പ്രണയത്തിന്റെ കുമ്പളവള്ളിയും പയറിലത്തളിരും

ഫെലീനയും ഭർത്താവ് എറിക് മോറിസും വീടിനു മുകളിലെ പച്ചക്കറിത്തോട്ടത്തിൽ.

2005 ലെ പ്രണയദിനം. ഫെലീനയ്ക്കു ഭർത്താവിന്റെ പ്രണയോപഹാരമായി ലഭിച്ചതു 40 പ്ലാസ്റ്റിക് കണ്ടെയ്നറുകൾ; കൃഷി നടത്താനുള്ളവ. മുൻപു ചെറു സമ്മാനക്കൈമാറ്റങ്ങളിൽ പ്രണയദിനം ഒതുക്കിയിരുന്ന ഇരുവർക്കും വേറിട്ട ആഘോഷമായിരുന്നു ആ വർഷത്തെ പ്രണയദിനം. വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) പരസ്യമായിരുന്നു പ്രചോദനം. വീടുകളിലെ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവ നൽകിയത്. ഫെലീനയും ഭർത്താവ് എറിക്കും ചേർന്ന് ഇവ സ്വന്തമാക്കി.ഭർത്താവിന്റെ പ്രണയദിന സമ്മാനത്തിന്റെ ഊർജത്തിൽ, കണ്ടെയ്നറുകളിൽ ഫെലീന കൃഷി ആരംഭിച്ചു. കുമ്പളം, മത്തൻ, പാവലം, പയർ... പിന്നാലെ ഇത്തരം 20 കണ്ടെയ്നർകൂടി വാങ്ങി.

അങ്ങനെ കൃഷി തഴച്ചു വളര്‍ന്നു. ഇന്നു ഫെലീനയ്ക്കും ഭർത്താവിനും മികച്ച അടുക്കളത്തേ‌ാട്ടം സ്വന്തമായുണ്ട്. അന്നു സമ്മാനിച്ച കണ്ടെയ്നറുകൾ പലതും വർഷം പലതു കഴിഞ്ഞതോടെ പൊട്ടിപ്പോയെങ്കിലും കൃഷി ഉഷാറായി തുടരുന്നു.ചാർട്ടേഡ് അക്കൗണ്ടന്റാണ് എറിക് മോറിസ്. മുൻപും ഇപ്പോഴും പ്രണയദിനത്തിൽ ചെറു സമ്മാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും ഇത്ര വേറിട്ട സമ്മാനം ലഭിച്ചിട്ടില്ലെന്നു ഫെലീനയുടെ വാക്കുകൾ. പച്ചക്കറി കൃഷിക്കൊപ്പം അൽപം മീൻവളർത്തലും മറ്റുമായി കലൂർ ഷേണായി ക്രോസ് റോഡിലെ വിനൽ എന്ന വീട്ടിൽ ഇപ്പോഴും പ്രണയം തളിർത്തു നിൽക്കുന്നു.