Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറ്റത്തൊരു കശുമാവ്

cashew

കശുമാവ്, കർഷകനു വീണ്ടും കാശ് കൊണ്ടുവന്നു തുടങ്ങി. ആവശ്യവും ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അന്തരമാണ് കശുമാവ് കൃഷിയിലേക്കു വീണ്ടും തിരിയാൻ കർഷകർക്കു ധൈര്യം നൽകുന്നത്. 

മുൻകാലങ്ങളിൽ കശുവണ്ടിപ്പരിപ്പ് പ്രധാനമായും കയറ്റുമതി ഉൽപന്നമായിരുന്നെങ്കിൽ ഇന്നതിന് ആഭ്യന്തര വിപണിയിലും നല്ല പ്രിയമാണ്. 1985ൽ 1,38,000 ഹെക്ടർ പ്രദേശത്ത് കശുമാവ് കൃഷിയുണ്ടായിരുന്നെങ്കിൽ റബർ കൃഷി വ്യാപിച്ചതോടെ അത് 52,000 ഹെക്ടറായി ചുരുങ്ങി. എന്നാൽ ഇന്ന് കഥ മാറി. ലഭ്യത കുറയുകയും ആവശ്യം ഉയരുകയും ചെയ്യുന്നതോടെ മികച്ച വിലയും  വിലസ്ഥിരതയും ഉറപ്പായി. 2016–17 സീസണിൽ കേരളത്തിലെ കർഷകർക്കു തോട്ടണ്ടി കിലോയ്ക്ക് ശരാശരി 150 രൂപയിലേറെ വില ലഭിച്ചു. 2016–17 കാലയളവിൽ  കശുമാവു കൃഷിയുടെ വിസ്തൃതി 87000 ഹെക്ടറിലേക്കു കയറി.

എത്ര മോശമായ മണ്ണിലും വളരുമെന്നത് കശുമാവിന്റെ നേട്ടമാണ്. മാടക്കത്തറ, ആനക്കയം ഗവേഷണ കേന്ദ്രങ്ങളിൽ ഉരുത്തിരിച്ച അത്യുൽപാദനശേഷിയുള്ള ഇനങ്ങളുടെ ഗ്രാഫ്റ്റ് തൈകൾ ലഭ്യമായതും കൃഷിക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഒരു മരത്തിൽനിന്ന് ഒരു സീസണിൽ 12 കിലോ മുതൽ   20 കിലോ വരെ വിളവു നൽകുന്ന ഇനങ്ങൾ മൂന്നു വർഷംകൊണ്ടു ഫലം നൽകിത്തുടങ്ങുന്നു.

ഹെക്ടറിന് 200 മരങ്ങൾ എന്നതാണു നിലവിലുള്ള ശുപാർശ. എന്നാൽ മരങ്ങൾ തമ്മിലുള്ള അകലം കുറച്ച് (ശരാശരി വളക്കൂറുള്ള മണ്ണിൽ 4x4 മീറ്റർ) ഹെക്ടറിൽ 625 മരങ്ങൾ വരെ നടാവുന്ന അതിസാന്ദ്രതാ കൃഷിയാണ് ഗവേഷകരും കർഷകരും ലക്ഷ്യമിടുന്നത്. മരങ്ങൾ തമ്മിലുള്ള അകലം 5x5 മീറ്റർ നിശ്ചയിച്ച് ഹെക്ടറിൽ 400 മരങ്ങൾ എന്ന ലക്ഷ്യം ചില കർഷകർ കൈവരിച്ചു കഴിഞ്ഞു.

ഇടവിളക്കൃഷിയിലൂടെ ആദായമെടുക്കാം. പൈനാപ്പിൾ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, മരുന്നുചെടികൾ എന്നിവ കൃഷി ചെയ്യാം.  കശുമാങ്ങയുടെ മൂല്യവർധന ഉൽപന്നങ്ങൾ വനിതകൾക്കും സ്വയംതൊഴിൽ തേടുന്നവർക്കും മികച്ച സംരംഭസാധ്യതയാണ്.

വിവരങ്ങൾക്കു കടപ്പാട്: 

ഡോ. എ.ശോഭന, മാടക്കത്തറ 

കശുമാവു ഗവേഷണ കേന്ദ്രം മേധാവി

crsmadakkathara@kau.in

എ.അഷ്റഫ്, കെഎസ്‍എസിസി 

കോഓർഡിനേറ്റർ, 

തെക്കൻ മേഖല– 9496046000

പരിശീലനം

കേരള കാർഷിക സർവകലാശാലയിലെ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രത്തിൽ അത്യുൽപാദനശേഷിയുള്ള ഇനങ്ങളുടെ ഗ്രാഫ്റ്റ് തൈ ലഭ്യമാണ്. വില തൈ ഒന്നിന് 50 രൂപ. ഉൽപന്നങ്ങളുടെ നിർമാണത്തിൽ പരിശീലനവും ലഭിക്കും. കശുമാവുകൃഷി വികസന ഏജൻസിയുടെ സഹകരണത്തോടെ കൃഷി പരിശീലനവും സെമിനാറുകളും നടത്തുന്നു.

ഫോൺ: 0487–2370339, 2376800.

അത്യുൽപാദനശേഷിയുള്ള കശുമാവിനങ്ങൾ

അത്യുൽപാദനശേഷിയുള്ള പതിനാറ് കശുമാവിനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഉയർന്ന മലമ്പ്രദേശങ്ങൾ ഒഴികെ കേരളത്തിൽ എവിടെയും കൃഷി ചെയ്യാം. മാടക്കത്തറ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത 11 ഇനങ്ങളും ആനക്കയത്തു വികസിപ്പിച്ചെടുത്ത അഞ്ചിനങ്ങളും തമിഴ്നാട്ടിലെ ഒരിനവുമാണ് കേരളത്തിലെ കൃഷിക്കായി ശുപാർശ ചെയ്തിട്ടുള്ളത്. 

എല്ലാ ഇനങ്ങൾക്കും ഒരു ചെടിയിൽ നിന്നും പ്രതിവർഷം 15 മുതൽ 25 കിലോ വരെ വിളവു ലഭിക്കും.

മാടക്കത്തറ ഇനങ്ങൾ:

1. കെ. 22 1 

2. മാടക്കത്തറ 1 

3. മാടക്കത്തറ 2 

4. കനക 

5. ധന

6. പ്രിയങ്ക

7. സുലഭ

8. അമൃത

9. ദാമോദർ

10. രാഘവ്

11. പൂർണിമ

ആനക്കയം ഇനങ്ങൾ

1. ആനക്കയം 1

2. ധരശ്രീ

3. അക്ഷയ

4. അനഘ

5. ശ്രീ

 തമിഴ്നാട് ഇനം

വൃദ്ധാചലം 3

സഹായം, സബ്സിഡി

കശുമാവുകൃഷി വ്യാപിപ്പിക്കാൻ 2007ൽ സ്ഥാപിതമായതാണു കേരള സ്റ്റേറ്റ് ഏജൻസി ഫോർ ദി എക്സ്പാൻഷൻ ഓഫ് കാഷ്യൂ കൾട്ടിവേഷൻ (കെഎസ്‍എസിസി). 

കെഎസ്‍എസിസി നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ

∙ കശുമാവ് പുതുകൃഷി (കർഷകരിലൂടെ)

തൈകൾ സൗജന്യമായി നൽകുന്നതോടൊപ്പം തൈ ഒന്നിന് 60 രൂപ, രണ്ടാം കൊല്ലം കഴിഞ്ഞ് നിബന്ധനകൾക്കു വിധേയമായി ഒറ്റത്തവണ ധനസഹായം.

∙ തോട്ട നിർമാണം

രണ്ട് ഹെക്ടറും അതിൽകൂടുതലും കൃഷി ചെയ്യുന്നവർക്ക് തൈക സൗജന്യമായി നൽകുന്നതോടൊപ്പം ഹെക്ടറിന് 13000 രൂപ നിലം ഒരുക്കുന്നതിന് ധനസഹായം.

 ∙ മുറ്റത്തൊരു കശുമാവ്

കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്റ്സ് അസോസിയേഷൻ, കശുവണ്ടി തൊഴിലാളികൾ, സ്കൂൾ കുട്ടികൾ, എന്നിവർക്കു വേണ്ടി പ്രത്യേക പദ്ധതി. വീട്ടുമുറ്റത്ത് നിയന്ത്രിച്ചു വളർത്താവുന്ന ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു.

∙ മൂല്യവർധിത ഉൽപന്ന യൂണിറ്റ്

മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക ജ്ഞാനവും പരിശീലനവും മാടക്കത്തറ കാഷ്യു റിസർച് സ്റ്റേഷൻ വഴി നൽകും.യൂണിറ്റ് ആരംഭിക്കാൻ രണ്ടുലക്ഷം രൂപ സഹായം.

∙ കർഷക കൂട്ടായ്മ

ജില്ലകൾതോറും കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഒരു പ്രദേശത്ത് 20 മുതൽ 25വരെയ കർഷകരടങ്ങുന്ന കൂട്ടായ്മ ലക്ഷ്യം. 

∙ അതിസാന്ദ്രതാ കൃഷി

നിലവിൽ കെഎസ്‍എസിസി ഒരു ഹെക്ടറിന് 200 തൈകൾ നടുന്ന രീതിയാണ് ശുപാർശ ചെയ്യുന്നത്. ഇത് 625 തൈകൾ നടുന്ന രീതിയിൽ പദ്ധതി ഈ വർഷംമുതൽ പരിഷ്കരിക്കുന്നു.

 ∙ മാതൃകാ കശുമാവിൻതോട്ടം

സർക്കാർ, അർധസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ മാതൃകാ തോട്ടങ്ങൾ ഉണ്ടാക്കുക ലക്ഷ്യം. പുതിയ ഇനം തൈകളും കൃഷി രീതികളും കർഷകരെ പരിചയപ്പെടുത്തുന്ന പദ്ധതി.

ഏജൻസിയുടെ വിലാസം: 

അരവിന്ദ് ചേംബേഴ്സ്, 

മുണ്ടയ്ക്കൽ വെസ്റ്റ്, 

കൊല്ലം–1 ഫോൺ: 04742760456