Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷത്തിലെ കാപ്പി കാർഷിക മുറകൾ

coffee-bean

കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ജില്ലയിൽ കാപ്പി കർഷകർ ജൂൺ മാസത്തിൽ പ്രത്യേക കാർഷിക മുറകൾ സ്വീകരിക്കണമെന്ന് കോഫി ബോർഡ് അറിയിച്ചു. തണൽ വൃക്ഷങ്ങളുടെ നടീൽ, കമ്പച്ചീറുകൾ നീക്കം ചെയ്യൽ, അരയടി തുറക്കൽ, കള നീക്കം ചെയ്യൽ, നഴ്സറി പരിപാലനം, കാപ്പിക്കായ് തുരപ്പൻ പുഴുവിനെ നിയന്ത്രിക്കൽ എന്നിവ അനുവർത്തിക്കണം.

കാപ്പിച്ചെടികളുടെ കായിക വളർച്ച ത്വരിതപ്പെടുന്ന ഈ സമയത്ത് അധികം വരുന്ന കമ്പുകൾ കോതി ഒതുക്കിയും കമ്പച്ചീറുകൾ നീക്കം ചെയ്തു ചെടികളെ ഒരുക്കണം. കാപ്പിയുടെ പ്രധാന തടിക്ക് അരയടി ചുറ്റളവിൽ പുതിയ ശാഖകൾ നീക്കം ചെയ്ത് വായുസഞ്ചാരം വർധിപ്പിക്കുകയും സൂര്യപ്രകാശം ചെടിക്കുള്ളിലേക്ക് എത്താനും സഹായിക്കണം. കൂടാതെ കാപ്പിയെ ബാധിക്കുന്ന പ്രധാന കുമിൾ രോഗമായ അഴുകൽ തടയുന്നതിന് അരയടി തുറക്കൽ ഗുണം ചെയ്യും.

നഴ്സറികളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജലനിർഗമന ചാലുകൾ തുറക്കണം. തണൽ കൂടുതലുള്ള തോട്ടങ്ങളിൽ മരങ്ങളുടെ ശാഖകൾ മുറിച്ചുമാറ്റി സൂര്യപ്രകാശം കാപ്പിച്ചെടികളിലേക്ക് എത്തിക്കണം. ചെടികളുടെ മുകളിൽ ഒൻപത് മുതൽ 12 മീറ്റർ വരെ ഉയരം കണക്കാക്കി വേണം ശാഖകൾ മുറിക്കേണ്ടത്. ചെരിവുള്ള ഭൂമിയിൽ ഇടവിട്ട് ചെറിയ കിടങ്ങുകൾ എടുക്കണം. നിരപ്പായ തോട്ടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി ചാലുകീറി അധികജലം കുളങ്ങളിലേക്കോ മറ്റ് സംഭരണികളിലേക്കോ തിരിച്ചുവിടണം. കായ്തുരപ്പൻ പുഴുവിന്റെ ആക്രമണം നിയന്ത്രിക്കാനായി ബ്യുവേറിയ ബാസിയാത എന്ന മിത്രകുമിൾ ചെടികളിൽ തളിക്കാവുന്നതാണെന്നും ഡപ്യൂട്ടി ഡയറക്ടർ ഡോ.എം. കറുത്തമണി അറിയിച്ചു. പുതുതായി കൃഷി ആരംഭിക്കുന്ന തോട്ടങ്ങളിൽ മുന്തിയ റോബസ്റ്റ ഇനങ്ങളായ എസ്–274, സി x ആർ എന്നിവയ്ക്ക് മുൻഗണന നൽകണം.