കീട– രോഗ നിയന്ത്രണം പ്രകൃതിദത്തമായി

Representative image

രാസവസ്‌തുക്കളില്ലാതെ തികച്ചും ജൈവികമായി വിളകളിൽ കീട–രോഗ നിയന്ത്രണം സാധ്യമാണ്. ഇതിനുതകുന്ന ലായനികൾ നമുക്ക് വീട്ടിൽതന്നെ അധികം ചെലവില്ലാതെ ഉണ്ടാക്കാം.

പുകയില കഷായം: അര കിലോഗ്രാം പുകയിലയോ, പുകയില ഞെട്ടോ ചെറുതായി അരിഞ്ഞു നാലര ലീറ്റർ വെള്ളത്തിൽ മുക്കി ഒരു ദിവസം വെയ്‌ക്കുക. വെള്ളത്തിൽ മുക്കിവെച്ച പുകയില കഷണങ്ങൾ പിഴിഞ്ഞ് പുകയിലച്ചണ്ടി മാറ്റുക. 120 ഗ്രാം ബാർസോപ്പ് അര ലീറ്റർ വെള്ളത്തിൽ ചെറുതായി അരിഞ്ഞു ലയിപ്പിച്ചെടുത്ത ലായനി പുകയിലച്ചാറുമായി ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം 6–7 ഇരട്ടി വെള്ളം ചേർത്തു തളിച്ചാൽ മൃദുശരീരികളായ കീടങ്ങളെ നിയന്ത്രിക്കാം.

വേപ്പിന്‍കുരു മിശ്രിതം: 10 ഗ്രാം വേപ്പിൻകുരു നന്നായി അരച്ചോ, പൊടിച്ചോ തുണിക്കിഴിയിൽ കെട്ടി 12 മണിക്കൂർ നേരം ഒരു ലീറ്റർ വെള്ളത്തിൽ മുക്കിവെയ്‌ക്കുക. കുരുവിന്റെ സത്ത് നന്നായിയൂറി ഇറങ്ങത്തക്കവണ്ണം കിഴി ഞെക്കി പിഴിയണം. ഇങ്ങനെ കിട്ടുന്ന 0.1% വീര്യമുള്ള വേപ്പിൻമിശ്രിതം ഇലതീനി പുഴുക്കൾ, തുള്ളൻ എന്നിവയെ നിയന്ത്രിക്കാൻ നല്ലതാണ്.

മണ്ണെണ്ണക്കുഴമ്പ്: ബാർ സോപ്പ്, മണ്ണെണ്ണ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. 500 ഗ്രാം സാധാരണ ബാർസോപ്പ് അരിഞ്ഞു നാലര ലീറ്റർ വെള്ളത്തിൽ ചെറുതായി ചൂടാക്കി ലയിപ്പിക്കുക. ലായനി തണുക്കുമ്പോൾ ഇതിലേക്കു 9 ലീറ്റർ മണ്ണെണ്ണ നന്നായി ഇളക്കിക്കൊണ്ട് പകരുക. ഇതിൽ 15 –20  ഇരട്ടി വെള്ളം ചേർത്ത് ഇളക്കിയ ശേഷം ചെടികളിൽ തളിക്കാം. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ സഹായിക്കും.

വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം: രണ്ടു ശതമാനം വീര്യത്തിൽ 10 ലീറ്റർ വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം ഉണ്ടാകുന്നതിന് 200 മി.ലീ വേപ്പെണ്ണ 200 ഗ്രാം വെളുത്തുള്ളി, 50 ഗ്രാം ബാർസോപ്പ് എന്നിവ വേണ്ടിവരും. ബാർസോപ്പ് ചീകിയെടുത്ത് 500 മി.ലീ ഇളം ചൂടുവെള്ളത്തിൽ നല്ലതുപോലെ ലയിപ്പിച്ച്‌ 200 മി.ലീ വേപ്പെണ്ണയുമായി ചേർത്ത് ഇളക്കി പതപ്പിക്കണം. വെളുത്തുള്ളി നല്ലപോലെ അരച്ച് സത്ത് പിഴിഞ്ഞെടുത്തു വെള്ളം ചേർത്ത് ഇളക്കി 300 മി.ലീ ആക്കി വേപ്പെണ്ണ സോപ്പുമായി ചേർത്ത് ഇളക്കുക. ഇങ്ങനെ തയാറാക്കിയ ഒരു ലീറ്റർ മിശ്രിതത്തിലേക്ക് ഒമ്പതു ലീറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

ബോർഡോ മിശ്രിതം: 100 ഗ്രാം തുരിശ് പൊടിച്ച് അഞ്ചു ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. 100 ഗ്രാം നീറ്റുകക്ക അഞ്ചു ലീറ്റർ വെള്ളത്തിൽ വേറെ ലയിപ്പിക്കുക. തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കി ചേർക്കുക. ഈ ലായനി തേച്ചുമിനുക്കിയ ഒരു ഇരുമ്പുകത്തി കുറച്ചു നേരം മുക്കിവെയ്‌ക്കുക. കത്തിമുനയിൽ ചെമ്പിന്റെ പൊടി അടിയുന്നതായി കാണുന്നുവെങ്കിൽ കുറച്ചുകൂടി ചുണ്ണാമ്പുലായനി അൽപാൽപമായി ചേർക്കുക. നല്ലതുപോലെ തയാർ ചെയ്‌ത ബോർഡോ മിശ്രിതത്തിന് നല്ല നീലനിറമായിരിക്കും. ബോർഡോ മിശ്രിതം തയാറാക്കാൻ ചെമ്പു പാത്രമോ മൺപാത്രമോ, പ്ലാസ്‌റ്റിക് പാത്രമോ ഉപയോഗിക്കണം. മാത്രമല്ല മിശ്രിതം ഉണ്ടാക്കിയത് അപ്പോൾ തന്നെ ഉപയോഗിക്കണം.

ബോർഡോ കുഴമ്പ്: 100 ഗ്രാം തുരിശ് അര ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. 100 ഗ്രാം നീറ്റുകക്ക വേറെ അര ലീറ്റർ വെള്ളത്തിൽ കലക്കി തുരിശുലായനിലേക്ക് ചേർത്താൽ ഒരു ലീറ്റർ ബോർഡോ കുഴമ്പ് തയാറായി.

വിലാസം: Kerala agriculture university students, College of Horticulture, Vellanikkara, Thrissur -680656
Ph no. 8301027584