Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോയാബീൻ കൃഷിയും സംസ്കരണവും

soybean സോയാബീൻ

പയർവർഗ വിളകളിലൊന്നാണ് സോയാബീൻ. നമ്മുടെ പച്ചക്കറിത്തോട്ടങ്ങളിലെ ഒരു പുത്തൻ അതിഥി എന്നിതിനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ കേരളത്തിലെ എല്ലാ കാർഷികമേഖലകളിലും ഇതിന്റെ കൃഷി ആരംഭിച്ചിട്ടുണ്ട്. ഇവിടെ നന്നായി വളരും, നല്ല വിളവു കിട്ടും. നമ്മുടെ വീട്ടമ്മമാർ അധികം മൂപ്പെത്തുന്നതിനു മുൻപ് കായ്കൾ പറിച്ചെടുത്ത് തോരനും ഉപ്പേരിയുമായി ഉപയോഗിക്കുന്നു. മണ്ണിലെ നൈട്രജൻ അളവു കൂട്ടാനും ഈ പയർവർഗവിളയ്ക്കു കഴിയുന്നു.

കനത്ത മഞ്ഞും വേനലും ഒഴിവാക്കി കൃഷിയിറക്കുക. വെള്ളക്കെട്ടില്ലാത്ത മണൽ കലർന്ന വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഉത്തമം. മേയ് – ജൂണ്‍ മാസങ്ങളിൽ കൃഷിയി‌റക്കാം. മൂപ്പ് നാലു മാസം. കാലവർഷാരംഭത്തില്‍ കൃഷിയിറക്കുന്നത് നല്ല ഫലം ചെയ്യും. മഴക്കാലത്തു പൂവിടുന്നത് വിളവിനെ ബാധിക്കുന്നതായി കാണുന്നു. മഴക്കാലത്തു വാരമെടുത്ത് വിത്തിടുക. 2–5 സെ.മീ. താഴ്ചയിലിടുന്നത് മണ്ണിലെ ഈർപ്പനില കണക്കാക്കിയാണ്. ചെടികള്‍ തമ്മിലുള്ള അകലം 20X20 സെ.മീറ്റർ മതിയാകും.

അടിസ്ഥാനവളമായി ജൈവവളങ്ങൾ ചേർത്തതിനു പുറമേ അടിവളമായി ഹെക്ടറിനു യൂറിയ 40 കി.ഗ്രാം, രാജ്ഫോസ് 150 കി.ഗ്രാം, പൊട്ടാഷു വളം 20 കി.ഗ്രാം എന്നിവ കലർത്തി ചേർക്കുകയും വേണം.

കളവളർച്ച കൂടുതലായാല്‍ അവ നീക്കി മണ്ണടുപ്പിക്കണം. കീടരോഗബാധ പൊതുവെ കുറവാണ്. എന്തെങ്കിലും കണ്ണിൽപ്പെട്ടാൽ വിദഗ്ധോപദേശം വാങ്ങി പ്രതിവിധി ചെയ്യണം.

മൂപ്പെത്തുന്നതോടെ കായ്കൾ പറിച്ചെടുത്ത് ഉണങ്ങി വിത്ത് വേർപെടുത്താം. മൂന്നു വർഷംവരെ വിത്ത് കേടാകാതെ സൂക്ഷിക്കാം.

സോയാപാൽ തയാറാക്കുന്ന വിധം: നല്ലതുപോലെ വിളഞ്ഞു പാകമായ സോയാവിത്തുകൾ കഴുകി വൃത്തിയാക്കിയതിനുശേഷം 8–10 മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിർക്കുക. കുതിർത്തെടുത്ത വിത്ത് അമർത്തി പുറന്തൊലി വേർപെടുത്തുക. പരിപ്പു കഴുകി വൃത്തിയാക്കി നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഇടവിട്ടു പുഴുങ്ങി വീണ്ടും അരച്ചു തയാറാക്കിയ മാവിൽ 6–8 ഇരട്ടി വെള്ളം ചേർത്തു തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ഒരിക്കൽക്കൂടി ചെറുതായി ഇളക്കിക്കൊണ്ടു തിളപ്പിക്കണം. ഇനിയിത് അഞ്ചു ദിവസത്തേക്കു ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇടയ്ക്കിടെ തിളപ്പിച്ചുവച്ചാൽ കേടാകാതെ സൂക്ഷിപ്പുകാലം ദീർഘിപ്പിക്കാവുന്നതാണ്.

സോയാപയറിന് ഒരു ദുർഗന്ധമുണ്ട്. ഇതു നീക്കാൻ ചൂടു കഞ്ഞിവെള്ളത്തിൽ അരമണിക്കൂർ നേരം മുക്കിയിട്ടതിനുശേഷം തണുത്തവെള്ളം വീഴ്ത്തി കഴുകിയെടുത്താൽ മതിയാകും.