ഓണം വരുന്നു ഒരുമുറം മുൻപേ!

വെണ്ട

വെണ്ട, പയർ, പച്ചമുളക്, തക്കാളി, വഴുതന, ചീര, പാവയ്ക്ക എന്നിവയാണു നമുക്ക് പ്രയാസമില്ലാതെ മുറ്റത്തും തൊടിയിലും കൃഷി ചെയ്യാവുന്നത്. മഴക്കാലത്തും ഇവ നന്നായി വിളവുതരും. തക്കാളിയും ചീരയും മാത്രമാണ് ശക്തമായ മഴയിൽ നശിക്കാൻ സാധ്യത.

കൃഷിരീതി

മഴ ശക്തിയായി പെയ്യുമ്പോൾ വെള്ളം കെട്ടിനിന്നു കൃഷി നശിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു മൺചട്ടിയിലോ ചാക്കിലോ ഗ്രോ ബാഗിലോ കൃഷിചെയ്യുന്നതാണ് ഉത്തമം. മണ്ണ്, ചകിരിച്ചോറ്, ചാണകം എന്നിവയാണു നിറയ്‌ക്കേണ്ടത്. രണ്ടു കിലോഗ്രാം മണ്ണ് ഒരു കിലോഗ്രാം ചകരിച്ചോറ്, ഒരു കിലോഗ്രാം ചാണകപ്പൊടി എന്നതാണ് അനുപാതം. 20 ഗ്രാം സ്യൂഡോമോണസ് ചേർക്കണം. 50 ഗ്രാം കടലപ്പിണ്ണാക്ക്, 50 ഗ്രാം എല്ലുപൊടി എന്നിവയും ചേർക്കാം.

മണ്ണിലാണു കൃഷിയെങ്കിൽ കൂടുതൽ കാലിവളം അടിവളമായി ചേർക്കണം. ഉയർന്ന വാരം (മൺകൂന) ഉണ്ടാക്കിയാണ് മഴക്കാലത്തു കൃഷി ചെയ്യേണ്ടത്. പച്ചിലകൾ ചേർത്തും മണ്ണ് പോഷകസമ്പുഷ്ടമാക്കാം.

വെണ്ട

മണ്ണൊരുക്കി വിത്ത് നേരിട്ടു നടാം. വിത്താഴം എന്നതാണു കണക്ക്. വിത്ത് നട്ടശേഷം ശക്തിയായി മഴ തുടർന്നാൽ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. ചെടികൾ തമ്മിൽ മുക്കാൽ മീറ്റർ അകലമുണ്ടാകണം. രണ്ടാഴ്‌ച തോറും ചാണകവെള്ളം ഒഴിച്ചുകൊടുക്കാം.

പച്ചമുളക്

പച്ചമുളക്

തൈകൾ മുളപ്പിച്ച് പറിച്ചു നട്ടാണ് പച്ചമുളക് കൃഷി ചെയ്യുന്നത്. മഴക്കാലത്തും വേനലിലും പച്ചമുളകു കൃഷിചെയ്യാം. വിത്ത് മുളപ്പിച്ച് 15 ദിവസം പ്രായമാകുമ്പോൾ പറിച്ചുനടാം. ചെടികൾ തമ്മിൽ അരമീറ്റർ അകലം നല്ലതാണ്. ചാണകമാണു പച്ചമുളകിന് ഏറ്റവും നല്ല വളം. രണ്ടാഴ്ച കൂടുമ്പോൾ ചാണകവെള്ളവും പശുവിന്റെ മൂത്രവും ചേർത്ത് ഒഴിക്കാം. ഇലപ്പുള്ളി, വൈറസ് ബാധ എന്നിവയാണ് പ്രധാന ശത്രുക്കൾ.

പയർ

പയർ

നന്നായി പടരാൻ സാധ്യതയുള്ള സ്ഥലത്താണു പയർ കൃഷി ചെയ്യേണ്ടത്. മഴക്കാലത്തും വേനലിലും നല്ല വിളവുതരും. ചെടികൾ തമ്മിൽ 20 സെന്റീമീറ്റർ അകലം വേണം. പയർപേൻ, കായതിന്നുന്ന പുഴു, ചിത്രകീടം എന്നിവയാണു പ്രധാനശത്രുക്കൾ. പയർപേനിന് പുകയിലക്കഷായവും ചിത്രകീടത്തിനു വേപ്പെണ്ണ എമൽഷനുമാണു നല്ലത്.

പാവൽ

പാവൽ

മണ്ണൊരുക്കുമ്പോൾ ചാണകം അടിവളമായി ചേർത്തുകൊടുക്കണം. പച്ചിലവളമാണു പാവലിന് ഏറ്റവും നല്ലത്. വിത്തു മുളപ്പിച്ചാണു നടുന്നത്. പരുത്തിത്തുണിയിൽ വിത്തു കെട്ടി നനവുള്ള മണ്ണിൽ കുഴിച്ചിടുക. മുളയ്ക്കുന്നതിൽ നല്ല ചെടികൾ തിരഞ്ഞെടുത്തു നടാം. ചെടികൾ തമ്മിൽ ഒരു മീറ്റർ അകലം വേണം. രണ്ടാഴ്‌ച കൂടുമ്പോൾ ചാണക ലായനി ഒഴിച്ചുകൊടുക്കുക.

കീടബാധ പെട്ടെന്നുണ്ടാകുന്നതിനാൽ നന്നായി ശ്രദ്ധിക്കണം. വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം ഉത്തമമാണ്.

തക്കാളി

തക്കാളി

മഴ നേരിട്ടേൽക്കാത്ത സ്ഥലത്തു തക്കാളി നടുന്നതാണു നല്ലത്. ചെടിയുടെ കടയ്ക്കൽ വെള്ളം കെട്ടിനിന്നാൽ പെട്ടെന്നുതന്നെ ചീഞ്ഞുപോകും. മഴമറ കൃഷിയിൽ മഴക്കാലത്തും തക്കാളി നന്നായി വിളയും. (തക്കാളിയുടെ ഇപ്പോഴത്തെ വില നോക്കുമ്പോൾ അൽപം പ്രയാസപ്പെട്ടാലും നഷ്ടമില്ല).

തൈകൾ മുളപ്പിച്ച് പറിച്ചുനടുന്നതാണു രീതി. ചെടികൾ തമ്മിൽ മുക്കാൽ മീറ്റർ അകലം വേണം. നടുമ്പോൾ തൈകൾ സ്യൂഡോ മോണാസിൽ മുക്കിയെടുക്കണം. മുളച്ച് 15 ദിവസം കഴിഞ്ഞാൽ പറിച്ചു നടാം. പിഴുതെടുക്കുമ്പോൾ വേരുകൾ പൊട്ടാതെ നോക്കണം. മണൽനിറച്ച ചാക്കിലോ പാത്രത്തിലോ തൈകൾ മുളപ്പിക്കുന്നതാണു നല്ലത്. 

വെളുത്തുള്ളി എമൽഷൻ, ഫിഷ് എമൽഷൻ എന്നിവ കൊണ്ട് കീടങ്ങളെ അകറ്റാം. രണ്ടാഴ്‌ച കൂടുമ്പോൾ ചാണകവും പിണ്ണാക്കും പുളിപ്പിച്ച ലായനി നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം.

ചീര

ചീര

തൈകൾ മുളപ്പിച്ചും നേരിട്ടും കൃഷി ചെയ്യാം. മഴ നേരിട്ടേൽക്കാത്ത സ്ഥലത്താണ് ചീര കൃഷി ചെയ്യേണ്ടത്. ഒരുമാസം കൊണ്ട് വിളവെടുക്കാം. മണ്ണൊരുക്കുമ്പോൾ മണലും ചകിരിച്ചോറും ചേർക്കാം. ചാണകവും ചാരവും അടിവളമായി ഇടണം. പശുവിന്റെ മൂത്രമാണു ചീരയുടെ ഏറ്റവും നല്ല വളം. വെള്ളം ചേർത്തു നേർപ്പിച്ച് ആഴ്‌ചതോറും ഒഴിച്ചുകൊടുക്കാം.

വഴുതന

വഴുതന

രണ്ടുവർഷത്തോളം ഒരു ചെടി വിളവു തരും. തൈകൾ മുളപ്പിച്ച് പറിച്ചു നടാം. ചാരവും ചാണകവുമാണ് പ്രധാനവളം. ഏതുകാലാവസ്‌ഥയിലും വഴുതന കൃഷിചെയ്യും. 20 ദിവസം പ്രായമായാൽ തൈകൾ പറിച്ചുനടാം. മഴക്കാലത്ത് കീടബാധ കൂടുതലാണ്. ചാണകവും ചാരവും വേപ്പിൻപിണ്ണാക്കും ചേർത്ത മണ്ണിൽ രണ്ടുമീറ്റർ അകലത്തിൽ തൈ നടണം.  വേപ്പെണ്ണ എമൽഷൻ കീടനാശിനിയായി ഉപയോഗിക്കാം.

കീടശല്യം

മഴക്കാല കൃഷിക്ക് ഏറ്റവും വലിയ വില്ലൻ കീടങ്ങളാണ്. മണ്ണൊരുക്കത്തിൽ തന്നെ കീടങ്ങളെ നശിപ്പിക്കാനുള്ള കരുതൽ വേണം. മണ്ണിലുള്ള നിമാവിരകൾ വേരിലൂടെ കയറി ചെടി നശിപ്പിക്കും. വേപ്പിൻ പിണ്ണാക്ക് കലർത്തിയാൽ നിമാവിരകൾ നശിക്കും.

മണ്ണിൽ കുമ്മായം ചേർക്കുന്നതും നല്ലതാണ്. മിത്രകുമിളായ ട്രൈക്കോഡെർമ, സ്യൂഡോമോണാസ് എന്നിവയും മണ്ണിൽ ചേർക്കാം.