസിഡന്റ് ടി.എം. സെയ്തുകുഞ്ഞ്, സെക്രട്ടറി സി.എം. സക്കീർ എന്നിവർ പറഞ്ഞു. വീട്ടാവശ്യത്തിനുള്ള പച്ചക്കറി എല്ലാ വീടുകളിലും ഉണ്ടാക്കാൻ വേണ്ടിയാണ് വിളകൾ ചെടിച്ചട്ടികളിലാക്കി വീടുകളിൽ എത്തിച്ചു കൊടുക്കുന്നത്.

മണ്ണിര കംപോസ്റ്റ് അടക്കമുള്ള ജൈവവളം ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്. 1946–ലാണ് ബാങ്ക് പെരിയാറിൽ രണ്ടു ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ സ്ഥാപിച്ചത്. 35, 15 എച്ച്പി വീതമുള്ള രണ്ടു മോട്ടോറുകളിൽ നിന്നുള്ള വെള്ളം കനാലുകൾ വഴി എല്ലായിടത്തും എത്തിക്കുന്നു. കനാലുകളിൽ നിന്നു കിണറുകളിലേക്ക് ഉറവു ലഭിക്കുന്നതിനാൽ വേനൽക്കാലത്തും കാര്യമായ ജലദൗർലഭ്യമില്ല. നെൽകൃഷിക്കു വേണ്ടിയാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സ്ഥാപിച്ചത്. ഇപ്പോൾ പുരയിട കൃഷിക്കും ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്. പമ്പിങ്ങിനു ചെലവാകുന്ന തുക മാത്രമേ കർഷകരിൽ നിന്ന് ഈടാക്കുന്നുള്ളൂ.