കുരുമുളകു തൈയുണ്ടാക്കാന്‍ നാഗപ്പതിവയ്‌ക്കൽ; കൃഷിക്കൊപ്പം അധിക വരുമാനം

കുരുമുളകിന്റെ ധാരാളം മുന്തിയ ഇനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയുടെ നടീൽവസ്തുക്കള്‍ ആവശ്യത്തിനു ലഭ്യമല്ല. എന്നാല്‍ നല്ല വിളവു നല്‍കുന്ന ഒരു കൊടിയിൽനിന്നു കർഷകനു വേണ്ടത്ര നടീൽവസ്തുക്കൾ  സ്വയം  ഉല്‍പാദിപ്പിക്കാനാവും. ഇതിനു ലളിതമായ മാർഗമാണ് നാഗപ്പതിവയ്ക്കല്‍ അഥവാ സർപ്പന്റൈൻ രീതി.

ചെന്തലകള്‍: വള്ളിതിരഞ്ഞെടുക്കലാണ് ആദ്യ ഘട്ടം. ചെന്തല (കൊടിയുടെ ചുവട്ടിൽനിന്ന് ഭൂമിക്കു സമാന്തരമായി വളരുന്ന വള്ളികൾ– റണ്ണേഴ്‌സ്)കളില്‍നിന്നാണ് നടീൽവസ്തുക്കൾ ഒരുക്കേണ്ടത്. നല്ല കായപിടിത്തമുള്ള വള്ളികളുടെ ചെന്തലകള്‍ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ചുവടു ചേർത്ത് വെട്ടിയെടുക്കുക. ഒക്‌ടോബർ–ഡിസംബർ മാസങ്ങളിൽ മുളകു വിളഞ്ഞ് പഴുക്കാൻ തുടങ്ങുമ്പോഴാണ് മാതൃസസ്യത്തെ തിരഞ്ഞെടുക്കാൻ പറ്റിയ സമയം. നേരത്തെതന്നെ ഇത്തരം ചെന്തലകള്‍ കണ്ടെത്തി അവയെ നിലംതൊടാത്തവിധം ചുറ്റിയെടുത്ത് ഒരു കമ്പിൽ കൊരുത്തിടുന്നത് പിന്നീട് പതിവയ്‌ക്കുമ്പോൾ പെട്ടെന്നു വേരുപിടിച്ചു കിട്ടാൻ സഹായകമാകും. ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ ഈ ചെന്തലകൾ  മുറിച്ചെടുത്തു നടാം.

നടീൽവസ്തു ഒരുക്കൽ: മുറിച്ചെടുത്ത ചെന്തല രണ്ടു  മുട്ട് നീളമുള്ള ചെറിയ കഷണങ്ങളാക്കണം. ചുവട് ചരിച്ചുവേണം മുറിക്കാൻ.

പോട്ടിങ് മിശ്രിതം: മണ്ണ്, മണൽ, ജൈവവളം ഇവ തുല്യ അളവിൽ കൂട്ടിച്ചേർത്ത് പോട്ടിങ് മിശ്രിതം തയാറാക്കുക. നീർവാർച്ചയ്ക്കായി ദ്വാരങ്ങളിട്ട പോളിത്തീൻ കൂടുകളിൽ ഇതു നിറയ്ക്കുക. ചെറുതായി നനയ്‌ക്കുക.

കൂടുകളിൽ നടീല്‍: നേരത്തെ തയാറാക്കിയ രണ്ടു മുട്ട് വീതമുള്ള നടീൽവസ്തുക്കളെ ഈ കൂടുകളിൽ നടുക. ഒരു മുട്ട് പൂർണമായും പോട്ടിങ് മിശ്രിതത്തിലേക്ക് ആഴ്‌ത്തിവേണം നടാൻ. രണ്ടാമത്തെ മുട്ട് ഉൾപ്പെടുന്ന ചെറിയ ഒരു ഭാഗം മാത്രം മുകളിൽ കാണുന്ന തരത്തിൽ നടീലിന്റെ ആഴം ക്രമീകരിക്കുക. മിശ്രിതം വിരൽകൊണ്ട് അമർത്തി ഉറപ്പിക്കുക. അല്‍പം നനച്ചുകൊടുക്കണം.

പുതയിടൽ: അമിതമായ മഴയോ വെയിലോ തടുക്കാൻ െതെകള്‍ക്കു പാണൽപോലെയുള്ള വലിയ ഇലകൾകൊണ്ട് പുത  നൽകാം.

നാഗപ്പതിവയ്‌ക്കൽ: നടീൽ‌വസ്തുക്കള്‍ മൂന്നു മാസംകൊണ്ടു വേരുപിടിച്ച്, നാഗപ്പതി വയ്‌ക്കാൻ പാകമാകും. ഇതിനോടകം വള്ളി ഏകദേശം ഒന്നരയടിയോളം നീളം വയ്ക്കും. ഒരു കൂടിനു സമീപം പോട്ടിങ് മിശ്രിതം നിറച്ച നാലോ അഞ്ചോ കൂടുകൾ വരിവരിയായി അടുക്കിവയ്‌ക്കുക. ഇവയിലെ പോട്ടിങ് മിശ്രിതത്തിൽ തൊടുംവിധം വള്ളി വളച്ച് ഒാരോ കൂടിലും ഒരു മുട്ട് എന്ന തോതിൽ മിശ്രിതത്തിലേക്ക് ഇറക്കിവയ്‌ക്കുക. ഓരോ കൂടിലും അല്‍പം കൂടി മിശ്രിതം നിറച്ചുകൊടുത്താൽ നന്ന്. എന്നും ചെറിയ തോതിൽ നനയ്‌ക്കണം. വള്ളി വളരുന്ന മുറയ്‌ക്ക് കൂടുകളുടെ എണ്ണം വർധിപ്പിക്കണം.

വേരുപിടിപ്പിച്ച െതെകള്‍: വേരുപിടിപ്പിച്ച തൈകൾ മുറിച്ചു വേർപെടുത്തുക. ഏകദേശം ഒരു മാസംകൊണ്ട് ഒാരോ മുട്ടിലും വേരിറങ്ങി ഓരോ കൂടിലും പുതിയ തൈകൾ തയാറായിരിക്കും. ഇവയെ മൂർച്ചയുള്ള ബ്ലേഡ്കൊണ്ട് തമ്മിൽ വേ ർപെടുത്തിയ ശേഷം വീണ്ടും നനച്ചു കൊടുക്കണം. വേരു പിടിച്ച നടീൽവസ്തുക്കൾ തയാർ. ഒരു കൂടിൽനിന്നു ധാരാളം നടീൽവസ്തുക്കൾ ഇപ്രകാരം ലഭിക്കും. കൃഷിയോടൊപ്പം നടീൽവസ്തുക്കളും ഉല്‍പാദിപ്പിച്ച് കർഷകർക്കു  വരുമാനം  വർധിപ്പിക്കാൻ  നാഗപതിവയ്ക്കൽ ഉപകരിക്കും. 

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്, കൃഷിവിജ്ഞാനകേന്ദ്രം, കാസർകോട്. ഫോൺ: 9539742086